വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കേരളം വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളിൽ കിഫ്ബിയുടെ പങ്ക് നിർണായകമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്കായി 1,862.51 കോടി രൂപയുടെ സഹായമാണ് കിഫ്ബി വഴി ലഭിച്ചത്. മുടങ്ങിക്കിടന്ന സബ്സ്റ്റേഷനുകളുടെ നിർമാണം ഉൾപ്പെടെ പൂർത്തിയാക്കി. 

സംസ്ഥാനത്ത് വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായിരുന്നു പ്രഥമ പരിഗണന. ഇതിനായി 718.79 കോടി രൂപ ചെലവിട്ട് 14 സബ്സ്റ്റേഷനുകളാണ് ആസൂത്രണം ചെയ്തത്. 12 സബ്സ്റ്റേഷനുകൾ നിർമിച്ചു. രണ്ടെണ്ണത്തിന്റെ നിർമാണം നടക്കുന്നു. കിഫ്ബി ഫണ്ടായി 1,157.72 കോടി രൂപ 9 എക്സ്ട്രാ ഹൈടെൻഷൻ ലൈനുകളുടെ നിർമാണത്തിനും ലഭിച്ചു. ട്രാൻസ് ഗ്രിഡ് പദ്ധതി പൂർത്തിയാകുന്നതോടെ 520 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കാനാകും. ഇതുവഴി 250 കോടി രൂപ ലാഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ചിറ്റൂർ മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കിഫ്ബി വഴി സഹായം ലഭിച്ചു. ജലവൈദ്യുത പദ്ധതികളുടെ വിപുലീകരണം കൂടുതൽ സബ് സ്റ്റേഷനുകൾ സ്ഥാപിക്കൽ തുടങ്ങി വൈദ്യുതോൽപാദനത്തിനും വിതരണത്തിനുമായുള്ള പദ്ധതികളിൽ കിഫ്ബി ഫണ്ട് അനുവദിക്കാനുള്ള രൂപരേഖ സമർപ്പിച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

English Summary:

Kerala Aims for Electricity Self-Sufficiency: Minister Krishnankutty