
ഏറെക്കാലമായി വ്യവസായ ലോകം കാത്തിരിക്കുകയായിരുന്നു അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവ്. അങ്ങനെ എല്ലാവരും കാത്തിരുന്ന ടെസ് ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിൽ ഇന്നാരംഭിച്ചു.
ഇന്ത്യൻ വാഹന വ്യവസായ മേഖലയെ പ്രത്യേകിച്ചും കാർ കമ്പനികളെ ഇത് എങ്ങനെ ബാധിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. 60 ലക്ഷം രൂപ വില വരുന്ന മോഡൽ വൈ യുമായാണ് ടെസ് ല ഇന്ത്യയിലേയ്ക്ക് കാൽ എടുത്തു വയ്ക്കുന്നത്.
പൂർണമായും ചൈനയിൽ നിർമിച്ച വൈദ്യുതി വാഹനങ്ങളാണ് ടെസ് ല ഇന്ത്യയിൽ വിറ്റഴിക്കുക. ഒറ്റ ചാർജിൽ 500 കിലോമീറ്റർ താണ്ടാന് ഇതിന് കഴിയും.
അടുത്ത ഘട്ടത്തിൽ ഡ്രൈവറില്ലാക്കാറുകളും ഇന്ത്യൻ നിരത്തുകളിൽ ടെസ് ല ഓടിക്കാനൊരുങ്ങുകയാണ്. ട്രംപുമായി കടുത്ത വഴക്കിനിടെ മസ്കിന്റെ ഇന്ത്യയിലേയ്ക്കുള്ള ഈ വരവ് എങ്ങനെയാകുമെന്ന ആകാംക്ഷയുമുണ്ട്.
സ്റ്റാർലിങ്ക്
ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന അനുമതി ടെലികോം വകുപ്പിൽ നിന്ന് കഴിഞ്ഞ മാസം ലഭിച്ചു.
ഉടൻ വാണിജ്യാടിസ്ഥനത്തിലുള്ള പ്രവർത്തം ആരംഭിക്കും. വേഗതയേറിയതും വിശ്വസനീയവുമായ ബ്രോഡ്ബാൻഡ് വാഗ്ദാനം ചെയ്യുന്നതിനാണ് സ്പേസ് എക്സിന്റെ വിപ്ലവകരമായ സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വളരെ ഉയരത്തിൽ പ്രവർത്തിക്കുന്ന പരമ്പരാഗത ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റാർലിങ്കിന്റെ ഭൂമിയുമായുള്ള സാമീപ്യം പെട്ടെന്ന് കൂടുതൽ സ്ഥിരതയുള്ള പ്രകടനത്തിന് വഴിതെളിക്കും. പരമ്പരാഗത ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും സ്റ്റാർ ലിങ്ക് വഴി ഇന്റർനെറ്റ് എത്തിക്കാനാകും.
ഇന്റർനെറ്റ് സേവനങ്ങളിൽ ഇന്ത്യയിൽ വലിയ വിപ്ലവത്തിന് തന്നെ സ്റ്റാർ ലിങ്ക് വഴിയൊരുക്കും എന്നാണ് വിദഗ്ധർ പറയുന്നത്
ടെസ് ലയും സ്റ്റാർലിങ്കും ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരുമെന്നതാണ് ഏറ്റവും പ്രധാനം. നേരിട്ടുള്ള വിദേശ നിക്ഷേപവും വൻതോതിലുള്ള തൊഴിലവസരവുമാണ് ഇതിലൂടെ രാജ്യത്തിന് ലഭിക്കുക.
ടെസ് ലയുടെ വരവ് വാഹന വിപണിയെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിക്കും. അതേ സമയം ഇലക്ട്രിക് വാഹനമെന്ന പ്രത്യേക വിഭാഗമായതിനാൽ വ്യവസായത്തെ ആകെ ബാധിക്കാനുള്ള സാധ്യത അധികമില്ല.
ഇന്ന് നിഫ്റ്റി ഓട്ടോ ഒന്നര ശതമാനത്തിലേറെ മുന്നേറിയത് അതാണ് വ്യക്തമാക്കുന്നത്.
ടെസ് ലയും സ്റ്റാർ ലിങ്കും വൻതോതിൽ മുതൽ മുടക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപമാണെന്നതാണ് ഇപ്പോൾ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും അനുകൂലമായ കാര്യം. എന്നാൽ ഭാവിയിൽ മസ്ക് എന്ന വിദേശ മുതലാളി ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
മസ്കിന്റെ സ്വഭാവം വച്ചാണെങ്കിൽ അമേരിക്കയിലും ചൈനയിലുമുൾപ്പടെ എവിടെയും കടന്നു കയറുന്ന രീതി ഇന്ത്യയിലും ആവർത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]