രാജ്യത്ത് നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 9-ാം മാസവും കേരളത്തെ ഒന്നാം നമ്പറിൽ കൊണ്ടെത്തിച്ചത് തേങ്ങ! നാളികേര ഉൽപാദനവും ലഭ്യതയും കുറയുകയും വെളിച്ചെണ്ണ വില കുതിച്ചുകയറിയതുമാണ് കേരളത്തിന് തിരിച്ചടിയായതെന്ന് എസ്ബിഐ റിസർച് റിപ്പോർട്ട് വ്യക്തമാക്കി.
സ്വർണവില റെക്കോർഡ് തകർത്ത് മുന്നേറിയതും കേരളത്തിൽ ചില്ലറ വിലക്കയറ്റത്തോത് കുത്തനെ കൂടാൻ ഇടയാക്കിയെന്ന് റിപ്പോർട്ടിലുണ്ട്.
എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യ കാന്തി ഘോഷിന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
കേരളത്തിന്റെ പണപ്പെരുപ്പ കണക്കുകൾ കൗതുകമുണർത്തുന്നതാണെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിലാണ് വിലക്കയറ്റത്തോത് ഏറ്റവും കൂടുതൽ; ഓഗസ്റ്റിൽ 10.05%.
നഗരങ്ങളിൽ ഇത് 7.19 ശതമാനമേയുള്ളൂ. വെളിച്ചെണ്ണ വൻതോതിൽ വാങ്ങുന്നവരാണ് മലയാളികൾ.
വില കൂടിയിട്ടും ഡിമാൻഡിന് പഞ്ഞമുണ്ടാകാതിരുന്നത് പണപ്പെരുപ്പത്തെ റോക്കറ്റിലേറ്റി.
വെളിച്ചെണ്ണയും സ്വർണവും
കഴിഞ്ഞ ജനുവരി മുതൽ രാജ്യത്ത് വിലക്കയറ്റത്തോതിൽ ‘നമ്പർ വൺ’ കേരളമാണ്. ജനുവരിയിൽ 6.79%, ഫെബ്രുവരിയിൽ 7.31%, മാർച്ചിൽ 6.59%, ഏപ്രിലിൽ 5.94%, മേയിൽ 6.46%, ജൂണിൽ 6.71%, ജൂലൈയിൽ 8.89%, ഓഗസ്റ്റിൽ 9.04% എന്നിങ്ങനെയാണ് കേരളത്തിൽ പണപ്പെരുപ്പം.
ദേശീയതലത്തിൽ 2.07 ശതമാനമേയുള്ളൂ. കേരളത്തിന് പിന്നിൽ രണ്ടാംസ്ഥാനത്തുള്ള കർണാടകയിൽ വെറും 3.81%.
അസം (മൈനസ് 0.66%), ഒഡീഷ (മൈനസ് 0.55%), ഉത്തർപ്രദേശ് (0.26%) എന്നിവയാണ് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങൾ.
കേരളത്തിൽ ഏതാനും മാസം മുൻപ് ലീറ്ററിന് 200 രൂപയ്ക്കും താഴെയായിരുന്ന വെളിച്ചെണ്ണ വില സമീപകാലത്ത് 450 രൂപയിലേക്ക് കുതിച്ചുയർന്നിരുന്നു. ഓണക്കാലത്ത് 500 രൂപ കടന്നേക്കുമെന്ന് കരുതിയെങ്കിലും സംസ്ഥാന സർക്കാർ സബ്സിഡി പദ്ധതികളുമായി ഇടപെട്ടതോടെ 390ലേക്ക് കുറഞ്ഞിരുന്നു.
വില ഇപ്പോൾ വീണ്ടും 400 കടന്നിട്ടുണ്ട്.
പൊന്നു ‘വിളയുന്ന’ കേരളം
ഇന്ത്യയിൽ സ്വർണ ഉപഭോഗത്തിലും മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഏറെ മുന്നിലാണ് കേരളം. സംസ്ഥാനത്ത് ഗ്രാമമേഖലകളിൽ ആളോഹരി സ്വർണ ഉപഭോഗം (പെർ ക്യാപിറ്റ എക്സ്പെൻഡിചർ) 120 രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്.
നഗരങ്ങളിൽ 150 രൂപയും. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് വിൽപന ഏറ്റവും കൂടുതൽ.
ഗ്രാമമേഖലയെടുത്താൽ രണ്ടാംസ്ഥാനത്തുള്ള ഗോവയിൽ ഇതു വെറും 20 രൂപയാണ്. മൂന്നാമതുള്ള തമിഴ്നാട്ടിൽ 18-20 രൂപ.
കർണാടകയിൽ 15-18 രൂപ. ആന്ധ്രയിൽ 12-15 രൂപ.
മഹാരാഷ്ട്രയിൽ 10-12 രൂപ.
നഗരമേഖലയിൽ രണ്ടാമതുള്ള തമിഴ്നാട്ടിൽ 25-30 രൂപയാണ് പെർ ക്യാപിറ്റ. കർണാടകയിൽ 20-25 രൂപ.
ആന്ധ്ര/തെലങ്കാനയിൽ 15-20 രൂപ. ഗ്രാമ, നഗരമേഖലകളിൽ ഏറ്റവും പിന്നിൽ ബിഹാറാണ്; 3-5 രൂപ മാത്രം.
കേരളത്തിൽ പ്രതിവർഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ടെന്നാണ് കണക്ക്. ഉയർന്ന വേതനനിലവാരം, പ്രവാസിപ്പണമൊഴുക്ക് എന്നിവയാണ് കേരളത്തിൽ ഉപഭോഗവും പണപ്പെരുപ്പവും കൂടിനിൽക്കാൻ പ്രധാന കാരണം.
കൂടെയുണ്ട് ലക്ഷദ്വീപും
സെപ്റ്റംബർ 12ന് ആണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പണപ്പെരുപ്പക്കണക്കുകൾ പുറത്തുവിട്ടത്.
35 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 26ലും പണപ്പെരുപ്പം കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും ‘ലക്ഷ്മണ രേഖ’യായ 4 ശതമാനത്തിലും താഴെയാണ്. 6 ശതമാനത്തിന് മുകളിൽ പണപ്പെരുപ്പമുള്ള രണ്ട് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളേയുള്ളൂ; ഒന്ന് കേരളം, രണ്ടാമത് ലക്ഷദ്വീപ്.
ജിഎസ്ടി കനിയും!
ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ച ഇളവുകൾ പണപ്പെരുപ്പം കുറയാൻ സഹായിക്കുമെന്നും എസ്ബിഐ റിസർച് റിപ്പോർച്ച് പറയുന്നു.
നിരവധി ഉൽപന്നങ്ങളെ 12 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് മാറ്റുകയും ചില ഉൽപന്നങ്ങളുടെ ജിഎസ്ടിതന്നെ വേണ്ടെന്നുവയ്ക്കുകയും ചെയ്തത് 2025-26ലെ പണപ്പെരുപ്പത്തിൽ 0.25-0.30% കുറവ് വരാൻ സഹായിക്കും. ജിഎസ്ടി സ്ലാബുകളിൽ വരുത്തിയമാറ്റം മറ്റൊരു 0.40-0.45 ശതമാനം ഇളവിനും വഴിവയ്ക്കും.
2026-27ഓടെ പണപ്പെരുപ്പത്തിൽ 0.75% വരെ കുറവുണ്ടാകാൻ ഇതു സഹായിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]