
കൊച്ചി∙ പവന് 65,000 രൂപ എന്ന നാഴികക്കല്ലും പിന്നിട്ട് സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയും പവന് 65,840 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കൂടി 6,785 രൂപയായി. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നു. വെള്ളി വില 2 രൂപ ഉയർന്ന് 110 രൂപയായി. ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,500 രൂപയോളം നൽകണം.
രാജ്യാന്തര വിലയും റെക്കോർഡിൽ
രാജ്യാന്തര സ്വർണവില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതോടെയാണ് സംസ്ഥാനത്തും സ്വർണവില കൂടിയത്. കഴിഞ്ഞദിവസം ഏകദേശം 50 ഡോളറിലധികം മുന്നേറി രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) ചരിത്രത്തിലാദ്യമായി 3000 ഡോളർ കടന്നു. രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 86.98 എന്ന നിരക്കിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യാന്തര സ്വർണനിരക്കിൽ ഏകദേശം 820 ഡോളറിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്– ഏകദേശം 38% വർധന.
ഇറക്കുമതി തീരുവയെച്ചൊല്ലി യുഎസും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും തമ്മിൽ നടക്കുന്ന വ്യാപാരത്തർക്കങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ, നയതന്ത്ര ബന്ധങ്ങളെ ബാധിക്കുകയും ഓഹരി വിപണികളിൽ ഇടിവുണ്ടാക്കുകയും ചെയ്തതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് സ്വർണവിലയിലെ കുതിപ്പിനു കാരണം. വിവിധ രാജ്യങ്ങളുടെ ബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്.
ഈ വർഷം അവസാനത്തോടെ 3000 ഡോളർ കടക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനങ്ങൾ. എന്നാൽ, വർഷാവസാനത്തോടെ സ്വർണവില 3500 ഡോളറിൽ എത്തുമെന്നാണ് പുതിയ പ്രവചനങ്ങൾ.
അതിവേഗം, സ്വർണക്കുതിപ്പ്
അടുത്തകാലത്ത് ഏറ്റവും വലിയ കുതിപ്പാണ് സ്വർണവിലയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 29ന് ആണ് പവൻ വില 50,000 കടന്നത്.കഴിഞ്ഞ ഒരു വർഷത്തിനിടെ 15,000 രൂപയ്ക്കു മുകളിലാണു വർധന. ഗ്രാമിന് വർധിച്ചത് 1875 രൂപയും.കഴിഞ്ഞ ജനുവരി 22ന് 60,000 രൂപ പിന്നിട്ട സ്വർണവിലയിൽ വെറും മൂന്നു മാസം കൊണ്ട് 5000 രൂപയിലധികം വർധനയാണ് രേഖപ്പെടുത്തിയത്.അഞ്ചു വർഷം മുൻപ് പവന് 32000 രൂപയ്ക്കു മുകളിലുണ്ടായിരുന്ന സ്വർണവിലയിൽ ഇക്കാലയളവിൽ ഉണ്ടായത് 105% വർധന.
ദുബായിലും ഒരു പവൻ ആഭരണത്തിന് 71,500 രൂപ!
ദുബായ്∙ യുഎഇയിൽ ഗ്രാമിന് ഒറ്റദിവസം ഉയർന്ന് 5.75 ദിർഹമാണ്. 24 കാരറ്റിന് 365.75 ദിർഹമാണ് ഗ്രാമിനു വില. 22 കാരറ്റിന് 335.75 ദിർഹം. 21 കാരറ്റിന് 322 ദിർഹവും 18 കാരറ്റിന് 276 ദിർഹവുമാണ് ഇന്നലത്തെ വില. ഒരു പവൻ ആഭരണത്തിന് 71500 രൂപയാണ് ഏകദേശ വില.
English Summary:
Gold prices soar in Kerala, exceeding ₹65,000 per sovereign. International gold prices hit record highs, impacting Kerala’s market. Learn about the reasons behind this surge and current gold rates.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]