
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ 18.99% വളർച്ചയോടെ 342.19 കോടി രൂപയുടെ ലാഭം (net profit) രേഖപ്പെടുത്തി. പ്രവർത്തനലാഭം (operating profit) 57.61% ഉയർന്ന് 683.31 കോടി രൂപയുമായെന്ന് ബാങ്ക് വ്യക്തമാക്കി. അറ്റ പലിശ വരുമാനം (net interest income/NII) പക്ഷേ 0.73% കുറഞ്ഞു. പ്രവർത്തനേതര വരുമാനത്തിൽ (other income) 65.41% വളർച്ചയുണ്ട്.
മാർച്ച് 31 പ്രകാരം മൊത്തം ബിസിനസ് (total business) റെക്കോർഡ് 1.95 ലക്ഷം കോടി രൂപയായി. റെക്കോർഡ് 1,302.88 കോടി രൂപയാണ് കഴിഞ്ഞവർഷത്തെ (2024-25) ആകെ ലാഭം (FY25 net profit). പ്രവർത്തനലാഭവും 2,270.08 കോടി രൂപയെന്ന പുതിയ ഉയരത്തിലെത്തി. കഴിഞ്ഞവർഷ പ്രവർത്തനേതര വരുമാനം 1,813.43 കോടി രൂപയും അറ്റ പലിശ വരുമാനം 3,485.64 കോടി രൂപയുമാണ്. രണ്ടും എക്കാലത്തെയും ഉയരം. 21.55 ശതമാനമാണ് പ്രവർത്തനലാഭ വളർച്ച; അറ്റ പലിശ വരുമാനത്തിന്റേത് 4.61 ശതമാനവും.
മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 4.50 ശതമാനത്തിൽ നിന്ന് 3.20 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 1.46 ശതമാനത്തിൽ നിന്ന് 0.92 ശതമാനത്തിലേക്കും കുറഞ്ഞതും ബാങ്കിന് നേട്ടമായി. റീട്ടെയ്ൽ നിക്ഷേപം (Retail deposit) 97,743 കോടി രൂപയിൽ നിന്ന് 7.17% വാർഷിക വളർച്ചയുമായി 1.04 ലക്ഷം കോടി രൂപയായി. എൻആർഐ നിക്ഷേപം (NRI deposit) 6.42% ഉയർന്ന് 31,603 കോടിയിലെത്തി. സേവിങ്സ് ബാങ്ക് (Savings Bank) നിക്ഷേപം 4.06% മെച്ചപ്പെട്ട് 27,699.31 കോടി രൂപ.
കറന്റ് അക്കൗണ്ട് (current account) നിക്ഷേപം പക്ഷേ 0.73% കുറഞ്ഞു. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (CASA/കാസ) അനുപാതം (CASA Ratio) 32.08 ശതമാനത്തിൽ നിന്ന് 31.37 ശതമാനത്തിലേക്കും താഴ്ന്നിട്ടുണ്ട്. അറ്റ പലിശ മാർജിൻ (net interest margin/NIM) കഴിഞ്ഞപാദത്തിൽ മുൻവർഷത്തെ സമാനപാദത്തിലെ 3.38 ശതമാനത്തിൽ നിന്ന് 3.21 ശതമാനത്തിലേക്ക് കുറഞ്ഞു. ഏണിങ്സ് പെർ ഷെയറും (EPS) നേരിയതോതിൽ താഴ്ന്നു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത (Provisions) 146 കോടി രൂപയിൽ നിന്ന് 341 കോടി രൂപയായി.
8.89 ശതമാനമാണ് ബാങ്കിന്റെ മൊത്തം വായ്പകളിലെ (gross adavnces) വളർച്ച. 80,426 കോടി രൂപയിൽ നിന്ന് വായ്പകൾ 87,578.52 കോടി രൂപയായി. കോർപ്പറേറ്റ് വായ്പകൾ (corporate loans) 12.82% വളർന്നപ്പോൾ സ്വർണപ്പണയ വായ്പകൾ (gold loan) വർധിച്ചത് 9.47%. ഭവന വായ്പകൾ (home loans) 54.97% വളർന്നു. 24.32 ശതമാനമാണ് വാഹന വായ്പകളിലെ (auto loans) വർധന. ഗുണമേന്മയുള്ള വായ്പകളിൽ ശ്രദ്ധയൂന്നി ലാഭക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് മികച്ച വളർച്ച നേടാൻ സഹായകമായതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി പ്രതികരിച്ചു.
ഓഹരി വിപണിയിൽ ഇന്നു വ്യാപാരം അവസാന സെഷനിലേക്ക് കടക്കവേയാണ് ബാങ്ക് പ്രവർത്തനഫലം പുറത്തുവിട്ടത്. 3.93% നേട്ടവുമായി 27.80 രൂപയിൽ ഓഹരികൾ വ്യാപാരം പൂർത്തിയാക്കി. ഒരുഘട്ടത്തിൽ 27.14 രൂപയിൽ നിന്ന് 26.16 രൂപയിലേക്ക് ഉച്ചയ്ക്കുശേഷം ഓഹരിവില താഴ്ന്നിരുന്നെങ്കിലും പ്രവർത്തനഫലം വന്നതിന് പിന്നാലെ 27.89 രൂപവരെ കയറുകയും ചെയ്തു. കഴിഞ്ഞവർഷം ജൂൺ 21ലെ 28.85 രൂപയാണ് ബാങ്കിന്റെ ഓഹരിയുടെ 52-ആഴ്ചത്തെ ഉയർന്നവില. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ നവംബർ 18ലെ 22.27 രൂപയും. ഓഹരി ഉടമകൾക്ക് ഓഹരിക്ക് 0.40 രൂപ വീതം (0.40%) ലാഭവിഹിതം നൽകാൻ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)