സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പ്രമുഖ ഔഷധ നിർമ്മാണ വിതരണ സ്ഥാപനമായ ഔഷധി, തുള്ളിമരുന്നുകളുടെ നിർമ്മാണ മേഖലയിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി സജ്ജമാക്കിയ പുതിയ അർക്ക പ്ലാന്റ് അടുത്ത മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് ഔഷധി എംഡി ഡോ.
ടി.കെ.ഹൃതീക് അറിയിച്ചു. ‘അർക്ക പ്രകാശം’ എന്ന ആയുർവേദ ഗ്രന്ഥത്തിലെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പ്ലാന്റിൽ മരുന്നുകൾ നിർമ്മിക്കുന്നത്.
കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ അവയവങ്ങളിലെ അസ്വസ്ഥതകൾ പരിഹരിക്കാൻ സഹായിക്കുന്ന തുള്ളിമരുന്നുകളാണ് ഇവിടെ ഉൽപാദിപ്പിക്കുക. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
തുള്ളിമരുന്നുകളുടെ പരിമിതമായ കാലാവധി കണക്കിലെടുത്ത്, ആദ്യഘട്ടത്തിൽ ചെറിയ തോതിലാണ് ഉൽപാദനം ആരംഭിക്കുന്നത്. വിപണിയിലെ ആവശ്യകത അനുസരിച്ച് ഭാവിയിൽ ഉൽപാദനം വിപുലീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
സമീപകാലത്തായി ഔഷധിയിൽ വലിയ തോതിലുള്ള ആധുനികവൽക്കരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഐസിപി–എംഎസ്, എച്ച്പിടിഎൽസി സംവിധാനങ്ങൾ, അത്യാധുനിക രസ പ്ലാന്റ്, ഓട്ടമേറ്റഡ് പാനുകളോട് കൂടിയ പ്രധാന പ്ലാന്റ്, എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ നിലവിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ, 450-ഓളം ഔഷധ സസ്യങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ തോട്ടവും ഔഷധിയുടെ പ്രത്യേകതയാണ്. പ്രതിവർഷം 22 ലക്ഷം ലീറ്റർ അരിഷ്ടവും പ്രതിദിനം 3 ലക്ഷം ഗുളികകളുമാണ് ഇവിടെ നിർമ്മിക്കുന്നത്.
കഷായം, തൈലം, കുഴമ്പ്, ലേഹ്യം എന്നിവ ഉൾപ്പെടെ പ്രതിമാസം 17 കോടി രൂപയുടെ മരുന്നുകളാണ് വിവിധ പ്ലാന്റുകളിലായി ഉൽപാദിപ്പിക്കുന്നത്. മുൻവർഷം 222 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ച് ഔഷധി ചരിത്രനേട്ടം കുറിച്ചതായും ഡോ.
ടി.കെ.ഹൃതീക് കൂട്ടിച്ചേർത്തു. 2021-ൽ ഇത് 153 കോടി രൂപയായിരുന്നു.
ഔഷധി പഞ്ചകർമ ആശുപത്രിയും 4.33 കോടി രൂപയുടെ വിറ്റുവരവുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതിനുപുറമെ, തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിങ് എന്നീ അക്കാദമിക് ആയുർവേദ കോഴ്സുകൾ ആരംഭിക്കാനുള്ള അനുമതിയും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.
അടുത്ത അധ്യയന വർഷത്തോടെ ഈ കോഴ്സുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

