
മുംബൈ∙ അമേരിക്ക ആസ്ഥാനമായ ആഗോള ചിപ് കമ്പനിയായ എൻവിഡിയ റിലയൻസ് ഇൻഡസട്രീസുമായും ടാറ്റയുമായും പങ്കാളിത്തത്തിന് കരാർ ഒപ്പുവച്ചതോടെ ഇന്ത്യയിൽ എഐ മേഖലയിൽ വിപ്ലവകരമായ വളർച്ചയ്ക്കു വഴിയൊരുങ്ങി. നിർമിതബുദ്ധി സാങ്കേതികവിദ്യയിൽ രാജ്യത്ത് മികച്ച അടിസ്ഥാനസൗകര്യമൊരുക്കുകയാണ് കമ്പനികളുമായുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യം. രാജ്യത്തെ സാങ്കേതികവിദ്യാ മേഖലയിലുള്ള ജീവനക്കാരുടെ നൈപുണ്യം ഉയർത്തുകയെന്ന ലക്ഷ്യവുമുണ്ട്.
റിലയൻസുമായി ചേർന്ന് എൻവിഡിയ ഇന്ത്യയുടെ സ്വന്തം എഐ ഭാഷാ മോഡലും ജനറേറ്റീവ് എഐ ആപ്പുകളും നിർമിക്കും. തദ്ദേശീയ ഭാഷകളിൽ എഐ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇരുകമ്പനികളും ചേർന്നു പ്രവർത്തിക്കും. ജിയോയുമായി ചേർന്ന് എഐ സൂപ്പർ കംപ്യൂട്ടറുകൾ നിർമിക്കാനും പദ്ധതിയുണ്ട്. എഐ രാജ്യത്തെ ഓരോ സാധാരണക്കാരിലേക്കുമെത്തിക്കുകയാണ് റിലയൻസിന്റെ അടുത്ത ലക്ഷ്യമെന്ന് കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
ആധുനിക ചിപ്പുകൾ, എഐ സൂപ്പർ കംപ്യൂട്ടിങ് സേവനങ്ങൾ എന്നിവ എൻവിഡിയ ഇന്ത്യൻ കമ്പനികൾക്കു ലഭ്യമാക്കും.എൻവിഡിയയുമായി ചേർന്നുള്ള പുതിയ ഐഐ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പുകൾക്കും ഡവലപ്പർമാർക്കും ഗവേഷകർക്കും പ്രയോജനകരമാകും.
ടാറ്റയുമായി ചേർന്നുള്ള പദ്ധതികളിൽ പ്രധാനം എഐ മേഖലയിൽ 6 ലക്ഷം ജീവനക്കാരുടെ സാങ്കേതിക നൈപുണ്യം വർധിപ്പിക്കാനുള്ള പരിപാടികളാണ്. ടാറ്റ കമ്യൂണിക്കേഷനുമായി ചേർന്ന് എഐ ഇൻഫ്രാസ്ട്രക്ചർ വികസനവും ലക്ഷ്യമിടുന്നുണ്ട്. എഐ മേഖലയിൽ രാജ്യത്തു വലിയ മാറ്റം കൊണ്ടുവരാൻ കരാറുകൾക്കു കഴിയും.
ഇന്ത്യൻ കമ്പനികളുമായുള്ള പങ്കാളിത്തം രാജ്യത്തിന് എഐ മേഖലയിൽ വലിയ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നും ഇന്ത്യയ്ക്കു മുന്നിൽ വലിയ അവസരങ്ങളുടെണ്ടെന്നും എൻവിഡിയ സിഇഒ ജെൻസെൻ ഹ്യുവാങ് പറഞ്ഞു. ഹ്യുവാങ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചർച്ച നടത്തിയിരുന്നു.
ഇന്ത്യൻ ഭാഷാ മോഡൽ വരുമ്പോൾ
ജൂൺ അവസാനം യുഎസിൽ പ്രസിഡന്റ് ജോ ബൈഡൻ ആതിഥ്യമരുളിയ ‘ടെക് ഹാൻഡ്ഷേക്കിൽ’ വച്ച് ചാറ്റ്ജിപിടി സൃഷ്ടാവായ ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ ഒരു ഭാഷാ മോഡൽ (എൽഎൽഎം) സൃഷ്ടിക്കാൻ ഇന്ത്യക്കാർ ശ്രമിച്ചാൽ നിരാശയായിരിക്കും ഫലം എന്നു പറഞ്ഞത് വിവാദമായിരുന്നു. ആൾട്ട്മാൻ അടുത്ത ദിവസം തിരുത്തിയെങ്കിലും ആനന്ദ് മഹീന്ദ്ര വെല്ലുവിളി ഏറ്റെടുത്തു. റിലയൻസ്–ടാറ്റ–എൻവിഡിയ സഹകരണത്തിലൂടെ യാഥാർഥ്യമാകാൻ പോകുന്നത് ആ വെല്ലുവിളിയാണ്.
ഇന്ത്യയുടെ സ്വന്തം ഭാഷാ മോഡൽ എന്നാൽ, ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യ തന്നെ നിർമിക്കുന്ന ചാറ്റ്ജിപിടി യാഥാർഥ്യമാകും എന്നാണർഥം. ചാറ്റ്ജിപിക്കു കരുത്തുപകരുന്ന ജിപിടി–4 ആണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച എഐ ഭാഷാ മോഡൽ. എൻവിഡിയയുമായി സഹകരിച്ച് ജിയോ പ്ലാറ്റ്ഫോംസ് തയാറാക്കുന്ന ഭഷാ മോഡൽ ഇന്ത്യൻ ഭാഷകളിലുള്ള ഡേറ്റയുടെ വൻ ശേഖരം ഉപയോഗിച്ചാകും പരിശീലിപ്പിക്കപ്പെടുക. ചാറ്റ്ജിപിടിക്കും ഗൂഗിൾ ബാർഡിനുമൊക്കെ കരുത്തു പകരുന്ന എൻവിഡിയ തന്നെയാണ് ഇന്ത്യൻ ഭാഷാ മോഡലിനും പിന്തുണ നൽകുന്നത് എന്നതിനാൽ എഐ മത്സരത്തിൽ ലോകശക്തിയാകാൻ ഇന്ത്യയ്ക്കു കഴിയും.
Content Highlight: AI revolution is coming in India
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]