
ചരക്ക്-സേവന നികുതി (ജിഎസ്ടി) ഘടനയിൽ വൻ പൊളിച്ചെഴുത്തിന് കേന്ദ്രനീക്കം. നേരത്തേ 12% സ്ലാബ് എടുത്തുകളയുമെന്നായിരുന്നു സൂചനയെങ്കിലും ഏറ്റവും ഉയർന്ന സ്ലാബായ 28% സ്ലാബ് കൂടി ഒഴിവാക്കാനാണ് ഇപ്പോൾ നീക്കം.
ജിഎസ്ടിയിൽ 2-സ്ലാബ് ഘടന മതിയെന്ന് ധനമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടിയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയുമായ ജിഎസ്ടി കൗൺസിലാണെങ്കിലും 2-സ്ലാബ് ഘടനയ്ക്കായി കേന്ദ്രം ശുപാർശ ചെയ്യും.
നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്.
സ്റ്റാൻഡേർഡ്, മെറിറ്റ് എന്നിങ്ങനെ രണ്ടു സ്ലാബുകൾ മതിയെന്നാണ് ധനമന്ത്രാലയത്തിന്റെ അഭിപ്രായം. അതായത് 12%, 28% എന്നിവ ഒഴിവാക്കി 5%, 18% സ്ലാബുകൾ നിലനിർത്തും.
12% സ്ലാബിലെ നിത്യോപയോഗ സാധനങ്ങൾ/സേവനങ്ങൾ മിക്കവയും 5 ശതമാനത്തിലേക്ക് മാറ്റും. അതായത് ഇവയുടെ വില കുറയും.
ജനങ്ങൾക്കും സംരംഭങ്ങൾക്കും അതു വൻ നേട്ടമാകും.
28% സ്ലാബിലെ ഉൽപന്ന/സേവനങ്ങളെ 18 ശതമാനം സ്ലാബിലേക്കും മാറ്റുന്നതോടെ, അവയുടെ വിലയും താഴുന്നത് ജനങ്ങൾക്ക് ഗുണകരമാകും. 28% സ്ലാബിലെ 90% ഉൽപന്ന/സേവനങ്ങളെയും 18 ശതമാനത്തിലേക്ക് മാറ്റിയശേഷം ബാക്കിയുള്ള അത്യാഡംബര ഉൽപന്ന/സേവനങ്ങളെ 40% എന്ന സ്പെഷൽ സ്ലാബ് സൃഷ്ടിച്ച് അതിലേക്കുമാറ്റുമെന്നും സൂചനകളുണ്ട്.
രാവിലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിയോടെ ജിഎസ്ടിയിൽ വൻ മാറ്റങ്ങളുണ്ടാകുമെന്നും നിത്യോപയോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതിഭാരം കുറയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എട്ടുവർഷം മുൻപ് നിലവിൽ വന്ന ജിഎസ്ടിയുടെ പ്രധാനലക്ഷ്യം ‘ഒരു രാജ്യം, ഒരു വിപണി, ഒറ്റ നികുതി’ എന്നതായിരുന്നു.
എന്നാൽ 5%, 12%, 18%, 28% എന്നിങ്ങനെ നികുതി സ്ലാബുകളും പുറമെ സെസുകളുമുള്ളത് നികുതിദായകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഈ സ്ലാബുകൾക്ക് പുറമെ നിത്യോപയോഗ വസ്തുക്കളെ ‘പൂജ്യം ശതമാനം’ എന്ന സ്ലാബിൽ കണക്കാക്കുന്നുണ്ട്.
പുറമെ സ്വർണത്തിന് 3%, വജ്രത്തിന് 0.25% എന്നിങ്ങനെ വ്യത്യസ്ത ജിഎസ്ടി നിരക്കുകളുമുണ്ട്.
സ്ലാബ് പരിഷ്കരണം വഴി കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും സംയോജിതമായ കനത്ത വരുമാന നഷ്ടമുണ്ടാകുമെങ്കിലും പരിഷ്കാര നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രനീക്കം. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യവുമുള്ളതിനാൽ കേന്ദ്ര ധനമന്ത്രാലയത്തിനു പകരം ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിരുന്നു.
രാജ്യത്തെ കർഷകർ, സാധാരണക്കാർ, ഇടത്തരം കുടുംബങ്ങൾ, എംഎസ്എംഇകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ‘വരും-തലമുറ പരിഷ്കാര നടപടികൾ’ നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി മോദി രാവിലെ പ്രസംഗത്തിൽ പറഞ്ഞത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]