സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. ഇനി യുഎസ് – ഇറാൻ യുദ്ധമുണ്ടാകുമോയെന്ന ആശങ്കയിലാണ് രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ.
കഴിഞ്ഞ വർഷത്തെ മിഡ് നൈറ്റ് ഹാമർ ഓപറേഷനിൽ നിന്ന് വ്യത്യസ്തമായ തരത്തിലുള്ള സൈനിക നടപടിക്കാണ് ഇക്കുറി യുഎസ് ഒരുങ്ങുന്നത്. വിമാന വാഹിനിക്കപ്പലുകൾ അടങ്ങുന്ന സൈനിക വ്യൂഹത്തെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
മേഖലയിലെ യുഎസ് ക്യാംപുകളിലും ഒരുക്കങ്ങൾ സജീവം. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന സൈനിക നടപടികൾക്കാണ് യുഎസ് സേന സജ്ജമാകുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുമതി മാത്രമാണ് ഇനി ബാക്കിയുള്ളതെന്നാണ് സേനാ വൃത്തങ്ങൾ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
ഇറാനും യുഎസും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾ ജനീവയിൽ നടക്കും.
ഒമാന്റെ മധ്യസ്ഥതയിൽ 17നാണ് ചർച്ച. ആണവ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ തയാറായില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ നിലപാട്.
ആണവ, മിസൈൽ പദ്ധതികൾ പണയം വച്ച് സമാധാനത്തിന് ഇല്ലെന്ന് ഇറാനും പറയുന്നു. ആക്രമണമുണ്ടായാൽ മിഡിൽ ഈസ്റ്റിലെ യുഎസ് കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അത്തരമൊരു സാഹചര്യത്തിൽ മേഖല മുഴുവനും യുദ്ധം വ്യാപിക്കും. ക്രൂഡ് ഓയിൽ, സ്വർണം, ഓഹരി വിപണികൾ തുടങ്ങിയവയെ സാരമായി ബാധിക്കും.
ചൈനയിൽ കുരുക്കാൻ ഇസ്രയേൽ – യുഎസ്
അതേസമയം, ഇറാന് മേലുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇസ്രയേലും യുഎസും .
ഇറാൻ – ചൈന എണ്ണവിൽപനയിലാണ് യുഎസ് നോട്ടമിടുന്നത്. നിലവിൽ ഇറാന്റെ 80 ശതമാനം എണ്ണ വിൽപനയും ചൈനയിലേക്കാണ്.
ഇത് ഒഴിവാക്കാനായാൽ ഇറാനെ സാമ്പത്തികമായി കൂടുതൽ തകർക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ഇരുരാജ്യങ്ങളും. ചൈനയ്ക്ക് മേൽ കൂടുതല്‍ തീരുവ ചുമത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
അങ്ങനെയുണ്ടായാൽ അപൂർവ മൂലകങ്ങളുടെ കയറ്റുമതിയിൽ ചൈന വീണ്ടും നിയന്ത്രണം ഏർപ്പെടുത്തും. ഇത് യുഎസ് ചൈന ബന്ധം കൂടുതൽ മോശമാക്കും.
പ്രധാന എണ്ണ ഉൽപാദക രാജ്യമായ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചാൽ വിപണിയിൽ എണ്ണവില വർധിക്കാനുള്ള സാധ്യതയുണ്ട്.
ഐടി ഓഹരികൾ
ഒരാഴ്ചക്കാലത്തെ വിൽപന സമ്മർദത്തിന് ശേഷം വിപണികൾ തിങ്കളാഴ്ച തുറക്കുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് ഐടി ഓഹരികൾ. യുഎസിലെ ഐടി കമ്പനികളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പേടിയിൽ തുടങ്ങിയ ഇടിവ് ഇന്ത്യയിലും കനത്ത നഷ്ടമുണ്ടാക്കിയിരുന്നു.
പ്രധാന ഐടി ഓഹരികളെല്ലാം കുത്തനെ ഇടിഞ്ഞു. നിക്ഷേപകർക്ക് കോടികളുടെ നഷ്ടമുണ്ടായി.
2020 മാർച്ചിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനം. അടുത്ത ദിവസങ്ങളിൽ യുഎസ് ഐടി ഓഹരികളുടെ തിരിച്ചു വരവിനെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യൻ ഓഹരികളുടെയും പ്രകടനം.
യുഎസ് കമ്പനികളെപ്പോലെ എഐ മേഖലയിൽ ഭീമമായ നിക്ഷേപം നടത്താത്തത് ഇന്ത്യൻ ഐടി കമ്പനികൾക്ക് മുൻതൂക്കം നൽകും. എന്നാൽ പുതിയ എഐ സ്റ്റാർട്ടപ്പുകൾ ഇന്ത്യൻ ഐടി മേഖലയുടെ സാധ്യതകളെ ബാധിക്കുമോയെന്ന ആശങ്ക ശക്തമാണ്.
സ്വർണവും വെള്ളിയും എങ്ങോട്ട്
കഴിഞ്ഞ ആഴ്ച ചാഞ്ചാടിക്കളിച്ച സ്വർണത്തിനും വെള്ളിക്കും അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഇറാൻ – യുഎസ് സമാധാന ചർച്ച നിർണായകമാകും.
യുഎസിലെ പണപ്പെരുപ്പ കണക്കുകൾ കൂടി പുറത്തുവന്നതോടെ സ്വർണം പുതിയ ആവശേത്തിലാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 5,041 ഡോളറെന്ന നിലയിലാണ് സ്വർണം ക്ലോസ് ചെയ്തത്.
ഇറാൻ – യുഎസ് സംഘർഷ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വില ഇനിയും വർധിച്ചേക്കുമെന്നാണ് വിപണി കരുതുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

