മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ഫെബ്രുവരി ഒന്ന് ഞായറാഴ്ച തന്നെ നടക്കും. രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം ആരംഭിക്കും.
ഞായറാഴ്ച ആണെങ്കിലും അന്നേദിവസം ഓഹരി വിപണി പ്രവർത്തിക്കും.
ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇയും ബിഎസ്ഇയും സ്ഥിരീകരിച്ചു. ബജറ്റ് പ്രഖ്യാപനങ്ങളോട് തൽസമയം പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം നൽകുകയാണ് ലക്ഷ്യം.
സാധാരണ പ്രവൃത്തിദിനങ്ങളിലെ പോലെ രാവിലെ 9.15 മുതൽ വൈകിട്ട് 3.30 വരെയായിരിക്കും ബജറ്റ് ദിനത്തിലും ഓഹരി വിപണികൾ പ്രവർത്തിക്കുക.
കഴിഞ്ഞവർഷം ബജറ്റ് അവതരണം നടന്ന ശനിയാഴ്ചയും ഓഹരി വിപണി പ്രവർത്തിച്ചിരുന്നു. 2017 മുതലാണ് കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിച്ച് തുടങ്ങിയത്.
ഇതൊരു സ്ഥിരം തീയതിയായി കണ്ടാണ് ഇക്കുറി ഞായറാഴ്ചയാണെങ്കിലും ബജറ്റ് അവതരണവുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്.
നിർമല സീതാരാമന്റെ 9-ാമത്തെ ബജറ്റാണിത്. തുടർച്ചയായി 8 ബജറ്റുകൾ അവതരിപ്പിച്ച ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് കഴിഞ്ഞവർഷം നിർമല സ്വന്തമാക്കിയിരുന്നു.
ഇന്ത്യയിലെ ആദ്യ ‘പൂർണസമയ’ വനിതാ ധനമന്ത്രി എന്ന പട്ടം 2019ൽതന്നെ നിർമല നേടിയിരുന്നു.
ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലുള്ള റെക്കോർഡിലേക്ക് ഒരുപടി കൂടി നിർമല അടുക്കും. ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിയുടെ പേരിലാണ് (10).
കഴിഞ്ഞ വർഷത്തേതുപോലെ ഓഹരി വിപണിക്കും ബിസിനസ് ലോകത്തിനും സാധാരണക്കാർക്കും വൻ പ്രതീക്ഷകളാണ് ഇത്തവണത്തെ ബജറ്റിലുമുള്ളത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കനത്ത ‘തിരിച്ചടി തീരുവ’ ആഘാതത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര വിപണിക്ക് കൂടുതൽ ഊന്നൽ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ഒട്ടുമിക്ക ഉൽപന്ന/സേവനങ്ങൾക്കും വമ്പൻ നികുതിയിളവുമായി ‘ജിഎസ്ടി 2.0’ നടപ്പാക്കിയത്. മിഡിൽ ക്ലാസ് മധുരംകഴിഞ്ഞ ബജറ്റിൽ മിഡിൽ-ക്ലാസിന് മധുരം വിളമ്പി നിർമല, 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇതിനു പിന്നാലെയായിരുന്നു ജിഎസ്ടി 2.0 ഇളവുകളും വന്നത്.
റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഗുണം ചെയ്തു. ഈ സാമ്പത്തിക ‘ആനുകൂല്യ’ പരിഷ്കാരങ്ങളുടെ തുടർച്ചയായിരിക്കും 2026ലെ ബജറ്റെന്നാണ് വിലയിരുത്തലുകൾ.
ഉപഭോക്തൃവിപണിക്ക് കൂടുതൽ പിന്തുണയേകുന്ന പ്രഖ്യാപനങ്ങൾ നികുതിയിളവുകളായി ബജറ്റിൽ പ്രതീക്ഷിക്കാം. ഇതിനായാണ് ഓഹരി വിപണിയും കാതോർക്കുന്നത്.
ഇന്ത്യൻ ഓഹരി വിപണികളുടെ വരുംദിവസങ്ങളിലെ ചലനത്തിന്റെ ദിശ നിയന്ത്രിക്കുക ബജറ്റ് പ്രതീക്ഷകളായിരിക്കും.
∙ ഉപഭോക്തൃവിപണിക്ക് കരുത്തേകാൻ ആദായ നികുതിയിൽ വീണ്ടും മാറ്റങ്ങൾ പ്രതീക്ഷിക്കാം.
∙ 24 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവരാണ് നിലവിൽ ഏറ്റവും ഉയർന്ന നികുതി നിരക്കായ 30% അടയ്ക്കുന്നത്. 30% നികുതിക്കുള്ള വരുമാനപരിധി 30 ലക്ഷമോ 50 ലക്ഷം രൂപയോ ആക്കിയേക്കും.
∙ പഴയ ആദായനികുതി വ്യവസ്ഥ പിന്തുടരുന്നവരുടെ എണ്ണം ഇപ്പോൾ നാമമാത്രം.
85-90 ശതമാനം നികുതിദായകരും പുതിയ വ്യവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ നിർമല പഴയ വ്യവസ്ഥ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചാലും അതിശയിക്കേണ്ട.
∙ കഴിഞ്ഞ ബജറ്റിൽ ഇന്ത്യയുടെ ജിഡിപിയിലെ കടത്തിന്റെ അനുപാതം 56.1 ശതമാനമായിരുന്നു.
ഇത്തവണ 54-55 ശതമാനത്തിലേക്ക് താഴ്ത്തിയേക്കും.
∙ ഇന്ത്യ ഈ വർഷം ഉന്നമിടുന്ന ജിഡിപി വളർച്ചനിരക്ക് 7.3 ശതമാനമാണ്. അതു നിലനിർത്താനും അടുത്തവർഷവും 7 ശതമാനത്തിൽ കുറയാത്ത വളർച്ച ഉറപ്പാക്കാനുമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.
മാനുഫാക്ചറിങ് മേഖലയ്ക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

