
കേരളത്തിൽ ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും താഴ്ന്നിറങ്ങി സ്വർണവില. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,280 രൂപയും പവന് 80 രൂപ കുറഞ്ഞ് 74,240 രൂപയുമായി.
കഴിഞ്ഞദിവസം വില കുറയ്ക്കാതിരുന്ന ഒരുവിഭാഗം വ്യാപാരികൾ ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറച്ച് വില ഏകീകരിച്ചു. ഇതോടെ ഇന്ന് കേരളത്തിൽ എല്ലാ ജ്വല്ലറികളിലും സ്വർണത്തിന് ഒറ്റവിലയായി.
18 കാരറ്റ് സ്വർണം, വെള്ളി എന്നിവയ്ക്ക് വ്യത്യസ്ത വിലകൾ തന്നെ തുടരുന്നു.
ഇന്നു ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് 5 രൂപ കുറച്ച് ഗ്രാം വില 7,670 രൂപയാക്കി. മറ്റു ചില വ്യാപാരികൾ നൽകിയ വില 10 രൂപ കുറച്ച് 7,620 രൂപ.
വെള്ളിക്കും ചില കടകളിൽ ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 125 രൂപയായപ്പോൾ മറ്റൊരു വിഭാഗം വ്യാപാരികൾ ഈടാക്കുന്നത് ഗ്രാമിന് ഒരു രൂപ കുറച്ച് 122 രൂപയാണ്. 14 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5,930 രൂപയായി.
9 കാരറ്റിന് 5 രൂപ താഴ്ന്ന് 3,815 രൂപയും.
സ്വർണത്തിന് ഇനി നിർണായക ദിനങ്ങൾ
രാജ്യാന്തര സ്വർണവില ഔൺസിന് 3,332 ഡോളർ വരെ താഴ്ന്നെങ്കിലും ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 3,342 ഡോളറിൽ. ഒരുഘട്ടത്തിൽ 3,348 ഡോളർ വരെ കയറുകയും ചെയ്തു.
ഈ കയറ്റമില്ലാതിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ വില കൂടുതൽ താഴുമായിരുന്നു.
∙ ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയിൽ അടിസ്ഥാന പിലശനിരക്ക് കുത്തനെ കുറയാനുള്ള സാധ്യതകൾ സ്വർണത്തിന് ആവേശമായേക്കും. ∙ അമേരിക്കയിൽ റീട്ടെയ്ൽ പണപ്പെരുപ്പം ജൂലൈയിൽ 2.7 ശതമാനത്തിൽ മാറ്റമില്ലാതെ നിന്നിരുന്നു.
ഇതോടെ എത്രയും വേഗം പലിശനിരക്ക് കുറയ്ക്കണമെന്ന സമ്മർദവുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ∙ അടിസ്ഥാന പലിശനിരക്കിൽ സെപ്റ്റംബറിൽ തന്നെ 0.50 ശതമാനത്തിൽ കുറയാത്ത ഇളവ് വരുത്തണമെന്നാണ് ആവശ്യം.
ഒക്ടോബറിലും വേണം ബംപർ ഇളവ്.
പലിശഭാരം കുറയ്ക്കുമോ അമേരിക്ക?
റീട്ടെയ്ൽ പണപ്പെരുപ്പം ആശ്വാസതലത്തിൽ തുടരുന്നെന്ന് കാട്ടിയാണ് പലിശ കുറയ്ക്കാൻ ട്രംപും ഗവൺമെന്റും മുറവിളി നടത്തുന്നത്. എന്നാൽ, മൊത്തവില പണപ്പെരുപ്പം 0.2% പ്രതീക്ഷിച്ചിടത്ത് ജൂലൈയിൽ 0.9 ശതമാനത്തിലേക്ക് ഉയർന്നതോടെ പ്രതീക്ഷകൾ പാളി.
മൊത്തവില പണപ്പെരുപ്പം കൂടുന്നത് വരുംമാസങ്ങളിൽ റീട്ടെയ്ൽ പണപ്പെരുപ്പത്തെയും ഉയരങ്ങളിലേക്ക് നയിച്ചേക്കും. ഈ വിലയിരുത്തലാണ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കണക്കിലെടുക്കുന്നതെങ്കിൽ സെപ്റ്റംബറിൽ പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ല.
പലിശ കുറഞ്ഞാൽ സ്വർണവില എങ്ങോട്ട്?
അമേരിക്ക പലിശനിരക്ക് കുറയ്ക്കുന്നതും സ്വർണവിലയും തമ്മിലെന്ത് ബന്ധം? നോക്കാം: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പ്രസിഡന്റ് ട്രംപിന്റെ സമ്മർദത്തിന് വഴങ്ങി പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ സ്വർണവില കുതിച്ചുകയറും.
കാരണം, അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ വായ്പകളുടെ പലിശനിരക്കു മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങൾ, യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന ആദായം (ട്രഷറി യീൽഡ്) എന്നിവയും കുറയും. ഇവ അനാകർഷകമാകുന്നത് നിക്ഷേപം ഇടിയാൻ വഴിവയ്ക്കും.
അത് ഡോളറിനെയും തളർത്തും.
∙ ബാങ്ക് നിക്ഷേപം, കടപ്പത്രം, ഡോളർ എന്നിവ അനാകർഷകമാകുമ്പോൾ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപങ്ങൾക്ക് സ്വീകാര്യതയേറും. അതോടെ സ്വർണവില കുതിപ്പിന്റെ ട്രാക്കിലാകും.
∙ രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്.
ഡോളർ തളരുമ്പോൾ സ്വർണം വാങ്ങുന്നതിന്റെ ചെലവുഭാരം കുറയും. ഇത് ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് സ്വർണ ഡിമാൻഡ് ഉയരാൻ വഴിയൊരുക്കും.
ഫലത്തിൽ, സ്വർണവില വർധനയുടെ ആക്കംകൂടും.
∙ ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക്, ചൈനയുടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടങ്ങിയവയും അവസരം പ്രയോജനപ്പെടുത്തി കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടും. ഇതും സ്വർണത്തിന് ഊർജമാകും.
കേരളത്തിൽ വില ഇനിയെങ്ങോട്ട്?
രാജ്യാന്തരവില, ഡോളർ-രൂപ വിനിമയനിരക്ക്, സ്വർണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കിമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്) എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ ദിവസവും സ്വർണവില നിർണയം.
രാജ്യാന്തരവിലയിലുണ്ടാകുന്ന വർധനയ്ക്ക് പുറമെ താരിഫ് പ്രതിസന്ധി, ഓഹരി വിപണിയിലെ വിദേശ നിക്ഷേപനഷ്ടം എന്നിവമൂലം രൂപ ഡോളറിനെതിരെ സമ്മർദത്തിലാവുകയും െചയ്താൽ കേരളത്തിൽ സ്വർണവില വർധനയ്ക്ക് കടുപ്പംകൂടും.
ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കുറിച്ച ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്. അതിനുശേഷം ഇതുവരെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിട്ടുണ്ട്.
അമേരിക്ക വലച്ചാൽ സ്വർണവില കേരളത്തിൽ ഈ റെക്കോർഡും തകർത്ത് ഉയരാം.
പലിശ മാത്രമാണോ വില്ലൻ?
അല്ല! അമേരിക്കൻ പലിശയുടെ ദിശയിലേക്ക് മാത്രമല്ല സ്വർണം ഉറ്റുനോക്കുന്നത്.
അലാസ്കയിൽ നടക്കുന്ന പുട്ടിൻ-ട്രംപ് ചർച്ചയും സ്വർണത്തിന് ഏറെ നിർണായകമാണ്. ചർച്ച വിജയകരമായാൽ യുക്രെയ്ൻ-റഷ്യ യുദ്ധം തൽക്കാലത്തേക്കെങ്കിലും നിലയ്ക്കും.
യുദ്ധം, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ സാഹചര്യങ്ങളിലാണ് സാധാരണ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയും നേടി സ്വർണവില കുതിക്കാറുള്ളത്. യുക്രെയ്ൻ-റഷ്യ വെടിനിർത്തലുണ്ടായാൽ സ്വരർണവില താഴേക്കിറങ്ങും.
എന്നാൽ, ട്രംപ്-പുട്ടിൻ ചർച്ച പൊളിഞ്ഞാൽ സ്വർണവില കത്തിക്കയറും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]