
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് അലാസ്കയില് ഇന്നു നടക്കുന്ന പുട്ടിനുമായുള്ള ചർച്ച പരാജയപ്പെടാൻ 25% സാധ്യത നിലനിൽക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ഡീൽ ഒറ്റ സെക്കൻഡിൽ എടുക്കാനാകും.
എന്നാലും, ചർച്ച പൊളിയാൻ 25% സാധ്യത കാണുന്നുണ്ടെന്ന് ട്രംപ് ഒരു യുഎസ് മാധ്യമത്തോട് പറഞ്ഞു. 3-ഘട്ട
ചർച്ചകളാണ് ലക്ഷ്യമിടുന്നതെന്നും ഇന്നത്തെ ചർച്ച ഫലപ്രദമായാൽ യുക്രെയ്ൻ നേതാവ് വൊളോഡിമിർ സെലെൻസ്കിയെ കൂടി ഉൾപ്പെടുത്തി തുടർ ചർച്ചകൾ നടക്കുമെന്നും ട്രംപ് പറഞ്ഞു.
പുട്ടിനും ട്രംപും തമ്മിലെ നേരിട്ടുള്ള (വൺ-ഓൺ-വൺ) ചർച്ചയാണ് അലാസ്കയിൽ നടക്കുകയെന്ന് വ്യക്തമാക്കിയ റഷ്യ, നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, യുദ്ധം അവസാനിപ്പിച്ച് അമേരിക്കയുമായി വാണിജ്യബന്ധം സജീവമാക്കുകയാണ് നിലവിൽ റഷ്യ ഉന്നംവയ്ക്കുന്നത്.
വാണിജ്യം, ബഹിരാകാശദൗത്യം, നിക്ഷേപം തുടങ്ങിയ മേഖലകളിലെല്ലാം റഷ്യ സഹകരണം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. യുദ്ധമൂലം റഷ്യയുടെ സാമ്പത്തികസ്ഥിതി ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതും പുട്ടിനെ ചർച്ചയിലേക്ക് നയിച്ച ഘടകമാണ്.
അമേരിക്കയ്ക്ക് ‘മൊത്തവില’ ഷോക്ക്
ജൂലൈയിൽ റീട്ടെയ്ൽ പണപ്പെരുപ്പം 2.7 ശതമാനത്തിൽ മാറ്റമില്ലാതെ നിന്നത് പ്രസിഡന്റ് ട്രംപിന് ആശ്വാസമായെങ്കിലും കടുത്ത ഷോക്കായി മൊത്തവില (ഹോൾസെയിൽ) പണപ്പെരുപ്പത്തിലെ വൻ വർധന.
0.2% പ്രതീക്ഷിച്ചിടത്ത് 0.9 ശതമാനത്തിലേക്കാണ് മൊത്തവില പണപ്പെരുപ്പത്തിന്റെ (പ്രൊഡ്യൂലസർ പ്രൈസ് ഇൻഡക്സ്-പിപിഐ) വർധന. ട്രംപിന്റെ താരിഫ് നയങ്ങൾ അമേരിക്കയെ തിരിഞ്ഞുകുത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
2022 ജൂണിനുശേഷമുള്ള ഏറ്റവും വലിയ വർധനയുമാണിത്.
∙ വാർഷികാടിസ്ഥാനത്തിൽ പിപിഐ 3.3 ശതമാനത്തിലേക്ക് കുതിച്ചുകയറി. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ‘ലക്ഷ്മണ രേഖ’യായ 2 ശതമാനത്തേക്കാൾ ഏറെ മുകളിൽ.
∙ റീട്ടെയ്ൽ പണപ്പെരുപ്പം 2.7 ശതമാനത്തിൽ മാറ്റമില്ലാതെ നിന്നതിനാൽ സെപ്റ്റംബറിലും ഒക്ടോബറിലും ചേരുന്ന പണനയ സമിതി അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നു.
എന്നാൽ, മൊത്തവില പണപ്പെരുപ്പം കൂടിയതോടെ ആ പ്രതീക്ഷകൾ ഏറക്കുറെ മങ്ങിയിട്ടുണ്ട്.
∙ മൊത്തവില പണപ്പെരുപ്പം കൂടിയത് യുഎസ് ഓഹരി വിപണികൾക്കും ഷോക്കായി. നാസ്ഡാക് 0.01%, ഡൗ ജോൺസ് 0.02% എന്നിങ്ങനെ താഴുകയും എസ് ആൻഡ് പി500 സൂചിക 0.03% മാത്രം ഉയരുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി റെക്കോർഡ് തേരോട്ടം നടത്തിയശേഷമാണ് ഈ തളർച്ച.
∙ പ്രമുഖ ചിപ് നിർമാതാക്കളായ ഇന്റലിൽ ട്രംപ് ഭരണകൂടം ഓഹരി പങ്കാളിത്തത്തിന് ശ്രമിക്കുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന്, കമ്പനിയുടെ ഓഹരികൾ 4% കയറി.
∙ ഇന്റലിന്റെ സിഇഒ ലിപ്-ബു ടാനിനെ പുറത്താക്കണമെന്ന് കഴിഞ്ഞദിവസം ആവശ്യപ്പെട്ട ട്രംപ് മലക്കംമറിഞ്ഞിരുന്നു.
ടാനുമായി കൂടിക്കാഴ്ചയും ട്രംപ് നടത്തി. അതിനുശേഷമാണ് കമ്പനിയിൽ ട്രംപ് ഭരണകൂടം നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇന്ത്യയുടെ റേറ്റിങ് ഉയർത്തി എസ് ആൻഡ് പി
ട്രംപ് പ്രഖ്യാപിച്ച 50% ‘ഇടിത്തീരുവ’ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കില്ലെന്ന് പ്രമുഖ അമേരിക്കൻ റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ.
ഇന്ത്യയുടെ സോവറീൻ ക്രെഡിറ്റ് റേറ്റ് ബിബിബി നെഗറ്റീവിൽ നിന്ന് ബിബിബിയിലേക്ക് ഉയർത്തുകയും ചെയ്തു. ഇന്ത്യയുടെ സമ്പദ്സ്ഥിതി ഭദ്രമെന്ന് വ്യക്തമാക്കുന്നതും കൂടുതൽ നിക്ഷേപമെത്താൻ വഴിയൊരുക്കുന്നതുമായ റേറ്റിങ്ങാണിത്.
2047ഓടെ വികസിത രാജ്യമാവുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് കൂടുതൽ കരുത്തേകുന്നതാണ് റേറ്റിങ്ങിലുണ്ടായ ഉയർച്ചയെന്ന് കേന്ദ്രം പ്രതികരിച്ചു.
ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് അവധി
സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് അവധിയാണ്. കമ്മോഡിറ്റി വിപണികളും അടഞ്ഞുകിടക്കും.
ഇന്നലെ സെൻസെക്സ് 57 പോയിന്റ് (+0.07%) ഉയർന്ന് 80,597ലും നിഫ്റ്റി 11 പോയിന്റ് (+0.05%) നേട്ടവുമായി 24,631ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഈയാഴ്ച ഒരു ശതമാനം വീതം നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കാൻ ഇരു സൂചികകൾക്കും കഴിഞ്ഞു.
തുടർച്ചയായ 6-ആഴ്ചത്തെ നഷ്ടയാത്രയ്ക്ക് ശേഷമാണ് ഈ കരകയറ്റം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]