റഷ്യൻ എണ്ണയെച്ചൊല്ലി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവയുദ്ധം കടുപ്പിക്കുന്നതിനിടെ, യുഎസ്-ചൈന നിർണായക വ്യാപാര ചർച്ച സ്പെയിനിൽ. ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികൾ തമ്മിലെ തീരുവപ്പോരാട്ടം, രാജ്യാന്തര സമ്പദ്വ്യവസ്ഥയുടെ ഗതിയെതന്നെ സ്വാധീനിക്കുമെന്നിരിക്കേ, ഓഹരി വിപണികൾ ആടിയുലയുകയാണ്.
ചൈനയുമായുള്ള വ്യാപാരച്ചർച്ചയ്ക്ക് ട്രംപ് നേരത്തേ 90 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു.
ഇതുപ്രകാരം നിലവിൽ 30% മാത്രമാണ് ചൈനയിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് തീരുവ. തിരികെ ചൈന യുഎസ് ഉൽപന്നങ്ങൾക്ക് ഈടാക്കുന്നത് 10 ശതമാനവും.
ചൈനയിൽ നിന്ന് യുഎസിൽ എത്തുന്ന ഫെന്റനിലിന്റെ (വീര്യംകൂടിയ വേദനസംഹാരി) ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന ആവശ്യമാണ് മഡ്രിഡിൽ നടക്കുന്ന ചർച്ചയിൽ ചൈന പ്രധാനമായും ഉന്നയിക്കുന്നത്.
ഒപ്പം, റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് തൊടുക്കുന്ന താരിഫ് ഭീഷണികൾ അവസാനിപ്പിക്കണമെന്നും. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ചെറു-വിഡിയോ ആപ്പായ ടിക്-ടോക്കിന്റെ അമേരിക്കൻ ബിസിനസ്, ഏതെങ്കിലും അമേരിക്കൻ കമ്പനിക്ക് വിറ്റൊഴിയണമെന്നതാണ് ട്രംപ് പ്രതിനിധികൾ ചർച്ചയിൽ ഉന്നയിക്കുന്ന മുഖ്യ വിഷയങ്ങളിലൊന്ന്.
അമേരിക്കയുടെ കാർഷികോൽപന്നങ്ങൾക്ക് ചൈനയുടെ വിപണി കിട്ടണമെന്ന ആവശ്യവുമുണ്ട്.
പ്രത്യേകിച്ച് അമേരിക്കയുടെ സോയാബീൻ വാങ്ങാൻ ചൈന മടിക്കുന്നതിലും ഇറിക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിലും ട്രംപിന് അതൃപ്തിയുണ്ട്. സെപ്റ്റംബർ 17നകം ടിക്-ടോക്ക് അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ചൈന തയാറാകുന്നില്ലെങ്കിൽ അടച്ചുപൂട്ടാൻ ഉത്തരവിടുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രംപ് കഴിഞ്ഞമാസം ടിക്-ടോക്കിൽ അക്കൗണ്ട് തുറന്നിരുന്നു.
അതേസമയം, യുഎസും ചൈനയും തമ്മിലെ കഴിഞ്ഞ 3 ചർച്ചകളിലും (ജനീവ, ലണ്ടൻ, സ്റ്റോക്ക്ഹോം) ടിക്-ടോക്ക് ചർച്ചയ്ക്കെടുത്തിരുന്നില്ല.
തിളച്ചുമറിഞ്ഞ് റഷ്യൻ എണ്ണ
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും 100% വരെ തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയൻ, ജി7 എന്നിവയോട് ട്രംപ് ആവശ്യപ്പെട്ടത് കഴിഞ്ഞദിവസമാണ്. ചൈനയ്ക്കുമേൽ കടുത്ത തീരുവ വേണമെന്ന് ട്രംപ് നാറ്റോയോടും നിർദേശിച്ചിരുന്നു.
ട്രംപ് പ്രശ്നം കൂടുതൽ വഷളാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം.
ചൈന റഷ്യയുമായി അടുക്കുന്നതിലും യുഎസിന് അതൃപ്തിയുണ്ട്. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുള്ള ‘ശിക്ഷയെന്നോണം’ 25% അധികത്തീരുവ പ്രഖ്യാപിച്ച ട്രംപ് പക്ഷേ, ഇതേ ‘ശിക്ഷ’ ചൈനയ്ക്ക് നൽകാൻ തയാറായിട്ടുമില്ല.
സ്പെയിനിനും നിർണായകം
ചൈനയെ തന്ത്രപ്രധാന വ്യാപാര പങ്കാളിയെന്ന് സ്പെയിൻ അടുത്തിടെ വിശേഷിപ്പിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
ചൈന-യുഎസ് ചർച്ചയ്ക്ക് വേദിയൊരുക്കുന്നതുവഴി, അതുകൊണ്ടുതന്നെ യുഎസിനെ തണുപ്പിക്കാമെന്ന കണക്കുകൂട്ടലും സ്പെയിനിനുണ്ട്. ലോകത്തെ ഉലയ്ക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉൾപ്പെടെ അറുതിവരുത്താനുള്ള സമാധാന ചർച്ചകൾക്ക് വേദിയാകാനുള്ള ശ്രമത്തിലുമാണ് സ്പെയിൻ.
ഇസ്രയേൽ-പാലസ്തീൻ സംഘർഷം അവസാനിപ്പിക്കാനുള്ള രാജ്യാന്തര സമാധാന സമ്മേളത്തിന് വേദിയാകാനും ഇതിന്റെ ഭാഗമായി സ്പെയിൻ ശ്രമിക്കുന്നു.
ചൈനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം
തീരുവപ്പോര് ശമനമില്ലാതെ തുടരുന്നതിനിടെ ചൈനയെ കൂടുതൽ പ്രതിസന്ധിയിലാക്കി പുത്തൻ കണക്കുകൾ. രാജ്യത്തെ ചില്ലറ വിൽപന മേഖലയുടെ വളർച്ച (റീട്ടെയ്ൽ സെയിൽസ്) ഓഗസ്റ്റിൽ 3.9% പ്രതീക്ഷിച്ചിടത്ത് 3.4 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ജൂലൈയിൽ 3.7 ശതമാനമായിരുന്നു. ജനങ്ങൾ സാമ്പത്തികഞെരുക്കത്തിലാണെന്നും ഉപഭോക്തൃവിപണി തളരുകയാണെന്നും ഇതു വ്യക്തമാക്കുന്നു.
∙ വ്യാവസായിക ഉൽപാദന വളർച്ച ജൂലൈയിലെ 5.7 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായും ഇടിഞ്ഞു.
2024 ഓഗസ്റ്റിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും മോശം വളർച്ചയാണിത്.
∙ സ്ഥിര-ആസ്തി നിക്ഷേപ (ഫിക്സഡ് അസറ്റ് ഇൻവെസ്റ്റ്മെന്റ്) വളർച്ചനിരക്ക് 0.5 ശതമാനത്തിലേക്കും കൂപ്പുകുത്തി. നിരീക്ഷകർ പ്രവചിച്ചിരുന്നത് 1.4 ശതമാനം വളരുമെന്നായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈന തളരുന്നത് മേഖലയെയാകെ വലയ്ക്കും.
∙ ചൈനീസ് സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് മേഖല 2025ന്റെ ആദ്യ 8 മാസക്കാലത്ത് 12.9% വളർച്ചായിടിവ് നേരിട്ടതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി വീണു, ഉറ്റുനോട്ടം അമേരിക്കൻ പലിശയിൽ
ഇന്നുരാവിലെ ഗിഫ്റ്റ് നിഫ്റ്റി 50 പോയിന്റുവരെ താഴ്ന്നത് ഇന്ത്യയിൽ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചേക്കുമെന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞവാരം നിഫ്റ്റി50 ആകെ 1.51 ശതമാനവും സെൻസെക്സ് 1.48 ശതമാനവും നേട്ടം സ്വന്തമാക്കിയിരുന്നു.
25,100ന് മുകളിൽ തുടരാൻ നിഫ്റ്റിക്ക് കഴിഞ്ഞുവെന്നതും നേട്ടമാണ്. ഈവാരം പക്ഷേ, ആഭ്യന്തര-രാജ്യാന്തരതലങ്ങളിൽ നിന്ന് കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്.
∙ ഇന്ത്യയുടെ റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ ജൂലൈയിലെ 1.61ൽ നിന്ന് 2.07 ശതമാനത്തിലേക്ക് കയറി.
റിസർവ് ബാങ്കിന്റഎ നിയന്ത്രണ പരിധിക്ക് ഇപ്പോഴും ഏറെ താഴെയാണിതെങ്കിലും പണപ്പെരുപ്പം വീണ്ടും കൂടിത്തുടങ്ങിയത്, പലിശയിറക്കത്തിന് തടയിട്ടേക്കും.
∙ യുഎസിലും പണപ്പെരുപ്പം, തൊഴിലില്ലായ്മനിരക്ക് എന്നിവ കൂടിയത് ആശങ്കയാണ്. എങ്കിലും സെപ്റ്റംബർ 17ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തൽ.
∙ ഇതുമൂലം, യുഎസ് ഓഹരി വിപണികൾ പൊതുവേ നേട്ടത്തിലാണ്.
നാസ്ഡാക് കഴിഞ്ഞവാരം വ്യാപാരം പൂർത്തിയാക്കിയത് റെക്കോർഡിൽ. ഡൗ ജോൺസ്, എസ് ആൻഡ് പി500 സൂചികകൾ ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും മികച്ച നേട്ടവും കുറിച്ചു.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ, എസ് ആൻഡ് പി500, നാസ്ഡാക് എന്നിവ 0.05% വീതം നേട്ടവും കുറിച്ചു.
∙ ജാപ്പനീസ്, മലേഷ്യൻ ഓഹരി വിപണികൾക്ക് ഇന്ന് അവധിയാണ്.
ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.75% താഴ്ന്ന് വ്യാപാരം തുടങ്ങി. ചൈനയിൽ ഷാങ്ഹായ് 0.03%, ഹോങ്കോങ് 0.27% എന്നിങ്ങനെ ഉയർന്നു.
∙ റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില നേരിയ നേട്ടത്തിലേറി.
ഡബ്ല്യുടിഐ, ബ്രെന്റ് വിലകൾ ബാരലിന് 63-67 ഡോളർ നിലവാരത്തിൽ നിൽക്കുന്നു.
∙ സ്വർണവില ഔൺസിന് 3,645 ഡോളറിൽ നിന്ന് 3,627 ഡോളർ വരെ താഴ്ന്നെങ്കിലും വീണ്ടും കയറ്റംതുടങ്ങിയിട്ടുണ്ട്. അമേരിക്ക വൈകാതെ പലിശനിരക്ക് കുറയ്ക്കുമെന്നത് സ്വർണത്തിന് നേട്ടമാകും.
∙ രൂപ കഴിഞ്ഞയാഴ്ച ഡോളറിനെതിരെ 88.45 എന്ന റെക്കോർഡിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 88.26ലേക്ക് കയറി.
യുഎസ് ഡോളർ ഇൻഡക്സ്, ട്രഷറി യീൽഡ് എന്നിവ താഴേക്കുപോയതാണ് രൂപയ്ക്ക് ഗുണമായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

