പ്രവർത്തനചരിത്രത്തിലെ പുത്തൻ നാഴികക്കല്ലിലേക്ക് ചുവടുവച്ച് കൊച്ചിൻ ഷിപ്പ്യാർഡ്. യൂറോപ്പിലെ ഒരു പ്രമുഖ കമ്പനിയിൽ നിന്ന് 6 ഫീഡർ വെസ്സലുകൾ നിർമിക്കാനായി 2,000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ ആണ് കൊച്ചി ആസ്ഥാനമായ ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്വന്തമാക്കിയത്.
1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് (ടിഇയു) ഭാരശേഷിയുള്ള വെസ്സലുകളാണിവ. എൽഎൻജി ആയിരിക്കും ഇന്ധനം.
പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസ്സലുകൾ നിർമിച്ച് ആഗോളതലത്തിൽ ശ്രദ്ധനേടിയ കൊച്ചി കപ്പൽശാല, ഈ ഓർഡറിന്റെ കരുത്തിൽ ആദ്യമായി എൽഎൻജി അധിഷ്ഠിത കപ്പൽ നിർമാണത്തിലേക്കും കടക്കുകയാണ്.
ഓർഡർ ലഭിച്ചതിന്റെ വിശദാംശങ്ങൾ കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഓർഡർ സംബന്ധിച്ച ഔദ്യോഗിക കരാർ വൈകാതെ ഒപ്പുവയ്ക്കും.
അതേസമയം, ഉപഭോക്തൃകമ്പനിയുടെ പേര് കൊച്ചിൻ ഷിപ്പ്യാർഡ് വ്യക്തമാക്കിയിട്ടില്ല. 2,000 രൂപയ്ക്കുമേൽ മൂല്യമുള്ള ഓർഡറുകളെയാണ് മെഗാ ഓർഡറുകൾ എന്നുവിശേഷിപ്പിക്കുന്നത്.
100 കോടി മുതൽ 250 കോടി രൂപവരെയുള്ള ഓർഡറുകൾ ‘നോട്ടബിൾ’ വിഭാഗത്തിലും 250-500 കോടിയുടേത് ‘സിഗ്നിഫിക്കന്റ്’ വിഭാഗത്തിലുമാണ്.
500-1000 കോടി മൂല്യമുള്ളവ ‘ലാർജ്’, 1000-2000 കോടി മൂല്യമുള്ളവ ‘മേജർ’ വിഭാഗത്തിലും പെടുന്നു. മെഗാ ഓർഡർ സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയതിനു പിന്നാലെ ഇന്ന് ഓഹരിവില 3 ശതമാനത്തിലധികം മുന്നേറി.
1,766ൽ വ്യാപാരം തുടങ്ങിയ ഓഹരിവില 1,807 രൂപവരെയാണ് ഉയർന്നത്. ഉച്ചയ്ക്കുശേഷം വില അൽപം താഴ്ന്നു.
വ്യാപാരം പുരോഗമിക്കുന്നത് 1.73% നേട്ടവുമായി 1,790.50 രൂപയിൽ.
ഇക്കഴിഞ്ഞ ജൂൺ 6ന് കുറിച്ച 2,545 രൂപയാണ് കൊച്ചി കപ്പൽശാലാ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഫെബ്രുവരി 18ലെ 1,180.20 രൂപയും.
47,000 കോടി രൂപയാണ് ഇന്നത്തെ ഓഹരിവില പ്രകാരം കമ്പനിയുടെ വിപണിമൂല്യം.
രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണി ശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡ് സമീപഭാവിയിൽ പ്രതീക്ഷിക്കുന്നത് 2.85 ലക്ഷം കോടി രൂപയുടെ പുതിയ ഓർഡറുകളാണ്. നിലവിൽ ഉപകമ്പനികളുടേത് ഉൾപ്പെടെ മൊത്തം 21,100 കോടി രൂപയുടെ ഓർഡറുകൾ കൈവശമുമുണ്ട്.
ഇതിൽ 19,600 കോടി രൂപയുടേത് പുതിയ വെസ്സലുകൾ നിർമിക്കാനും 1,500 കോടിയുടേത് അറ്റകുറ്റപ്പണികൾക്കുമാണ്.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ളതാണ് നിലവിലെ ഓർഡറുകളിൽ 13,700 കോടി രൂപയുടേത്. വിദേശ ഉപഭോക്താക്കൾക്കായി (കൊമേഴ്സ്യൽ എക്സ്പോർട്ട്) കപ്പൽ നിർമിക്കാൻ 4,200 കോടി രൂപയുടെയും ആഭ്യന്തര ഉപഭോക്താക്കൾക്കായി 1,700 കോടി രൂപയുടെയും ഓർഡറുണ്ട്.
ഇതിനു പുറമേയാണ് അധികമായി 2.85 ലക്ഷം കോടി രൂപയുടെ ഓർഡറുകളും പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിത ഓർഡറുകളിൽ 2.20 ലക്ഷം കോടി രൂപയുടേതും പ്രതിരോധ മേഖലയിൽ നിന്നാണ്. ഇതിൽ 9,500 കോടി രൂപയുടെ പദ്ധതികൾക്കുള്ള ടെൻഡർ സമർപ്പിച്ചു.
750 കോടി രൂപയുടേത് പ്രപ്പോസൽ (ആർഎഫ്പി) ഘട്ടത്തിൽ. 1.29 ലക്ഷം കോടി രൂപയുടെ കരാറുകൾക്കായി ചർച്ചകൾ (ആർഎഫ്ഐ സ്റ്റേജ്) പുരോഗമിക്കുന്നു.
ആർഎഫ്ഐ ഘട്ടത്തിലേക്ക് മറ്റൊരു 80,000 കോടി രൂപയുടെ പദ്ധതികളും വൈകാതെ കടക്കും.
വാണിജ്യ രംഗത്തുനിന്ന് പ്രതീക്ഷിക്കുന്നത് 65,000 കോടി രൂപയുടെ ഓർഡറുകൾ. ഇതിൽ 25,000 കോടി രൂപ ഇന്ത്യയിൽനിന്നും 40,000 കോടി രൂപയുടേത് കയറ്റുമതിയുമാണ്.
സമയപരിധിക്ക് മുൻപേ ഓർഡറുകൾ പ്രകാരമുള്ള വെസ്സലുകൾ നിർമിച്ചും/അറ്റകുറ്റപ്പണി ചെയ്തും നൽകാനാകുന്നത് കൂടുതൽ കയറ്റുമതി ഓർഡറുകൾ ലഭിക്കാനും കമ്പനിക്ക് സഹായകമാകുന്നുണ്ട്. കൊച്ചിൻ ഷിപ്പ്യാർഡ് നിലവിൽ നിർമ്മിക്കുന്ന വെസ്സലുകളിൽ 39 ശതമാനവും ഹരിത ഇന്ധനത്തിൽ (ഇലക്ട്രിക്/ഹൈബ്രിഡ്) ആണെന്നതും പ്രത്യേകതയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/P Rajeevൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]