ഇന്ത്യയ്ക്ക് ഇപ്പോൾ കടുത്ത തലവേദനയാകുന്നത് യുഎസ് പ്രസിഡന്റ് ട്രംപോ അദ്ദേഹം പുതുതായി പ്രഖ്യാപിച്ച ‘റഷ്യൻ മോഡൽ’ 25% തീരുവ ഭീഷണിയോ മാത്രമല്ല; മറിച്ച് പ്രക്ഷോഭത്താൽ ‘കത്തുന്ന’ ഇറാൻ നേരിടുന്ന കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയും.
ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ മേഖലയിലെ ചബഹാറിൽ ഏകദേശം 4,500 കോടി രൂപ നിക്ഷേപത്തോടെ ഇന്ത്യ സജ്ജമാക്കിയ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനം ഏറക്കുറെ തുലാസിലായി. തുറമുഖ പദ്ധതിയുമായി എങ്ങനെ മുന്നോട്ടുപോകാനാകുമെന്നത് സംബന്ധിച്ച് കേന്ദ്രം കൂടിയാലോചനകൾ നടത്തുന്നുണ്ട്.
ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കുമേൽ 25% അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഇതിൽ ചബഹാർ തുറമുഖത്തെ പ്രവർത്തനവും ട്രംപ് ഉൾപ്പെടുത്തിയാൽ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. അമേരിക്കയിലേക്ക് പോകുന്ന ഇന്ത്യൻ ഉൽപന്നങ്ങളുടെ മൊത്തം തീരുവ നിലവിലെ 50ൽ നിന്ന് 75 ശതമാനമാകും.
ഇറാനുമേലുള്ള ഉപരോധം നേരത്തേ ട്രംപ് ചബഹാറിനും ബാധകമാക്കിയിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവും വൈകാതെ യുഎസ് അവസാനിപ്പിച്ചേക്കുമെന്ന ആശങ്കയുമുണ്ട്.
പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് വ്യാപാരത്തിനായി കടക്കാനുള്ള ഇന്ത്യയുടെ നിർണായക ‘കവാടമാണ്’ ചബഹാർ.
2034 വരെ തുറമുഖം നിയന്ത്രിക്കാനുള്ള കരാർ ഇന്ത്യയ്ക്ക് ഇറാൻ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യ ചബഹാറിൽ വൻ നിക്ഷേപത്തോടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചത്.
ഇറാൻ രാഷ്ട്രീയ പ്രക്ഷോഭത്തിൽ അസ്ഥിരമായാൽ ഇന്ത്യയ്ക്ക് ഇറാനിലെ ബിസിനസ് സാന്നിധ്യത്തിൽ നിന്ന് പിന്മാറേണ്ടി വന്നേക്കാം.
നിലവിൽ ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണ്. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധമുള്ള ഇറാനിയൻ എണ്ണ വലിയതോതിൽ വാങ്ങുന്നുമുണ്ട് ചൈന.
ഇറാനിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് ഇന്ത്യ പിൻവലിഞ്ഞാൽ അവസരം മുതലെടുത്ത് ചൈന ആ പദ്ധതികളിലേക്ക് കടന്നുകയറിയേക്കാമെന്ന ആശങ്കയുമുണ്ട്.
സാമ്പത്തിക പിന്തുണ നൽകി ഒപ്പം നിൽക്കുന്ന ചൈന പോലുള്ള രാജ്യങ്ങൾക്ക് കരാർ നൽകാൻ ഇറാനും മുതിർന്നേക്കും.
നേരത്തേ സൗദി അറേബ്യയോട് ചേർന്ന് ഇറാനിലുള്ള ഫർസാദ്-ബി വാതകപ്പാടത്ത് ഇന്ത്യൻ കമ്പനിയായ ഒഎൻജിസിയുടെ ഉപകമ്പനിയായ ഒഎൻജിസി വിദേശിന് പ്രവർത്തന പങ്കാളിത്തമുണ്ടായിരുന്നു. പിന്നീട് ഈ പദ്ധതിയിൽ നിന്ന് ഇറാൻ ഇന്ത്യയെ ഒഴിവാക്കുകയും പ്രാദേശിക കമ്പനികൾക്ക് കരാർ നൽകുകയും ചെയ്തു.
അഫ്ഗാനിലേക്കും മധ്യേഷ്യയിലേക്കും കടക്കാനുള്ള നിർണായക കവാടമായതിനാൽ ചബഹാറിനെ കൈവിടുന്നത് ഇന്ത്യയ്ക്ക് വലിയ ആഘാതമാകും.
2021ൽ ഇറാനും ചൈനയും ഒപ്പുവച്ച ചൈന-ഇറാൻ സഹകരണ കരാറിൽ ഇറാനിൽ ആഴക്കടൽ തുറമുഖം സജ്ജമാക്കുന്നതും സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, മേഖലയിൽ ചൈനയിൽ നിന്ന് കനത്ത വെല്ലുവിളിയുമാണ് ഇന്ത്യയ്ക്ക് നേരെ ഉയരുന്നത്.
പ്രക്ഷോഭം, അമേരിക്കയുടെ ആക്രമണം തുടങ്ങിയവ മൂലം ഇറാനിയൻ ഭറണകൂടം വീണാലോ ഇറാൻ സാമ്പത്തികമായി തളർന്നാലോ സാമ്പത്തിക പിന്തുണ ഉൾപ്പെടെ നൽകി ചൈന രംഗത്തുവന്നേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
ഇറാൻ നേരിടുന്ന സാമ്പത്തിക ഞെരുക്കം ഇപ്പോഴേ ഇന്ത്യയെ വലയ്ക്കുന്നുണ്ട്. ഇറാനിലേക്ക് പോകേണ്ട
2,000 കോടിയിൽപ്പരം രൂപയുടെ ബസ്മതി ഉൾപ്പെടെയുള്ള അരി തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

