ന്യൂഡൽഹി ∙ വിരമിക്കുന്നതിനു മുൻപ് ഇപിഎഫ് അക്കൗണ്ടിലെ തുക പിൻവലിക്കാനുള്ള വ്യവസ്ഥകൾ ഉദാരമാക്കാൻ തീരുമാനം. പിൻവലിക്കുന്നതിന് 3 വിഭാഗങ്ങളിലായി 13 വ്യവസ്ഥകളുണ്ടായിരുന്നത് ഒഴിവാക്കാനാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) ട്രസ്റ്റീസ് യോഗം തീരുമാനിച്ചത്.
പെൻഷൻ ആവശ്യത്തിന് 25% തുക നിലനിർത്തണം.
തൊഴിലാളി–തൊഴിലുടമ വിഹിതങ്ങൾ ചേർത്ത് ബാക്കി മുഴുവനും പിൻവലിക്കാം.
ജോലി ലഭിച്ച് 12 മാസമെങ്കിലും കഴിഞ്ഞവർക്ക് ഈ സൗകര്യം ലഭിക്കും. അക്കൗണ്ടിൽ ബാക്കിയുള്ള തുകയ്ക്ക് നിലവിൽ 8.25% പലിശയും കൂട്ടുപലിശയും ലഭിക്കുമെന്നും തൊഴിൽമന്ത്രാലയം അറിയിച്ചു.
പിഎഫ് തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ തൊഴിലുടമകൾക്കുള്ള പിഴത്തുക ഇളവുചെയ്ത് പദ്ധതി തുടരാൻ ‘വിശ്വാസ്’ എന്ന പദ്ധതി പ്രഖ്യാപിച്ചു.
കോടതിയിൽ കേസുകളുണ്ടെങ്കിലും പദ്ധതി കാലയളവിൽ തുക അടച്ചാൽ കേസ് അവസാനിച്ചതായി കണക്കാക്കും.
ലൈഫ് സർട്ടിഫിക്കറ്റ് നൽകാനായി തപാൽവകുപ്പുമായി ചേർന്ന് സൗകര്യം ഏർപ്പെടുത്തും. ഇതുവഴി പെൻഷൻകാർക്ക് വീട്ടിലിരുന്നു തന്നെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകാം.
ചെലവിലേക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന് 50 രൂപ ഇപിഎഫ്ഒ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇപിഎഫ്ഒയുടെ തുക കൈകാര്യം ചെയ്യുന്നതിന് 4 ഫണ്ട് മാനേജർമാരെ നിയമിക്കാനും തീരുമാനിച്ചു.
ഇപിഎഫ് അക്കൗണ്ടിലെ തുക എടിഎം വഴി പിൻവലിക്കുന്നത് ഉൾപ്പെടെ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന ഇപിഎഫ്ഒ 3.0 ഡിജിറ്റൽ ഫ്രെയിംവർക്കിനും യോഗം അംഗീകാരം നൽകി.
എല്ലാ ഗുണഭോക്താക്കൾക്കും എടിഎം കാർഡ് മാതൃകയിൽ ഇപിഎഫ്ഒ കാർഡ് നൽകും. ക്ലെയിം അംഗീകരിച്ചാൽ ഇതുപയോഗിച്ച് ഏതു ബാങ്കിന്റെയും എടിഎം കൗണ്ടറുകളിൽ നിന്ന് ഇപിഎഫ് തുക പിൻവലിക്കാം.
ഇപിഎഫ്ഒ അംഗത്വ ക്യാംപെയ്ൻ നവംബർ 1 മുതൽ
2017 ജൂലൈ മുതൽ ജോലി ലഭിച്ചവർക്ക് ഗുണകരമാകും; തൊഴിലുടമകൾക്ക് പിഴ 100 രൂപ മാത്രം
ന്യൂഡൽഹി ∙ ജോലിയിൽ പ്രവേശിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗത്വം നേടാത്തവർക്ക് ഇളവ് അനുവദിച്ചു.
2017 ജൂലൈ 1 മുതൽ ജോലിയിൽ പ്രവേശിച്ചവർക്കാണ് ഇളവ്. തൊഴിലുടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി ജീവനക്കാരെ പദ്ധതിയിൽ ചേർക്കാം.
നവംബർ 1 മുതൽ 2026 ഏപ്രിൽ 30 വരെയാണ് എൻറോൾമെന്റ് ക്യാംപെയ്ൻ നടക്കുക.
ഈ സൗകര്യം പ്രയോജനപ്പെടുത്തുന്ന തൊഴിലുടമകൾ 100 രൂപ മാത്രമേ പിഴ അടയ്ക്കേണ്ടി വരൂ. തൊഴിലാളികളെ ഇപിഎഫ്ഒയിൽ ചേർക്കാത്തതിന്റെ പേരിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഈ പദ്ധതിയിലൂടെ ഇളവ് നേടാമെന്നും ഇപിഎഫ്ഒ അറിയിച്ചു.
ജോലി ലഭിച്ചതു മുതലുള്ള കാലയളവിലെ തൊഴിലുടമയുടെ വിഹിതം മാത്രം അടച്ചാൽ മതി. തൊഴിലാളി വിഹിതം അടയ്ക്കേണ്ടതില്ല.
എന്നാൽ, ജീവനക്കാരന് ഈ കാലയളവിൽ നൽകിയ വേതനത്തിൽനിന്ന് തൊഴിലാളി വിഹിതം കുറച്ചിട്ടുണ്ടെങ്കിൽ അത് അടയ്ക്കണം.
കൂടുതൽ ജീവനക്കാരെ ചേർക്കുന്ന തൊഴിലുടമകൾക്ക് പ്രധാനമന്ത്രി-വികസിത് ഭാരത് റോസ്ഗർ യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ഇപിഎഫ്ഒ അറിയിച്ചു.
ഉയർന്ന പെൻഷൻ ചർച്ച ചെയ്തില്ല
ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷൻ നൽകുന്നതു സംബന്ധിച്ച പരാതികൾ ട്രസ്റ്റീസ് യോഗം ചർച്ച ചെയ്തില്ല. രാജ്യത്താകെ ലക്ഷക്കണക്കിന് അപേക്ഷകളാണ് തീരുമാനമാകാതെ കിടക്കുന്നത്.
വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ഇതുസംബന്ധിച്ച കേസുകളുണ്ട്. യോഗത്തിൽ തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

