![](https://newskerala.net/wp-content/uploads/2024/11/Gold-ornaments-1024x533.jpg)
കേരളത്തിൽ ഇടിവിന്റെ ട്രെൻഡിന് ചെറിയ ബ്രേക്കിട്ട് ഇന്ന് സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്ന് വർധിച്ചു. 6,945 രൂപയാണ് ഗ്രാം വില; പവന് 55,560 രൂപ. ഇന്നലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഒറ്റയടിക്ക് കുറഞ്ഞ്, വില രണ്ടുമാസത്തെ താഴ്ചയിൽ എത്തിയിരുന്നു.
18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 5 രൂപ വർധിച്ച് 5,725 രൂപയായി. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 31ന് കുറിച്ച പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. ഇതിൽ നിന്ന് നവംബറിൽ ഇന്നലെ വരെ പവന് 4,160 രൂപയും ഗ്രാമിന് 520 രൂപയും കുറഞ്ഞശേഷമാണ് ഇന്ന് നേരിയ കയറ്റം.
3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ സഹിതം ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 60,143 രൂപയും ഒരു ഗ്രാം സ്വർണാഭരണത്തിന് 7,517 രൂപയുമാണ്. ഒക്ടോബർ 31ന് പവന് വാങ്ങൽവില 64,555 രൂപയും ഗ്രാമിന് 8,069 രൂപയുമായിരുന്നു.
അതുമായി താരതമ്യം ചെയ്യുമ്പോൾ പവന്റെ വാങ്ങൽവിലയുള്ളത് ഇന്ന് 4,412 രൂപയോളം കുറവിൽ; ഗ്രാമിന് 550 രൂപയോളവും. സ്വർണവിലയിൽ രാജ്യാന്തരതലത്തിൽ ചാഞ്ചാട്ടം ശക്തമായതിനാലും രണ്ടാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ 4,000 രൂപയിലധികം വിലയിടിഞ്ഞതിനാലും വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണം വാങ്ങുന്നവർക്ക് ഇത് സുവർണാവസരമായി കാണാമെന്ന് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
വില കഴിഞ്ഞമാസങ്ങളിൽ കുത്തനെ കൂടിയതിനാൽ നിരവധിപേർ വിവാഹാവശ്യത്തിന് വാങ്ങുന്ന സ്വർണത്തിന്റെ അളവ് വെട്ടിക്കുറച്ചിരുന്നു. അവർക്കും വിപണിയിലേക്ക് തിരിച്ചെത്താനുള്ള അവസരമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വില കുറഞ്ഞിട്ടും കേരളത്തിൽ വേറിട്ട ട്രെൻഡാണ് ദൃശ്യമാകുന്നതെന്ന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖർ ‘മനോരമ ഓൺലൈനിനോട്’ വ്യക്തമാക്കിയിരുന്നു. അതേക്കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
സ്വർണവില ഇനി എങ്ങോട്ട്?
രാജ്യാന്തരതലത്തിൽ ഹ്രസ്വകാലത്തേക്കെങ്കിലും സ്വർണവില താഴേക്കുതന്നെ നീങ്ങാനാണ് സാധ്യതയെന്നാണ് നിരീക്ഷകരുടെ വാദം. യുഎസ് ഡോളർ, യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), യുഎസ് ഓഹരി വിപണികൾ, ക്രിപ്റ്റോകറൻസികൾ എന്നിവ നേട്ടത്തിന്റെ ട്രാക്കിലായതും ഡോളർ ശക്തിപ്രാപിച്ചതിനാൽ സ്വർണത്തിന്റെ രാജ്യാന്തര ഡിമാൻഡ് താഴ്ന്നതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര, ആഭ്യന്തരവിലകളിൽ ഇടിവിന് വഴിവച്ചത്.
രാജ്യാന്തരവില ഔൺസിന് ഇന്നലെ 2,564 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. പിന്നീട് 2,569 ഡോളറിലേക്ക് തിരികെക്കയറിയതാണ് ഇന്ന് കേരളത്തിൽ നേരിയ വിലവർധന സൃഷ്ടിച്ചത്. യുഎസ് സമ്പദ്വ്യവസ്ഥ നിലവിൽ ഭദ്രമായനിലയിലാണുള്ളതെന്നും ധൃതിപിടിച്ച് ഇനി അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. പൊതുവേ പലിശനിരക്ക് കുറയുന്നതാണ് സ്വർണത്തിന് അനുകൂലം. കാരണം, പലിശ കുറഞ്ഞാൽ ഡോളർ താഴേക്ക് നീങ്ങും. ട്രഷറി ബോണ്ട് യീൽഡും ദുർബലമാകും. നിക്ഷേപകർ സ്വർണത്തോട് താൽപര്യം കാട്ടും; വിലയും ഉയരും.
Image : Shutterstock
പലിശനിരക്ക് കുറയ്ക്കുന്നതിൽ നിന്ന് ഫെഡറൽ റിസർവ് പിന്നാക്കം പോകുന്നത് സ്വർണത്തിന് തിരിച്ചടിയാകും. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളും പൊതുവേ സ്വർണത്തിന് പ്രതികൂലമാണെന്നിരിക്കേ, വരുംനാളുകളിലും സ്വർണവില താഴേക്കിറങ്ങിയേക്കാം. അതേസമയം, രാജ്യാന്തര രാഷ്ട്രീയ, സാമ്പത്തികരംഗത്തെ ഓരോ ദിവസത്തെയും സംഭവവികാസങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസിന്റെ സാമ്പത്തികനയം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ സ്വർണവിലയിൽ കയറ്റിറക്കങ്ങൾ സൃഷ്ടിച്ചേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]