ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തോടെ പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക്. ഇറാന്റെ സാമ്പത്തിക അടിത്തറയായ ഖാർഗ് ദ്വീപിലെ എണ്ണ സംഭരണ കേന്ദ്രങ്ങളും തകർക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്.
ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ സംയുക്ത സേനയെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി വെടിനിര്‍ത്തൽ കരാറിലെത്താനുള്ള സാധ്യതയും ട്രംപ് തള്ളി.
എന്നാൽ ഖാർഗ് ദ്വീപിലേക്ക് ആക്രമണം നടത്താൻ ഉപയോഗിച്ചത് ഗൾഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങളാണെന്ന് ഇറാൻ ആരോപിച്ചു. ഇവിടേക്ക് ആക്രമണം കനപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുമെന്നാണ് നിക്ഷേപകർ കരുതുന്നത്.
ഹോർമുസിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകൾ?
ലോകവ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ കൂടുതൽ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകൾ അയക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ യുകെയും ചൈനയും തയാറായില്ല.
ഹോര്‍മുസിലെ കപ്പൽ ഗതാഗതം തടയാൻ ഇറാന് സാധിക്കുന്നത് യുഎസിന് തിരിച്ചടിയാണ്. ഇസ്രയേൽ, യുഎസ് ബന്ധമുള്ള കപ്പലുകൾ മാത്രമാണ് തടയുന്നതെന്നാണ് ഇറാന്റെ നിലപാട്.
എന്നാൽ മറ്റ് കപ്പലുകൾക്കും ഇൻഷുറൻസ് നല്കാൻ കമ്പനികൾ തയാറാകുന്നില്ല. ഇതാണ് പ്രധാന പ്രതിസന്ധി.
കപ്പലുകൾക്ക് അകമ്പടി നൽകുന്ന കാര്യം ആലോചിക്കുമെന്നാണ് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഗെഹ്സെതിന്റെ നിലപാട്.
ക്രൂഡ് ഓയിൽ
അതേസമയം, ഖാർഗ് ദ്വീപിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാവുകയോ ഹോർമുസിലെ തടസം കൂടുതൽ കാലം തുടരുകയോ ചെയ്താൽ രാജ്യാന്തര സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടിയാണ്. ഇറാൻ ഗൾഫ് രാജ്യങ്ങളിലെ എണ്ണ സംഭരണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതും ക്രൂഡ് ഓയിലിന് നല്ലതല്ല.
ഇറാന്റെ 90 ശതമാനം എണ്ണ കയറ്റുമതിയും നടക്കുന്ന പ്രദേശമാണ് ഖാർഗ്.
ഇവിടെയുണ്ടാകുന്ന നാശനഷ്ടങ്ങൾ രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണയുടെ ലഭ്യതയിൽ കുറവുണ്ടാക്കും. ഇത് വിലയിലും പ്രതിഫലിക്കും.
യുദ്ധം രണ്ടാഴ്ച പിന്നിട്ടിട്ടും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ തന്നെ തുടരുകയാണ്.
കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ബാരലിന് 120 ഡോളറില്‍ എത്തിയ ശേഷമാണ് പിന്മാറ്റം. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ വില 150 ഡോളറിലെത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
നിലവിൽ 125 ഡോളറിൽ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ വില 150ലെത്തുമെന്ന് ഉറപ്പാണ്.
2008ലെ സർവകാല റെക്കോർഡിനെ മറികടന്നാകും കുതിപ്പ്.
ക്രൂഡ് പിടിവിട്ടു കുതിച്ചാൽ ഇന്ത്യൻ ഓഹരി വിപണിയിലടക്കം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതിനോടകം തന്നെ ഇന്ത്യൻ വിപണിയിൽ കനത്ത നാശമുണ്ടാക്കാൻ യുദ്ധത്തിന് കഴിഞ്ഞു.
ക്രൂഡ് വില വർധിച്ചത് രാജ്യത്തിന്റെ ഇറക്കുമതി ചെലവും വ്യാപാര കമ്മിയും കൂട്ടുമെന്നതാണ് പ്രധാന ആശങ്ക. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് റെക്കോർഡ് താഴ്ചയിലെത്തി.
വിദേശ നിക്ഷേപകർ കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം 40,000 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിവാക്കി.
നിക്ഷേപകരുടെ സമ്പത്തിൽ യുദ്ധം തുടങ്ങിയതിന് ശേഷം മാത്രം 40 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നും കണക്കുകൾ പറയുന്നു. ആവശ്യമായതിന്റെ 85 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നതാണ് ഇന്ത്യയിലെ സ്ഥിതിഗതികൾ കൂടുതൽ മോശമാക്കിയത്.
അതിനിടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില വർധന യുഎസിലും പ്രതിസന്ധിയാകുന്നു.
ഇറാൻ യുദ്ധം തുടങ്ങിയ ശേഷം പെട്രോൾ, ഡീസൽ വില 28 ശതമാനം വർധിച്ചെന്നാണ് റിപ്പോർട്ട്. അടുത്ത ദിവസങ്ങളിലൊന്നും ഈ വില കുറയാനും സാധ്യതയില്ല.
ഇത് യുഎസിൽ പണപ്പെരുപ്പ ഭീഷണിയും വർധിപ്പിച്ചിട്ടുണ്ട്.
നയതന്ത്ര വഴി തുറക്കാൻ ഇന്ത്യ
രാജ്യത്തിന് ഒരു മാസത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന പാചക വാതകം നിലവിൽ ഹോർമുസ് കടക്കാൻ ഇറാന്റെ അനുമതി കാത്തു കിടക്കുകയാണ്. ഇതിനു വേണ്ടി ഇറാൻ, യുഎസ്, ഇസ്രയേൽ, ജിസിസി രാജ്യങ്ങൾ എന്നിവരുമായി ഇന്ത്യ നിരന്തര ചർച്ചയിലാണ്.
കഴിഞ്ഞ ദിവസം രണ്ടു ടാങ്കറുകൾക്ക് ഹോർമുസ് കടക്കാൻ അനുമതി ലഭിച്ചിരുന്നു. 46,000 ടൺ വീതം എൽപിജിയുമായി ഇവ നാളെ ഇന്ത്യയിലെത്തും.
ആറു ടാങ്കറുകൾക്ക് കൂടി അനുമതി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് കൂടി അനുമതി കിട്ടിയാൽ ഏകദേശം 2.76 ലക്ഷം ടൺ രാജ്യത്തെത്തും.
ഒരു മാസത്തേക്കു ഇതു മതിയാകുമെന്നാണ് കരുതുന്നത്.
വിപണിയെ സ്വാധീനിക്കാൻ ഇവയും
തുടർച്ചയായ മൂന്നാം ആഴ്ചയും ഇടിവിലാണ് ഓഹരി വിപണി. സെൻസെക്സ് 4,355 പോയിന്റുകളും (5.5 ശതമാനം) നിഫ്റ്റി 1,300 പോയിന്റുകളും (5.3 ശതമാനം) ഇടിഞ്ഞു.
അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നഷ്ടം. അടുത്ത ആഴ്ചയും വിപണി ചാഞ്ചാട്ടത്തിലാകാനാണ് സാധ്യത.
ഇറാൻ യുദ്ധവും ഹോർമുസിലെ നീക്കങ്ങളും തന്നെയാകും നിക്ഷേപകരുടെ ഏറ്റവും വലിയ ആശങ്ക.
യുഎസ് ഫെഡറൽ റിസർവ് മാർച്ച് 17ന് യോഗം ചേരും. തീരുമാനം പിറ്റേന്ന് പ്രഖ്യാപിക്കും.
കഴിഞ്ഞ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് നിലനിർത്താനാണ് ഫെഡ് തീരുമാനിച്ചത്. ഇത്തവണ എന്തു തീരുമാനത്തിലെത്തുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്.
കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് അനലിസ്റ്റുകൾ കരുതുന്നത്. പലിശ നിരക്കിൽ മാറ്റം വരുത്തിയാൽ അത് വിപണിയിൽ പ്രതിഫലിക്കും.
സ്വർണം, വെള്ളി എന്നിവയുടെ വിലയും വിപണിയെ സ്വാധീനിക്കും.
ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഇരുലോഹങ്ങളും ഇടിവിലാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 5,020 ഡോളറെന്ന നിലയിലാണ് സ്വർണം.
നിലവിലെ ട്രെൻഡ് തുടർന്നാൽ വില ഇനിയും ഇടിയും. ഇത് കേരളത്തിലും പ്രതിഫലിക്കും.
യുദ്ധം തുടങ്ങിയതിന് ശേഷം കേരളത്തിൽ പവന് 10,000 രൂപ കുറഞ്ഞെന്നാണ് കണക്ക്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

