തിരുവനന്തപുരം ∙ പ്ലാസ്റ്റിക് കുപ്പിയുടെ പേരിൽ ഒരു മാസത്തിനിടെ ഉപഭോക്താക്കളിൽനിന്നു ബവ്കോയ്ക്ക് ലഭിച്ചത് 1.51 കോടി രൂപ. പ്ലാസ്റ്റിക് മദ്യക്കുപ്പി വിറ്റപ്പോൾ നിക്ഷേപമായി സ്വീകരിച്ച 20 രൂപ, കാലിക്കുപ്പി നൽകി തിരികെ വാങ്ങാൻ ഉപഭോക്താക്കൾ എത്താത്തതിനെത്തുടർന്നാണിത്.
7,58,980 കുപ്പികളാണ് തിരിച്ചെത്തിക്കാത്തത്. ഈ തുക ബവ്കോയുടെ പോക്കറ്റിലായി.
സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെയുള്ള ഒരു മാസം വിറ്റതും തിരിച്ചെടുത്തതുമായ പ്ലാസ്റ്റിക് കുപ്പികളുടെ കണക്ക് ബവ്കോ പുറത്തുവിട്ടു.
15,25,584 പ്ലാസ്റ്റിക് കുപ്പി മദ്യമാണു വിറ്റത്. ഇതിൽ 7,66,604 കാലിക്കുപ്പികൾ തിരിച്ചുവന്നു.
ഇവർക്ക് 20 രൂപ വീതം നിക്ഷേപത്തുക തിരിച്ചുകൊടുത്തു. 50.25% കുപ്പികളാണു തിരിച്ചെത്തിയത്.
തിരിച്ചെത്താത്ത കുപ്പികൾക്കായി അടച്ച നിക്ഷേപത്തുകയാണു ബവ്കോയ്ക്കു ലഭിച്ചത്. മദ്യം വാങ്ങിയ ഔട്ലെറ്റിൽതന്നെ ഇവ ഉപഭോക്താക്കൾ തിരിച്ചെത്തിച്ചാൽ ഇനിയും തുക തിരിച്ചുനൽകുമെന്നു ബവ്കോ വിശദീകരിക്കുന്നു.
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതം ഔട്ലെറ്റുകളിലാണു പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. ജനുവരി മുതൽ 270 ഔട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനാണു ബവ്കോയുടെ തീരുമാനം.
50% മാത്രമേ തിരിച്ചെത്തുന്നുള്ളൂവെങ്കിൽ ജനുവരി മുതൽ കോടികളാണ് ഈയിനത്തിൽ ബവ്കോയ്ക്കു ലഭിക്കുക. ഫലത്തിൽ മദ്യവിലയിൽ 20 രൂപയുടെ വർധനയായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]