ലോകത്തെ ഏറ്റവും വലിയ ഒന്നും രണ്ടും സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം പുതിയതലത്തിലേക്ക്. ഇറാൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ചൈനയിലെ റിജാവോ തുറമുഖത്തിന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉപരോധം പ്രഖ്യാപിച്ചു.
റിജാവോ ഷിൻഹ്വ ക്രൂഡ് ഓയിൽ ടെർമിനൽ, ഒരു എണ്ണ റിഫൈനറി, എണ്ണക്കപ്പലുകൾ എന്നിവയ്ക്കും 100ലേറെ വ്യക്തികൾക്കുമാണ് ഉപരോധം.
ഇതോടെ വെട്ടിലായ ചൈനയിലെ വമ്പൻ എണ്ണ വിതരണക്കമ്പനിയായ സിനോപെക്, റിജാവോ ടെർമിനലിലേക്ക് വരികയായിരുന്ന കൂറ്റൻ എണ്ണക്കപ്പലിനെ വഴിതിരിച്ചുവിട്ടു. ഇതുവഴിയുള്ള നഷ്ടം നികത്താനായി ചില എണ്ണ റിഫൈനറികളോട് കമ്പനി പ്രോസസിങ് ഫീസ് വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച റിജാവോയിലേക്ക് എത്തേണ്ടിയിരുന്ന ന്യൂ വിസ്ത എന്ന സൂപ്പർ ടാങ്കറിനെയാണ് മറ്റു തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.
നിൻഗ്ബോ, ചൗഷാൻ തുറമുഖങ്ങളിൽ നാളെയാണ് ഇനി കപ്പൽ എത്തുക. 20 ലക്ഷം ബാരൽ ഇറാൻ എണ്ണ കപ്പലിലുണ്ട്.
ഇറാനിയൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും നീക്കം ചെയ്യുന്ന ടാങ്കറുകൾക്കും ഇതുമായി ബന്ധപ്പെട്ടവർക്കും ഉപരോധം ബാധകമാകും. സിനോപെക്കിന്റെ ചൈനയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ അഞ്ചിലൊന്നും വന്നിരുന്നത് റിജാവോ വഴിയായിരുന്നു.
യുഎസിന്റെ ഉപരോധമുള്ള ഇറാന്റെ എണ്ണ നീക്കംചെയ്യുന്നതിന്റെ പേരിലാണ് ഉപരോധം.
യുദ്ധം, ആണവായുധ നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇറാനു പണം ലഭിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് ഇറാനുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
യുഎസിൽ എത്തുന്ന ചൈനീസ് കപ്പലുകൾക്ക് ട്രംപ് ഭരണകൂടവും ചൈനയിലെത്തുന്ന യുഎസ് കപ്പലുകൾക്ക് ഷി ഗവൺമെന്റും പോർട്ട് ഫീസ് കുത്തനെ കൂട്ടിയതും വ്യാപാരയുദ്ധത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. യുഎസ് 50 ഡോളറിലേക്ക് ഫീസ് കൂട്ടിയപ്പോൾ ചൈന കൂട്ടിയത് 56 ഡോളറായാണ്.
ഇതിനിടെ, ദക്ഷിണ കൊറിയയിൽ പ്രവർത്തിക്കുന്ന 5 യുഎസ് കമ്പനികളെയും ചൈന കരിമ്പട്ടികയിൽപ്പെടുത്തി.
ഹൻവ ഷിപ്പിങ്, ഹൻവ ഫില്ലി ഷിപ്പ്യാർഡ്, ഹൻവ ഓഷൻ യുഎസ്എ ഇന്റർനാഷനൽ, ഹൻവ ഷിപ്പിങ് ഹോൾഡിഹ്സ്, എച്ച്എസ് യുഎസ്എ ഹോൾഡിങ്സ് കോർപറേഷൻ എന്നിവയ്ക്കെതിരെയാണ് ചൈനയുടെ നടപടി.
ഇതേത്തുടർന്ന് ഹൻവ ഓഷന്റെ ഓഹരിവില 8 ശതമാനത്തിലേറെ ഇടിയുകയും ചെയ്തു. യുഎസ് തുറമുഖ, കപ്പൽ നിർമാണമേഖലയെ കേന്ദ്രീകരിച്ച് യുഎസ് നടത്തുന്ന ചില അന്വേഷണങ്ങളിൽ പങ്കുവഹിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

