
ഇന്ത്യയ്ക്കുമേൽ 25% ഇറക്കുമതി തീരുവയ്ക്ക് പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ‘പിഴ’യായി 25% അധികതീരുവ കൂടി ചുമത്തി 50 ശതമാനമാക്കിയതിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മുന്നിൽ സൃഷ്ടിച്ചത് വൻ പ്രതിസന്ധി. ഇന്നു അലാസ്കയിൽ നടക്കുന്ന പുട്ടിൻ-ട്രംപ് സമാധാന ചർച്ച വിജയിച്ചാലും ഇന്ത്യയ്ക്ക് നേട്ടമില്ലെന്നു മാത്രമല്ല എണ്ണ ഇറക്കുമതിയിൽ കൂടുതൽ തിരിച്ചടി നേരിടുകയും ചെയ്യും.
യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ചതിനെ തുടർന്ന്, 2022 മുതലാണ് ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്.
അതിനുമുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ ഒരു ശതമാനത്തിനും താഴെയായിരുന്നു റഷ്യയുടെ വിഹിതം. യുദ്ധത്തെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധം പ്രഖ്യാപിക്കുകയും റഷ്യയുടെ എണ്ണയും ഗ്യാസും വാങ്ങുന്നത് കുറയ്ക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ വരുമാനം നിലയ്ക്കാതിരിക്കാനും എണ്ണ ഉൽപാദനം തടസ്സപ്പെടാതിരിക്കാനും ലക്ഷ്യമിട്ടാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും വൻതോതിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് റഷ്യ വിപണിപിടിച്ചത്.
ഇന്ത്യ അവസരം പ്രയോജനപ്പെടുത്തി റഷ്യൻ എണ്ണ വൻതോതിൽ വാങ്ങി. മൊത്തം ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 40 ശതമാനം വരെ കുതിച്ചുയരുകയും ചെയ്തു.
റഷ്യയുടെ ‘യുദ്ധമെഷീനിന്’ എണ്ണ ഇറക്കുമതിയിലൂടെ സാമ്പത്തിക കരുത്തുപകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ചത്.
അലാസ്കയിൽ പുട്ടിനും ട്രംപും തമ്മിലെ ചർച്ച വിജയിച്ചാൽ റഷ്യയ്ക്കുമേലുള്ള ഉപരോധം ട്രംപിന് പിൻവലിക്കേണ്ടി വരും. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ അധിക തീരുവയും ഒഴിവാക്കേണ്ടി വരും.
എന്നാൽ, റഷ്യൻ എണ്ണ തുടർന്നും ഡിസ്കൗണ്ട് നിരക്കിൽ ഇന്ത്യയ്ക്ക് വാങ്ങാനുള്ള അവസരം നഷ്ടമാകും.
പുട്ടിനു നേട്ടം; ഇന്ത്യയ്ക്ക് കോട്ടം
വിപണി വിലയേക്കാൾ ബാരലിന് 15 ഡോളർ വരെ ഡിസ്കൗണ്ട് നൽകിയായിരുന്നു റഷ്യ ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ ലഭ്യമാക്കിയിരുന്നത്. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അത് അവസരമായി എടുക്കുകയും ചെയ്തു.
നിലവിൽ ട്രംപ് കടുത്ത നിലപാട് എടുത്തപ്പോഴും ഇന്ത്യ വാദിച്ചതും ഇതേകാര്യമായിരുന്നു. 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞവില ഉൾപ്പെടെയുള്ള വിപണിസാഹചര്യങ്ങൾ ഉപയോഗിക്കുമെന്നും രാജ്യതാൽപര്യമാണ് വലുതെന്നുമായിരുന്നു ഇന്ത്യയുടെ വാദം.
∙ നിലവിൽ ഇന്ത്യയ്ക്ക് ഏകദേശം 2.5 ഡോളർ വരെ മാത്രം ഡിസ്കൗണ്ടാണ് റഷ്യ നൽകുന്നത്.
∙ ഉപരോധം പിൻവലിക്കുന്ന പശ്ചാത്തലത്തിൽ ഡിസ്കൗണ്ട് വാഗ്ദാനങ്ങൾ റഷ്യ ഒഴിവാക്കും.
രാജ്യാന്തര വിപണിവിലയ്ക്കു തന്നെയാകും അതോടെ റഷ്യ എണ്ണ വിൽക്കുക. അതായത്, വിപണിവിലയ്ക്ക് തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങേണ്ടിവരും.
∙ ഉയർന്ന ഇൻഷുറൻസ്, ചരക്കുനീക്ക ചെലവുകളുണ്ടായിട്ടും കുറഞ്ഞവിലയാണെന്നതാണ് ഇന്ത്യ റഷ്യൻ എണ്ണ കൂടുതലായി വാങ്ങാൻ മുഖ്യകാരണം.
ഈ ആനുകൂല്യം നഷ്ടപ്പെടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
∙ വിലകൂടിയ ഗൾഫ്, ആഫ്രിക്കൻ, അമേരിക്കൻ, ലാറ്റിൻ അമേരിക്കൻ എണ്ണയെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിവരും.
ഇത് എണ്ണ ഇറക്കുമതിച്ചെലവ് വീണ്ടും കൂടാനിടവരുത്തും.
∙ എണ്ണ ഇറക്കുമതിച്ചെലവ് കൂടുന്നത് ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളും കൂടാനിടയാക്കും. രാജ്യത്ത് ഇന്ധനവില, ചരക്കുകൂലി, ഗതാഗതച്ചെലവ്, അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് എന്നിവ ഉയരും.
ബദൽ സ്രോതസ്സുകളിലേക്ക് ഉറ്റുനോട്ടം
നിലവിൽതന്നെ റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കുകയും പകരം ഗൾഫ്, ആഫ്രിക്കൻ, അമേരിക്കൻ എണ്ണ വാങ്ങുന്നത് പരിഗണിക്കുകയുമാണ് ഇന്ത്യൻ കമ്പനികൾ.
റഷ്യൻ എണ്ണയേക്കാൾ ഇവയ്ക്ക് വില കൂടുതലാണെന്നതിനു പുറമെ സാങ്കേതികപ്രശ്നവും ഇന്ത്യ നേരിട്ടേക്കും. സൾഫർ അംശം കുറഞ്ഞ ഇനമാണ് റഷ്യയിൽ നിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ വാങ്ങി ഉപയോഗിച്ചത്.
ഇതേ ഗ്രേഡ് എണ്ണ ബദൽ സ്രോതസ്സുകളിൽ നിന്ന് ഉടൻ വാങ്ങി ഉപയോഗിക്കുകയെന്നത് റിഫൈനറികളിൽ സാങ്കേതിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന നിരീക്ഷണങ്ങളുമുണ്ട്.
∙ 4 വർഷം മുൻപ് 231 കോടി ഡോളറിന്റെ റഷ്യൻ എണ്ണ ഇറക്കുമതിയായിരുന്നു ഇന്ത്യ നടത്തിയത്. 2024ൽ അത് കുത്തനെ വർധിച്ച് 5,220 കോടി ഡോളറിലെത്തി.
എണ്ണ വില ഇടിയുമോ?
റഷ്യയ്ക്കുമേലുള്ള ഉപരോധം പിൻവലിച്ചാൽ രാജ്യാന്തര എണ്ണവില കൂപ്പുകുത്തുമെന്ന വാദങ്ങൾ നിലനിൽക്കുന്നുണ്ട്.
എന്നാൽ, വിപണി നിരീക്ഷകർ ഇതിനെ തള്ളുകയാണ്. റഷ്യ യുദ്ധത്തിന് മുൻപത്തെ അളവിലേക്ക് ഉൽപാദനം കൂട്ടുമെന്നും അത് എണ്ണവില ഇടിയാൻ വഴിയൊരുക്കുമെന്നുമാണ് ചിലർ വാദിക്കുന്നത്.
നിലവിൽ പ്രതിദിനം 90.1 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് റഷ്യയുടെ ഉൽപാദനം. 2021ലെ പ്രതിദിന ശരാശരിയേക്കാൾ 6.10 ലക്ഷം ബാരൽ വീതം കുറവാണിത്.
റഷ്യ ഉടൻ ഉൽപാദനം വർധിപ്പിക്കില്ല.
നിലവിൽ ബാരലിന് 47 ഡോളറിനടുത്ത് പരമാവധി വിലയാണ് ഉപരോധത്തിന്റെ ഭാഗമായി റഷ്യൻ എണ്ണയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനേക്കാൾ കൂടിയ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങാനാവില്ല.
ഉപരോധം ലംഘിക്കുന്ന രാജ്യങ്ങൾക്കുമേലും ഉപരോധം പ്രഖ്യാപിക്കുമെന്നാണ് യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ്.
47 ഡോളർ എന്ന ‘ഉപരോധവില’യിൽ നിന്ന് വിപണിയിലേക്ക് തിരിച്ചുകയറുകയാണ് റഷ്യ ആദ്യം ലക്ഷ്യംവയ്ക്കുക. ഉൽപാദനം വൻതോതിൽ കൂട്ടി വിപണിയിലേക്കുള്ള സ്റ്റോക്ക് വരവ് കൂട്ടിയാൽ വിലയിടിവിനേ അതുവഴിവയ്ക്കൂ.
പകരം, ഉൽപാദനത്തിൽ തൽസ്ഥിതി നിലനിർത്തി ഡിമാൻഡിന് അനുസരിച്ച് ഉൽപാദനം കൂട്ടാനാകും റഷ്യ ശ്രമിക്കുക. ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ഡിസ്കൗണ്ട് ഒഴിവാക്കുന്നതും റഷ്യയ്ക്ക് നേട്ടമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]