ചൈനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം ഉപഭോക്തൃ വിപണിയുടെ (റീട്ടെയൽ സെയിൽ) വളർച്ച കുത്തനെ ഇടിഞ്ഞു. ഒക്ടോബറിലെ 2.9 ശതമാനത്തിൽ നിന്ന് 1.3 ശതമാനത്തിലേക്ക് വളർച്ചനിരക്ക് കൂപ്പുകുത്തിയത്.
നിരീക്ഷകർ പ്രവചിച്ച 2.8% എന്ന വളർച്ച അപ്പാടെ പാളി. ചൈനയിൽ ജനങ്ങൾ കടുത്ത സാമ്പത്തിഞെരുക്കം നേരിടുന്നത് വിപണിയെ സാരമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വമ്പൻ വീഴ്ച.
കൂടുതൽ ആഘാതം പകർന്ന് കഴിഞ്ഞമാസത്തെ വ്യാവസായിക ഉൽപാദന വളർച്ച 4.8 ശതമാനത്തിലേക്കും ഇടിഞ്ഞു.
ഒക്ടോബറിൽ 4.9 ശതമാനമായിരുന്നു. ഇക്കാര്യത്തിലും നിരീക്ഷക പ്രവചനങ്ങൾ പൊളിഞ്ഞു; അവർ പ്രതീക്ഷിച്ചിരുന്നത് 5% വളരുമെന്നായിരുന്നു.
ഒക്ടോബറിൽ ചൈനീസ് വ്യവസായ മേഖലയുടെ ലാഭം നെഗറ്റീവ് 5.5 ശതമാനത്തിലേക്ക് നിലംപൊത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നത് ഏതാനും ആഴ്ചകൾക്ക് മുൻപാണ്.
ചൈനയിൽ സ്ഥിര ആസ്തികളിലേക്കുള്ള (ഫിക്സഡ് അസറ്റ്) നിക്ഷേപം കഴിഞ്ഞമാസം 2.3% ഇടിഞ്ഞു. കോവിഡ്കാലത്തിനു (2020) ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്.
ചൈനയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ യുഎസിലേക്കുള്ള കയറ്റുമതി നവംബറിൽ 28.6% ഇടിഞ്ഞിരുന്നു. ട്രംപ് പ്രഖ്യാപിച്ച കനത്ത തീരുവയാണ് തിരിച്ചടിയായത്.
തുടർച്ചയായ 8-ാം മാസമായിരുന്നു യുഎസിലേക്കുള്ള കയറ്റുമതി ഇടിവ്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ശക്തിയും ആഗോള വ്യവസായിക ഭൂപടത്തിലെ ഏറ്റവും കരുത്തരുമായ ചൈന തളരുന്നുവെന്ന സൂചനകൾ ഓഹരി വിപണികൾക്കും തിരിച്ചടിയാവുകയാണ്. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 1.43% വീണു.
ദക്ഷിണ കൊറിയയുടെ കോസ്പി 2.16 ശതമാനവും കോസ്ഡാക് 1.17 ശതമാനവും ഇടിഞ്ഞു. 0.75 ശതമാനമാണ് ഹോങ്കോങ് സൂചികയുടെ നഷ്ടം.
യുഎസിൽ നിർണായക തൊഴിൽക്കണക്ക് ഈയാഴ്ച വരാനിരിക്കേ, അവിടെയും ഓഹരി വിപണികൾ സമ്മർദത്തിലാണ്.
ഡൗ ജോൺസ്, എസ് ആൻഡ് പി500, നാസ്ഡാക് ഫ്യൂച്ചേഴ്സ് സൂചികകൾ 0.2% വരെ താഴ്ന്നു. രാജ്യാന്തരതലത്തിൽ നിന്നുള്ള ഈ നഷ്ടക്കാറ്റ് ഇന്ത്യയിലേക്കും വീശുകയാണ്.
ഇന്ത്യയിൽ റീട്ടെയ്ൽ പണപ്പെരുപ്പം അൽപം ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ഹോൾസെയിൽ പണപ്പെരുപ്പക്കണക്കും വൈകാതെ പുറത്തുവരും.
ഗിഫ്റ്റ് നിഫ്റ്റി ഇടിവിൽ
രാജ്യാന്തരതലത്തിൽ നിന്നുള്ള പ്രതികൂല ഘടകങ്ങൾ ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റിയുടെ ഇടിവിനും വഴിവച്ചു. രാവിലെ 100 പോയിന്റിനടുത്ത് താഴ്ന്നായിരുന്നു വ്യാപാരം.
ഇന്ന് സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ തുടങ്ങുമെന്ന സൂചന ഇതു നൽകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി 148 പോയിന്റ് (+0.57%) ഉയർന്ന് 26,046ൽ എത്തിയിരുന്നു.
സെൻസെക്സ് 449 പോയിന്റ് (+0.53%) നേട്ടവുമായി 85,267ലും. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ നീളുന്നതും മെക്സിക്കോയും ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യപിച്ചതും നിക്ഷേപകരെ നിരാശരാക്കുന്നുണ്ട്.
ശ്രദ്ധയിൽ ഇവർ
∙ കേന്ദ്രസർക്കാരിന് വീട്ടാനുള്ള 83,000 കോടി രൂപയുടെ എജിആർ കുടിശികയിന്മേൽ വോഡഫോൺ ഐഡിയയ്ക്ക് 4-5 വർഷത്തെ മൊറട്ടോറിയം ലഭിച്ചേക്കും.
ഇത് കമ്പനിയുടെ ഓഹരികളിൽ ഇന്ന് ഉണർവിന് സഹായിച്ചേക്കാം.
∙ കേരളക്കമ്പനിയായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് കിട്ടാക്കടവും (എൻപിഎ) എഴുതിത്തള്ളിയ വായ്പകളും (written-off loans) ഒരു അസറ്ര് റീകൺസ്ട്രക്ഷൻ കമ്പനിക്ക് നൽകാൻ തീരുമാനിച്ചു.
∙ ഭാരത് ഇലക്ട്രോണിക്സിന് (ബെൽ) 776 കോടിയുടെ പുതിയ ഓർഡർ ലഭിച്ചു. ആന്റി-ഡ്രോൺ സംവിധാനങ്ങൾ, ആൾരഹിത ഏരിയൽ സംവിധാനം (സാക്ഷം) തുടങ്ങിയവ നിർമിക്കാനുള്ള ഓർഡറാണിത്.
∙ പേയ്ടിഎം പേയ്മെന്റ്സ് സർവീസസിൽ മാതൃകമ്പനിയായ വണ്97 കമ്യൂണിക്കേഷൻസ് അധികമായി 2,250 കോടിയുടെ നിക്ഷേപം നടത്തി.
സ്വർണവും എണ്ണയും
സ്വർണവില പവന് കേരളത്തിൽ ഇന്ന് ഒരുലക്ഷം രൂപ തൊടുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ശനിയാഴ്ച നേരിയതോതിൽ വിലകുറഞ്ഞെങ്കിലും സ്വർണത്തിന് മുന്നിലുള്ളത് തിരിച്ചുകയറാനുള്ള അനുകൂല ഘടകങ്ങളാണ്. ഔൺസിന് 26 ഡോളർ ഉയർന്ന് 4,321 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.
ട്രെൻഡ് ഇതാണെങ്കിൽ കേരളത്തിൽ ഇന്ന് വില കൂടാം.
രാജ്യാന്തര ക്രൂഡ് ഓയിൽ വില ചാഞ്ചാട്ടത്തിലാണ്. റഷ്യ-യുക്രെയ്ൻ സംഘർഷം, യുഎസ്-വെനസ്വേല സംഘർഷഭീതി എന്നിവ വില നേരിയതോതിൽ കരകയറാനുള്ള സാഹചര്യമൊരുക്കി.
ബ്രെന്റ് വില 0.36% ഉയർന്ന് ബാരലിന് 61.34 ഡോളറായി. ഡബ്ല്യുടിഐ വില 0.35% വർധിച്ച് 57.64 ഡോളർ.
രൂപയും വിദേശികളും
2025ൽ ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഏതാണ്ട് 2 ലക്ഷം കോടിയിൽപ്പരം രൂപയുടെ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്.
അതായത്, ഓരോ മണിക്കൂറിലും 152 കോടി രൂപ വീതമെന്ന് വിലയിരുത്താം. എഫ്ഐഐ പിൻവലിയൽ ഓഹരി വിപണിയെയും രൂപയെയും സമ്മർദത്തിലാക്കുന്നുണ്ട്.
കഴിഞ്ഞ സെഷനിൽ രൂപ ഡോളറിനെതിരെ 17 പൈസ താഴ്ന്ന് 90.49 എന്ന സർവകാല താഴ്ചയിൽ എത്തിയിരുന്നു. യുഎസ്-ഇന്ത്യ വ്യാപാരഡീൽ വൈകുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്.
‘തല’യാകാൻ കെവിൻമാരുടെ മത്സരം
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്ഥാനത്തേക്ക് അടുത്ത മേയിൽ വിരമിക്കുന്ന ജെറോം പവലിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് ട്രംപ്.
2 പേർ ചുരുക്കപ്പട്ടികയിലുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘‘കെവിനും കെവിനും’’.
നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസറ്റ്, സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ വാർഷ് എന്നിവരാണവർ.
ഇരുവരും ട്രംപിന്റെ വിശ്വസ്തർ. ട്രംപുമായി എന്നും ഏറ്റുമുട്ടിയിരുന്ന പവൽ പലിശഭാരം കുറയ്ക്കുന്നതിൽ കടുംപിടിത്തം തുടർന്നിരുന്നു.
കഴിഞ്ഞ യോഗത്തിൽ 0.25% പലിശ കുറച്ചെങ്കിലും ട്രംപ് തൃപ്തനായിരുന്നില്ല. ഒരു ശതമാനമെങ്കിലും കുറയണമെന്നാണ് ട്രംപിന്റെ ആവശ്യം.
വിശ്വസ്തരിൽ ഒരാൾ തലപ്പത്ത് എത്തുന്നതോടെ യുഎസിൽ പലിശനിരക്ക് വലിയതോതിൽ താഴാനുള്ള സാഹചര്യവുമൊരുങ്ങും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
https://www.manoramaonline.com/business.html
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

