രാജ്യാന്തരവില വൻ കുതിപ്പ് നടത്തുന്നതിന്റെ ആവേശത്തിൽ കേരളത്തിലും റെക്കോർഡ് തിരുത്തി സ്വർണവില. എന്നാൽ, സ്വർണത്തിന് കുത്തനെയുള്ള കയറ്റത്തിന് തടയിട്ട് ഇന്ന് ഇന്ത്യൻ രൂപയും രംഗത്തെത്തി.
ഔൺസിന് 4,135 ഡോളറിൽ നിന്ന് സർവകാല ഉയരമായ 4,190.36 ഡോളറിലേക്കാണ് ഇന്നുരാവിലെ രാജ്യാന്തരവില കത്തിക്കയറിയത്. അതേസമയം, കേരളത്തിൽ വർധന ഗ്രാമിന് 50 രൂപയിൽ ഒതുങ്ങി.
ഗ്രാമിന് 50 രൂപ വർധിച്ച് 11,815 രൂപയാണ് വില; പവന് 400 രൂപ ഉയർന്ന് 94,520 രൂപയും.
രണ്ടും എക്കാലത്തെയും ഉയരം. ഇന്നലെ രേഖപ്പെടുത്തിയ പവന് 94,360 രൂപയും ഗ്രാമിന് 11,795 രൂപയും എന്ന റെക്കോർഡ് പഴങ്കഥയായി.
ഡോളറിനെതിരെ രൂപ ഇന്ന് 54 പൈസ ഉയർന്ന് 88.26ൽ ആണ് വ്യാപാരം തുടങ്ങിയത്. അല്ലായിരുന്നെങ്കിൽ ഇന്നും കേരളത്തിൽ പവന് വില കുത്തനെ കൂടുമായിരുന്നു.
ഇന്നലെ ഒറ്റദിവസം 2,000 രൂപയിലധികമാണ് കൂടിയത്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയാണ് പ്രധാനമായും സ്വർണവിലയെ മുന്നോട്ടുനയിക്കുന്നത്. സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, 3 മുതൽ 35% വരെയുള്ള പണിക്കൂലി എന്നിവയുംകൂടി ബാധകമാണ്.
രൂപയും സ്വർണവും
രൂപ-ഡോളർ വിനിമയനിരക്ക് കൂടി പരിഗണിച്ചാണ് ഓരോ ദിവസവും രാവിലെ സ്വർണവില നിർണയം.
ഡോളർ ദുർബലമാകുമ്പോൾ സ്വർണം ഇറക്കുമതിക്കുള്ള ചെലവ് കുറയും. ഫലത്തിൽ, ആഭ്യന്തരവില താഴാനും ഇതു സഹായിക്കും.
മറിച്ച്, ഡോളർ ശക്തിയാർജിച്ച് നിന്നാൽ, സ്വർണം ഇറക്കുമതിചെയ്യാൻ കൂടുതൽ തുക കണ്ടെത്തേണ്ടിവരും. ഇത് വില കൂടാനും ഇടയാക്കും.
യുഎസിൽ വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയതാണ് ഡോളറിന് തിരിച്ചടിയായത്.
പലിശനിരക്ക് കുറഞ്ഞാൽ യുഎസിലേക്കുള്ള നിക്ഷേപവും കുറയും. അത് ഡോളറിനെ തളർത്തും.
18 കാരറ്റും വെള്ളിയും
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ ഉയർന്ന് എക്കാലത്തെയും റെക്കോർഡായ 9,770 രൂപയിലെത്തി.
മറ്റുചില വ്യാപാരികളും ഗ്രാമിന് 40 രൂപ കൂട്ടിയെങ്കിലും അവർ നിശ്ചയിച്ച വില 9,720 രൂപയേയുള്ളൂ.
വെള്ളിക്കും കേരളത്തിൽ വ്യത്യസ്ത വിലയാണുള്ളത്. ചില കടകളിൽ ഗ്രാമിന് 7 രൂപ കൂടി 200 രൂപയിലെത്തി.
വെള്ളി 200 രൂപയെന്ന നാഴികക്കല്ല് താണ്ടുന്നത് ചരിത്രത്തിലാദ്യം. സ്വർണത്തിന് എന്നപോലെ, വെള്ളിക്കും രാജ്യാന്തര തലത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുന്നതും വ്യാവസായിക മേഖലയിൽ നിന്നുള്ള അധികരിച്ച ഡിമാൻഡുമാണ് വിലക്കുതിപ്പിന് മുഖ്യകാരണം. കേരളത്തിൽ ചില ജ്വല്ലറികളിൽ വെള്ളിവില ഇന്നു ഗ്രാമിന് 6 രൂപ ഉയർന്ന് 196 രൂപയാണ്.
14 കാരറ്റ് സ്വർണം ഗ്രാമിന് വില 7,560 രൂപ. 9 കാരറ്റിന് വില 4,880 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]