യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതാണ് ആവേശമെന്നും പ്രതികരിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യയിൽ നിന്ന് ജി20 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം കഴിഞ്ഞവർഷം ഏറ്റെടുത്ത ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി ഈമാസം 22, 23 തീയതികളിൽ ജൊഹാനസ്ബർഗിൽ നടക്കും.
ഉച്ചകോടി ബഹിഷ്കരിക്കുമെന്നും അമേരിക്കയിൽ നിന്നാരും പങ്കെടുക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്കയിൽ യൂറോപ്യൻ വംശജരെ വ്യാപകമായി തിരഞ്ഞുപിടിച്ച് കൊല്ലുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി. ആരോപണങ്ങൾ തെളിവുകളില്ലാത്ത, തെറ്റായ പ്രചാരണമാണെന്ന് ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചിരുന്നു.
ട്രംപ് വന്നില്ലെങ്കിലും ജി20 ഉച്ചകോടി പരാജയപ്പെടില്ലെന്നും ട്രംപിന്റെ നിലപാട് ദക്ഷിണാഫ്രിക്കയെ മാത്രമല്ല, ആഫ്രിക്കയെ ആകെ അപമാനിക്കുന്നതാണെന്നും ഇന്ത്യയിലെ ദക്ഷിണാഫ്രിക്കൻ ഹൈക്കമ്മിഷണർ പ്രൊഫ. അനിൽ സൂക്ലാൽ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുടെ സാന്നിധ്യമാകും ഇക്കുറി ജി20 ഉച്ചകോടിയുടെ ആകർഷണം.
മോദിയുടെ സന്ദർശനത്തെ ദക്ഷിണാഫ്രിക്ക ആവേശത്തോടെയാണ് കാണുന്നത്. നിരവധി ഉഭയകക്ഷി വ്യാപാരക്കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും.
ദക്ഷിണാഫ്രിക്കയിൽ ഐഐടി ക്യാംപസ് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു. നവംബർ 21ന് മോദി ദക്ഷിണാഫ്രിക്കയിൽ എത്തുമെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റമഫോസയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, ജി20 ഉച്ചകോടിക്ക് പുറമേ ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക ത്രിരാഷ്ട്ര ഉച്ചകോടിയിലും (ഐബിഎസ്എ ഉച്ചകോടി) സംബന്ധിക്കും.
ഫ്രഞ്ച്, ഡച്ച്, ജർമൻ കുടിയേറ്റക്കാരെ ദക്ഷിണാഫ്രിക്കയിൽ തിരഞ്ഞുപിടിച്ചു കൊല്ലുന്നുവെന്ന ഗുരുതര ആരോപണമായിരുന്നു ട്രംപ് നേരത്തേ സാമൂഹിക മാധ്യമത്തിലൂടെ ഉയർത്തിയത്. ആരോപണങ്ങൾ അവാസ്തവമാണെന്ന് കോടതി പോലും പറഞ്ഞിട്ടും ട്രംപ് ആവർത്തിക്കുകയാണെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചിരുന്നു.
അടുത്തിടെ വൈറ്റ്ഹൗസ് സന്ദർശിച്ച സിറിൾ റമഫോസയോട് ട്രംപ് നേരിട്ട് ഇക്കാര്യം ചോദിച്ചിരുന്നു.
ആരോപണം ശരിയല്ലെന്ന് സിറിൾ മറുപടി പറഞ്ഞെങ്കിലും ട്രംപ് സാമൂഹിക മാധ്യമത്തിൽ തന്റെ വാദം ആവർത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ജി20യുടെ അടുച്ച അധ്യക്ഷസ്ഥാനം ഏറ്റെടുക്കേണ്ടത് അമേരിക്കയാണ്.
2026ലെ ജി20 അമേരിക്കയിലാണ് നടക്കുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

