
ദീപാവലിയോടെ ജിഎസ്ടിയിൽ വൻ പരിഷ്കാരം നടപ്പാക്കുമെന്നും നിത്യോപയോഗ സാധനങ്ങളുടെ നികുതിഭാരം വെട്ടിക്കുറയ്ക്കുെമന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
സാധാരണക്കാരും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരും (എംഎസ്എംഇ) നേരിടുന്ന നികുതി ബാധ്യതകൾ കുറയ്ക്കും. ‘വലിയ സർപ്രൈസ്’ ആണ് ദീപാവലി ആഘോഷവേളയിൽ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 9ന് ആണ് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിലിന്റെ യോഗം.
നിലവിൽ 5%, 12%, 18%, 28% എന്നീ നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഇതിൽ 12 ശതമാനം സ്ലാബ് ഒഴിവാക്കാൻ നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പച്ചക്കൊടി വീശിയിരുന്നു.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ആഭ്യന്തരമന്ത്രി അമിത് ഷായും ചർച്ച നടത്തിയിരുന്നു. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യമുള്ളതിനാലാണ് ധനമന്ത്രാലയത്തെ മറികടന്ന് അമിത് ഷാ തന്നെ നേരിട്ട് ചർച്ചകളിലേക്ക് കടന്നത്.
വഴിവച്ചത് അമിത് ഷായുടെ ഇടപെടൽ
വിഷയത്തിൽ അമിത് ഷാ നേരിട്ട് ഇടപെട്ടതോടെ, ജിഎസ്ടിയിൽ സമഗ്രമായ പൊളിച്ചുപണി ഉണ്ടായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
നികുതിയിളവ് പ്രതീക്ഷിക്കാമെന്ന് മോദി പറഞ്ഞതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണം കൂടിയാവുകയാണ്. 12% സ്ലാബിലുള്ള നിത്യോപയോഗ വസ്തുക്കളെയും സേവനങ്ങളെയും 5 ശതമാനം സ്ലാബിലേക്ക് മാറ്റാനാണ് സാധ്യത.
അതോടെ അവയുടെ വിലയും കുറയും. ഇതുവഴി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കൂടി 80,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്.
എങ്കിലും സ്ലാബ് പരിഷ്കരണവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ നീക്കം.
∙ 20 ലിറ്ററിന്റെ കുടിവെള്ള ബോട്ടിൽ, കണ്ടൻസ്ഡ് മിൽക്ക്, ശീതീകരിച്ച പച്ചക്കറികൾ, ജാം, ഫ്രൂട് ജ്യൂസ്, കറി പേസ്റ്റ്, ചെരിപ്പ്, കുട, സൈക്കിൾ, പെൻസിൽ, ടൂത്ത് പേസ്റ്റ്, വിമാനയാത്ര, ഡയഗ്നോസ്റ്റിക് കിറ്റുകൾ, ഹോട്ടൽ മുറി വാടക തുടങ്ങിയ ഉൽപന്ന/സേവനങ്ങൾക്ക് വിലകുറയാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.
എണ്ണയിലും ആത്മനിർഭർ; കർഷകരെ സംരക്ഷിക്കും
ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് മുന്തിയപങ്കും ഇപ്പോൾ ഉപയോഗിക്കുന്നത് ക്രൂഡ് ഓയിൽ വാങ്ങാനാണ്. ഇന്ത്യയിൽതന്നെ ജെറ്റ് എൻജിനുകൾ നിർമിക്കും.
സോളർ പാനലും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സെമികണ്ടക്ടർ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളും വിദേശ ആശ്രയത്വമില്ലാതെ ഇവിടെതന്നെ വികസിപ്പിക്കും. ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കുന്നതും കുറയ്ക്കുമെന്ന് മോദി പറഞ്ഞു.
ട്രംപ് ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിക്കുകയും റഷ്യ-യുക്രെയ്ൻ സമാധാന ഉടമ്പടി നടപ്പായില്ലെങ്കിൽ ഇന്ത്യയ്ക്കുമേൽ തീരുവ ഇനിയും കൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മോദിയുടെ പരോക്ഷ മറുപടി.
എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ‘സമുദ്ര മൻഥൻ’ എന്ന പേരിൽ ഇന്ത്യയിൽ എണ്ണ, വാതക പര്യവേക്ഷണം ഊർജിതമാക്കുമെന്നും മോദി പറഞ്ഞു.
രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യം സംരക്ഷിക്കുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ കാർഷിക, ക്ഷീര വിപണികൾ തുറന്നുകിട്ടണമെന്ന ട്രംപിന്റെ ആവശ്യം കേന്ദ്രസർക്കാർ വ്യാപാര ചർച്ചകളിൽ അംഗീകരിച്ചിരുന്നില്ല.
സിന്ധൂനദീ ജല കരാർ അന്യായവും ഏകപക്ഷീയവുമാണെന്ന് വ്യക്തമാക്കിയ മോദി, ഇന്ത്യയുടെ ജലം ഇന്ത്യയിലെ കർഷകർക്ക് അവകാശപ്പെട്ടതാണെന്ന് പാക്കിസ്ഥാനുള്ള പരോക്ഷ മറുപടിയായും പറഞ്ഞു. ‘‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല.
നമ്മുടെ രാജ്യത്തെ കർഷകർക്ക് ദാഹിക്കുമ്പോൾ വെള്ളം ശത്രുരാജ്യത്തിന് കൊടുക്കാനാവില്ല’’, മോദി വ്യക്തമാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]