അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ പിൻബലത്തിൽ നേട്ടത്തോടെ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 25212 പോയിന്റ് വരെ മുന്നേറ്റം നേടിയ നിഫ്റ്റി പിന്നീട് 70 പോയിന്റുകൾ നഷ്ടമാക്കി 25057 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 152 പോയിന്റുകൾ നഷ്ടമാക്കി 81820 പോയിന്റിലും ക്ളോസ് ചെയ്തു.
റിലയന്സിന്റെ വീഴ്ചയും, ഐടി ഓഹരികളിൽ ലാഭമെടുക്കൽ വന്നതും, ആക്സിസ് ബാങ്കും, ബജാജ് ഫൈനാൻസും വീണതും ഇന്ത്യൻ വിപണിക്ക് നിർണായകമായി. റിയൽറ്റി സെക്ടർ 2% മുന്നേറ്റം നേടിയപ്പോൾ, നിഫ്റ്റി സ്മോൾ ക്യാപ് സൂചിക ഇന്ന് 1%ൽ കൂടുതലും മുന്നേറി.
ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം സൂചിപ്പിക്കുന്ന കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (സിപിഐ) സെപ്റ്റംബറിൽ വിപണി അനുമാനത്തിലും കവിഞ്ഞ മുന്നേറ്റം കുറിച്ചത് ആർബിഐയുടെ നിരക്ക് കുറയ്ക്കൽ വൈകിപ്പിച്ചേക്കാം. ആർബിഐ ഗവർണർ കഴിഞ്ഞ നയാവലോകന പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നത് പോലെ തന്നെ ഭക്ഷ്യ വിലക്കയറ്റ വർദ്ധനവാണ് പണപ്പെരുപ്പ വർദ്ധനക്ക് അടിസ്ഥാനമായത്.
സെപ്റ്റംബറിലെ ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പവർദ്ധന 5.49% ആണ്. സിപിഐ അനുമാനം 5%വും, ഓഗസ്റ്റിൽ 3.65%വും ആയിരുന്നു. സെപ്റ്റംബറിൽ ഭക്ഷ്യ വിലക്കയറ്റം 11.53% വാർഷികവർദ്ധനയും കുറിച്ചു.
റിലയൻസ് ബോണസ്
മുൻ പാദത്തിൽ നിന്നും, മുൻവർഷത്തിൽ നിന്നും ലാഭം കുറഞ്ഞെങ്കിലും വിപണി പ്രതീക്ഷ കാത്ത രണ്ടാം ഫലം പുറത്ത് വിട്ട റിലയൻസ് ഇൻഡസ്ട്രീസ് ഇന്ന് 2% നഷ്ടം കുറിച്ചത് ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി.
റിലയൻസ് ഇന്ഡസ്ട്രീസിന്റെ ബോണസ് റെക്കോർഡ് തീയതി ഇന്നലെ ആയിരുന്നെങ്കിലും, എക്സ്-ബോണസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. നിക്ഷേപകസ്ഥാപനങ്ങളുടെ പക്കലുള്ള ‘പാർട്ടിലി പെയ്ഡ് അപ്പ്’ ഓഹരികളുടെ ക്രമീകരണം വൈകുന്നതാണ് എക്സ്-ബോണസ് തീയതി പ്രഖ്യാപനം വൈകിപ്പിച്ചത്.
അമേരിക്കൻ റിസൾട്ടുകൾ
എൻവിഡിയയുടെയും, ക്വാൽകോമിന്റെയും മുന്നേറ്റത്തിന്റെ പിന്തുണയിൽ ഡൗ ജോൺസും, എസ്&പിയും ഇന്നലെ പുതിയ റെക്കോർഡ് ഉയരങ്ങൾ സ്വന്തമാക്കിയത് ഏഷ്യൻ, യൂറോപ്യൻ വിപണികൾക്കും മുന്നേറ്റം നൽകി. അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എന്നാൽ സ്റ്റിമുലസ് പാളിച്ചയിൽ ചൈനീസ് വിപണി ഇന്നും വമ്പൻ തകർച്ചയാണ് നേരിട്ടത്.
ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും, അമേരിക്കൻ കോർപറേറ്റ് ഫലപ്രഖ്യാപനങ്ങളും തുടർന്നും അമേരിക്കൻ വിപണിയുടെ നീക്കങ്ങൾ നിയന്ത്രിക്കും. ടെക്ക് റിസൾട്ടുകൾ വരാനിരിക്കുന്നതും, ജെപി മോർഗൻ മികച്ച റിസൾട്ട് പ്രഖ്യാപിച്ചതും അമേരിക്കൻ വിപണിക്ക് പ്രതീക്ഷയാണ്.
ക്രൂഡ് ഓയിൽ
ചൈനയുടെ എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തിൽ രാജ്യാന്തര എണ്ണ ഉപഭോഗത്തിൽ ഒപെക് വീഴ്ച പ്രവചിച്ചത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിന് 5%ൽ കൂടുതൽ തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 73 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
ഇറാൻ- ഇസ്രായേൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നതും, ഡോളർ വില മുന്നേറാതിരുന്നതും ഇന്ന് സ്വർണത്തിനു പിന്തുണ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 2670 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ബജാജ് ഓട്ടോ, എൽടിടിഎസ്, എംഫസിസ്, ബിർള മണി, ക്രിസിൽ, ഹിമാദ്രി സ്പെഷ്യൽറ്റി കെമിക്കൽസ്, പോണ്ടി ഓക്സൈഡ്, സൗത്ത് ഇന്ത്യൻ ബാങ്ക് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ടാറ്റ കെമിക്കൽസ്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഇൻഫോസിസ്, വിപ്രോ, എൽടിഐ മീഡിയ, ആക്സിസ് ബാങ്ക്, ഹാവെൽസ്, പോളി ക്യാബ്സ്, ഐഓബി, സെൻട്രൽ ബാങ്ക്, സിയാറ്റ്, ജിയോജിത്, 5 പൈസ മുതലായ ഓഹരികൾ വ്യാഴാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ഹ്യുണ്ടായി മോട്ടോഴ്സ് ഇന്ത്യയുടെ ഇന്നാരംഭിച്ച ഐപിഓ വ്യാഴാഴ്ച അവസാനിക്കും. ഐപിഓ വില 1865-1960 രൂപ പ്രകാരം 27870 കോടി രൂപയാണ് കമ്പനി വിപണിയിൽ നിന്നും സമാഹരിക്കുന്നത്. ഈ മാസം 22-നാണ് ഓഹരി ലിസ്റ്റ് ചെയ്യുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]