
അയൽരാജ്യമായ മെക്സിക്കോയുമായുള്ള ‘തക്കാളി കരാർ’ റദ്ദാക്കി ട്രംപ് ഭരണകൂടം. ഇനിമുതൽ മെക്സിക്കോയിൽ നിന്ന് അമേരിക്കയിലെത്തുന്ന തക്കാളിക്ക് 17.09% ഇറക്കുമതിച്ചുങ്കം ബാധകമായിരിക്കും.
ഇരു രാജ്യങ്ങളും തമ്മിൽ 2019ൽ ഒപ്പുവച്ച കരാർ ഏകപക്ഷീയമായി റദ്ദാക്കിയാണ് അമേരിക്കയുടെ തീരുമാനം. മെക്സിക്കോ തീരെക്കുറഞ്ഞ വിലയിലാണ് അമേരിക്കയിൽ തക്കാളി വിൽപനയ്ക്കെത്തിക്കുന്നതെന്നും ഇതു യുഎസിലെ കർഷകർക്ക് തിരിച്ചടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ചുങ്കം കൂട്ടിയതെന്ന് യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
തക്കാളിവില കുതിക്കും
യുഎസുകാർ കഴിക്കുന്ന തക്കാളിയുടെ മൂന്നിൽ രണ്ടും എത്തുന്നത് മെക്സിക്കോയിൽ നിന്നാണ്.
ചുങ്കം കൂട്ടിയ ട്രംപിന്റെ തീരുമാനം തക്കാളി വില കൂടാനുമിടയാക്കും. പ്രതിവർഷം ശരാശരി 300 കോടി ഡോളറിന്റെ (ഏകദേശം 26,000 കോടി രൂപ) തക്കാളിയാണ് മെക്സിക്കോ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്.
മെക്സിക്കോ തക്കാളിയുടെ മൊത്തം കയറ്റുമതിയിൽ 70% വാങ്ങുന്ന രാജ്യവുമാണ് യുഎസ്.
അമേരിക്കയിൽ കുറഞ്ഞവിലയുമായി മെക്സിക്കൻ തക്കാളി വിപണിപിടിക്കുന്നത് തടയാനായി 1996ൽ ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു. 2019ൽ കരാർ പുതുക്കി.
യുഎസിലെത്തുന്ന കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില നിശ്ചയിച്ചും കയറ്റുമതിക്കാർക്കെതിരായ അന്വേഷണങ്ങൾ മരവിപ്പിച്ചുമായിരുന്നു കരാർ. കുറഞ്ഞവിലയ്ക്ക് ഉൽപന്നങ്ങൾ യുഎസിൽ എത്തിച്ച് വിപണിയിൽ അധാർമിക മത്സരം സൃഷ്ടിക്കുന്നതിന് തടയിടുകയായിരുന്നു ലക്ഷ്യം.
എന്നാൽ, കരാറിലെ നിർദേശങ്ങൾ മെക്സിക്കോ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ യുഎസിന്റെ പിന്മാറ്റം.
തക്കാളിക്കും ടാക്സ്!
ഉയർന്ന ചുങ്കം ചുമത്തിയോടെ അമേരിക്കക്കാർ ഫലത്തിൽ തക്കാളിക്കും നികുതി കൊടുക്കേണ്ട സ്ഥിതിയാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
റീട്ടെയ്ൽ സ്റ്റോറുകളിൽ തക്കാളിക്ഷാമത്തിനും വിലക്കയറ്റത്തിനും ട്രംപിന്റെ തീരുമാനം വഴിവച്ചേക്കും. എന്നാൽ, യുഎസിൽ ഉൽപാദനം കൂട്ടണമെന്നും യുഎസ് കർഷകർക്ക് കൂടുതൽ മെച്ചപ്പെട്ട
വില ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനുംമേൽ ട്രംപ് കഴിഞ്ഞദിവസം 30% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിലാകും. ഇതിലുൾപ്പെടാത്ത കാർഷിക വിളയാണ് തക്കാളി.
യുഎസിൽ ഉൽപാദിപ്പിക്കുന്ന തക്കാളിക്ക് കിലോയ്ക്ക് ശരാശരി 4-5 ഡോളറാണ് റീട്ടെയ്ൽ വില.
ഏകദേശം 430 രൂപവരെ. എന്നാൽ, മെക്സിക്കൻ തക്കാളിക്ക് ചുങ്കം ഒഴിവാക്കിയാൽ ശരാശരി 3.5-4.75 ഡോളറേയുള്ളൂ (410 രൂപവരെ).
ട്രംപ് പ്രഖ്യാപിച്ച ചുങ്കം കൂടിച്ചേരുന്നതോടെ മെക്സിക്കൻ തക്കാളിക്ക് വില 5 ഡോളറിന് മുകളിൽ എത്തിയേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]