ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ഉറപ്പിക്കുംമുൻപേ ഇന്ത്യയുമായി വമ്പൻ ഡീൽ ഒപ്പുവയ്ക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കളെത്തുന്നു. ഇക്കുറി റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലേയെൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് അഥിതികൾ.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ വമ്പൻ സ്വതന്ത്ര വ്യാപാരക്കരാറിലും ഇവർ ഒപ്പിട്ടേക്കും.
ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ച അന്തിമഘട്ടത്തിലായെന്ന് ട്രംപും കേന്ദ്ര വാണിജ്യ മന്ത്രാലയവും അടിക്കടി പറയുന്നുണ്ടെങ്കിലും എന്ന് ഒപ്പുവയ്ക്കുമെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സമയപരിധിയൊന്നും വയ്ക്കാനാവില്ലെന്നാണ് ഇന്നലെയും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയത്.
കൃഷിയെ തൊടേണ്ട
ഇന്ത്യയുടെ കാർഷിക, ക്ഷീര വിപണി തുറന്നുകിട്ടണമെന്ന ട്രംപിന്റെ പിടിവാശിക്ക് കേന്ദ്രസർക്കാർ വഴങ്ങാത്തതാണ് കരാർ പ്രഖ്യാപനം വൈകുന്നതിന് പിന്നിലെന്നാണ് സൂചനകൾ.
എന്നാൽ, യൂറോപ്യൻ യൂണിയൻ ഇത്തരത്തിൽ ഇന്ത്യയോട് കടുംപിടിത്തം കാട്ടാത്തത് ഇന്ത്യയ്ക്ക് വലിയ നേട്ടവുമാണ്.
ട്രംപ് ചുമത്തിയ 50% തീരുവമൂലം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ബദൽ വിപണികൾ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനും ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാരക്കരാർ വലിയ കരുത്താകും.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിലാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ചത്.
ഇതേ നടപടി യൂറോപ്യൻ യൂണിയനും എടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ പരമ്പരാഗത വ്യാപാര പങ്കാളിയാണെന്നും ഇന്ത്യയുമായി വ്യാപാര ഡീൽ ഉറപ്പിച്ച് മുന്നോട്ടുപോകാനാണ് താൽപ്പര്യമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ വളരുന്ന സമ്പദ്ശക്തിയാണെന്നും തീരുവ കൂട്ടാനല്ല, തീരുവ കുറച്ച് വ്യാപാരബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ഇയു അംഗമായ ഫിൻലൻഡും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്, കൂപ്പുകുത്തി ക്രൂഡ് ഓയിൽ
ഏത് നിമിഷവും യുഎസ് ഇറാനെ ആക്രമിക്കും. പ്രതികാരമെന്നോണം ഇറാൻ ഖത്തറിലെയും മറ്റും യുഎസ് സൈനിക കേന്ദ്രങ്ങളും ആക്രമിക്കും – കഴിഞ്ഞ ഏതാനും ദിവസമായി ലോകം കടന്നുപോയത് ഇത്തരം റിപ്പോർട്ടുകളിലൂടെയായിരുന്നു.
എന്നാൽ, ഇറാനെതിരെ സൈനികനീക്കം തൽക്കാലമില്ലെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതോടെ ആശങ്ക തൽക്കാലം പടികടന്നു.
എന്നാൽ, ട്രംപിന്റെ വാക്കുകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കൂപ്പുകുത്തി. ഒറ്റയടിക്ക് 5% ഇടിവ്.
സമീപകാലത്തെ ഏറ്റവും വലിയ വീഴ്ച. യുഎസ്-ഇറാൻ സംഘർഷമുണ്ടായാൽ ഇറാനിലെയും ഗൾഫ് മേഖലയിലെയും എണ്ണവിതരണം തടസ്സപ്പെടുമെന്നും വില കത്തിക്കയറുമെന്നും ആശങ്കയുണ്ടായിരുന്നു.
ട്രംപിന്റെ വാക്കുകൾക്ക് പിന്നാലെ ക്രൂഡ് വില ഇടിയുകയായിരുന്നു. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 59 ഡോളറിലേക്കും ബ്രെന്റ് വില 63 ഡോളറിലേക്കുമാണ് ഇടിഞ്ഞത്.
ഓഹരിക്ക് പ്രതീക്ഷ ബജറ്റിൽ
ഇന്ത്യൻ ഓഹരി വിപണികൾ ഒരുദിവസത്തെ അവധിക്ക് ശേഷം ഇന്നു വീണ്ടും തുറക്കുമ്പോൾ മുന്നിലുള്ളത് നേട്ടം കൊയ്യാമെന്ന പ്രതീക്ഷയാണ്.
ഗിഫ്റ്റ് നിഫ്റ്റി രാവിലെ 68 പോയിന്റ് ഉയർന്നെങ്കിലും ചാഞ്ചാട്ടം ദൃശ്യമാണ്. ബുധനാഴ്ച സെൻസെക്സ് വ്യാപാരം പൂർത്തിയാക്കിയത് 245 പോയിന്റ് (-0.29%) താഴ്ന്ന് 83,382ലും നിഫ്റ്റിയുള്ളത് 66 പോയിന്റ് (-0.26%) നഷ്ടവുമായി 25,665ലുമാണ്.
കേന്ദ്ര ധനമന്ത്രി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ നികുതിയിളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി.
കഴിഞ്ഞ ബജറ്റിൽ ആദായനികുതിയിളവ് വാരിക്കോരി നൽകി നിർമല ഏവരെയും അമ്പരിപ്പിച്ചിരുന്നു. എങ്കിലും, ആദായനികുതി സ്ലാബ് ഘടന ഇപ്പോഴും ആകർഷകമല്ലെന്ന വിലയിരുത്തലുണ്ട്.
സ്ലാബ് ഇക്കുറി പരിഷ്കരിച്ചേക്കാം. ആദായ നികുതിയിൽ 10 വർഷമോ അതിലധികമോ ആയി മാറ്റമില്ലാതെ നിൽക്കുന്ന ചട്ടങ്ങളിലും ഇളവ് അനുവദിച്ചേക്കാം.
മൂലധന നേട്ടനികുതി (എൽടിസിജി) 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം ഓഹരി നിക്ഷേപകർ ഉയർത്തുന്നുണ്ട്.
ഇതിന് നിർമല പച്ചക്കൊടി വീശിയാൽ വിപണിക്കത് കുതിച്ചുയരാനുള്ള ഉത്തേജകമാകും.
അമേരിക്കയ്ക്ക് ‘ചിപ്പ്’ ആവേശം
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 സൂചിക, നാസ്ഡാക്, ഡൗ എന്നിവ 0.2% വരെ ഉയർന്നു. യുഎസും തായ്വാനും തമ്മിൽ വ്യാപാരക്കരാറിൽ എത്തിയതും യുഎസിൽ 250 ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് തായ്വാൻ കമ്പനികൾ വ്യക്തമാക്കിയതും ഓഹരിക്കുതിപ്പിന് വഴിവച്ചു.
പുറമേ, തായ്വാൻ ചിപ് നിർമാതാക്കളായ ടിഎസ്എംസി മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതും കരുത്തായി.
∙ യുഎസ്-തായ്വാൻ ഡീലിനിടെ ഏഷ്യൻ വിപണികൾ പൊതുവേ സമ്മിശ്രമാണ്. ∙ ജാപ്പനീസ് നിക്കേയ് 0.5% താഴ്ന്നു.
എന്നാൽ, അവിടെയും എഐ ചിപ്പ് അധിഷ്ഠിത കമ്പനികൾ നേട്ടമുണ്ടാക്കി. ∙ ദക്ഷിണ കൊറിയയുടെ കോസ്പി 0.3%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.22% എന്നിങ്ങനെ ഉയർന്നു.
∙ ചൈനയിൽ ഷാങ്ഹായ്, ഹോങ്കോങ്കിൽ ഹാങ്സെങ് എന്നിവ 0.15% വരെ നഷ്ടം കുറിച്ചു.
ശ്രദ്ധയിൽ ഇവർ
∙ സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്നലെ പ്രവർത്തനഫലം പുറത്തുവിട്ടു. റെക്കോർഡ് ഉയരത്തിലാണ് ലാഭം.
∙ ജിയോ ഫിനാൻഷ്യലിന്റെ ലാഭം 8.75% കുറഞ്ഞു; വരുമാനം 10.7% ഉയർന്നു.
∙ ഇൻഫോസിന്റെ ലാഭം 2.2% കുറഞ്ഞു. വരുമാനം 8.9% ഉയർന്നു.
∙ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക്, ജിയോജിത്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ ടെക്നോളജീസ്, എൽ ആൻഡ് ടി ഫിനാൻസ്, പൂനാവാല ഫിൻകോർപ്പ്, ലീല പാലസസ് തുടങ്ങിയ പ്രമുഖർ ഡിസംബർപാദ പ്രവർത്തനഫലം പുറത്തുവിടും.
രൂപയും വിദേശികളും
വിദേശ നിക്ഷേപകർ (എഫ്ഐഐ) വിറ്റൊഴിയൽ മനോഭാവം തുടരുകയാണ്. ബുധനാഴ്ച അവർ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചത് 4,781 കോടി രൂപ.
രൂപ ഡോളറിനെിരെ 11 പൈസ താഴ്ന്ന് 90.34ൽ എത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില ലാഭമെടുപ്പ് സമ്മർദത്തിലാണ്.
ഇന്നു രാവിലെ വിലയുള്ളത് ഔൺസിന് 32 ഡോളർ താഴ്ന്ന് 4,595 ഡോളറിൽ. കേരളത്തിൽ ഇന്നു വില രാവിലെ നേരിയതോതിൽ കുറഞ്ഞേക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

