പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെ ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. യുദ്ധത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ പെട്രോൾ വില ലിറ്ററിന് 55 രൂപയാണ് വര്ധിപ്പിച്ചത്.
ഹോർമുസ് വഴിയുള്ള എണ്ണവരവ് നിലച്ചതോടെ രാജ്യത്തെ പെട്രോൾ പമ്പുകളിലും നീണ്ടനിരയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി.
കമ്പനികൾ വർക്ക് ഫ്രം ഹോമിലേക്കും. ഇതിനിടയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും കടുംവെട്ട് നടത്താനാണ് പാക്കിസ്ഥാന്റെ തീരുമാനം.
സർക്കാരിന് കീഴിയുള്ള കമ്പനികളിലെയും സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളത്തിൽ 5 മുതൽ 30 ശതമാനം വരെയാണ് കുറവുണ്ടാവുക.
തീരുമാനത്തിന് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുമതി നൽകി. യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം.
പൊതുസമൂഹത്തിന്റെ നന്മയ്ക്കാണ് നിയന്ത്രണങ്ങളെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എണ്ണയും വെട്ടി
സർക്കാർ വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇന്ധന വിഹിതത്തിലും കുറവുണ്ട്. അടുത്ത മൂന്ന് മാസത്തേക്ക് സർക്കാര് വാഹനങ്ങളിലെ 60 ശതമാനവും നിരത്തിലിറങ്ങില്ല.
ബാക്കിയുള്ള വാഹനങ്ങളുടെ ഇന്ധന വിഹിതം അമ്പത് ശതമാനം വെട്ടിക്കുറച്ചു. ഈ കാലയളവിൽ പുതിയ വാഹനങ്ങൾ വാങ്ങാനും അനുമതിയില്ല.
സർക്കാരിന്റെ മറ്റ് വാങ്ങലുകൾക്കും വിലക്കുണ്ട്. കൂടാതെ കോർപറേഷനുകളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡിലെ സർക്കാർ പ്രതിനിധികളുടെ പ്രതിഫലവും നിർത്തലാക്കി.
രാജ്യത്തെ മന്ത്രിമാർ, ഉപദേശകർ, സ്പെഷ്യൽ അസിസ്റ്റന്റുമാർ എന്നിവരുടെ രണ്ടു മാസത്തെ ശമ്പളവും തടഞ്ഞുവെക്കും. ഇത് പബ്ലിക് വെൽഫയർ ഫണ്ടിലേക്ക് മാറ്റും.
ഇത്തരം ചുമതല വഹിക്കുന്നവർക്കു ഈ കാലയളവിൽ വിദേശ യാത്ര നടത്താനും അനുമതിയില്ല.
ഇറാൻ വഴിയുള്ള എണ്ണകടത്തും നിലച്ചു
യുദ്ധം തുടങ്ങിയതോടെ ഇറാനിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള അനധികൃത എണ്ണ കടത്തും നിലച്ചു. ഇരുരാജ്യങ്ങളും 909 കിലോമീറ്റർ ദൂരമുള്ള അതിർത്തി പങ്കിടുന്നുണ്ട്.
ഫെബ്രുവരി 28ലെ യുഎസ് – ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഈ അതിർത്തി അടച്ചു. അനൗദ്യോഗിക മാർഗങ്ങളിലൂടെ പ്രതിദിനം 10 ലക്ഷം ലിറ്ററോളം പെട്രോളാണ് ഇറാനിൽ നിന്ന് പാക്കിസ്ഥാനിലേക്ക് എത്തിയിരുന്നത്.
ചില കണക്കുകൾ പറയുന്നത് ഇത് 60 ലക്ഷം ലിറ്ററാണെന്നാണ്. പ്രധാനമായും ബലൂചിസ്ഥാൻ മേഖലയിലാണ് ഇവ വിൽക്കപ്പെടുന്നത്.
ഇത് നിലച്ചതോടെ മേഖലയിലെ ലക്ഷക്കണക്കിന് പേരുടെ ജീവിതോപാധി നിലച്ചതായും റിപ്പോർട്ടുകള് പറയുന്നു.
യുദ്ധത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക വ്യാപാരവും നിലച്ചിട്ടുണ്ട്. പ്രതിവർഷം 800 മില്യൻ ഡോളറിന്റെ ഉൽപന്നങ്ങള് പാക്കിസ്ഥാൻ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
തിരിച്ച് 3.5 ബില്യൻ ഡോളറിന്റെ ഉൽപന്നങ്ങൾ ഇറാനിൽ നിന്നുമെത്തും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

