എന്നും കടയിൽപോയി വാങ്ങുന്ന ‘ഇത്തിരി കുഞ്ഞൻ വിലയുള്ള’ സാധനങ്ങൾക്ക് ജിഎസ്ടി ഇളവിന്റെ പേരിൽ വില കുറയുമെന്ന് കരുതേണ്ട. വില കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഈ രംഗത്തെ (എഫ്എംസിജി) കമ്പനികൾ വ്യക്തമാക്കി കഴിഞ്ഞു.
എങ്കിലും, ഉപഭോക്താക്കൾക്ക് സന്തോഷിക്കാനുള്ള വകയും കമ്പനികൾ കരുതിവച്ചിട്ടുണ്ട്.
5 രൂപ, 10 രൂപ, 20 രൂപ എന്നിങ്ങനെ ചെറിയ വിലയുള്ള ബിസ്കറ്റ്, സോപ്പ്, ടൂത്ത്പേസ്റ്റ് തുടങ്ങിയവയുടെ വില കുറയ്ക്കാൻ പറ്റില്ലെന്നാണ് എഫ്എംസിജി കമ്പനികൾ വ്യക്തമാക്കുന്നത്. അതൊരു ‘സൈക്കോളജിക്കൽ’ പ്രശ്നമാണത്രേ.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വാങ്ങാവുന്നതും ‘ചില്ലറ’ (ചേഞ്ച്) പ്രശ്നങ്ങൾ തീർക്കാനാവുന്നതുമായ ഉൽപന്നങ്ങളാണ് ഈ വിലനിലവാര ശ്രേണിയിലുള്ളത്. ജനങ്ങൾ നിത്യേന വാങ്ങുന്നതും അവർക്ക് ഏറ്റവും അടുപ്പമുള്ളതുമായ ഉൽപന്നങ്ങളുമാണിവ.
വില 4 രൂപ, 9 രൂപ, 19 രൂപ എന്നിങ്ങനെയൊക്കെയാക്കിയാൽ അത് വലിയ ‘കൺഫ്യൂഷൻ’ വിപണിയിൽ സൃഷ്ടിക്കും.
5, 10, 20 എന്നിങ്ങനെ വിലയുമായി വിപണിയും ഉപഭോക്താക്കളും പൊരുത്തപ്പെട്ടിട്ടുണ്ട്. അതിൽ മാറ്റംവരുത്തുന്നത് ‘സൈക്കോളജിക്കൽ’ പ്രശ്നമാകും; ‘ചില്ലറ’ തർക്കങ്ങളുമുണ്ടാകും.
എന്നാൽ, ഉപഭോക്താക്കൾക്ക് സന്തോഷിക്കാനുള്ള ഐഡിയയും കമ്പനികളുടെ പക്കലുണ്ട്.
വില കുറയ്ക്കുന്നതിനു പകരം ഇവയുടെ പായ്ക്കറ്റുകളിൽ അളവ് കൂട്ടാമെന്ന് കേന്ദ്ര പരോക്ഷനികുതി ബോർഡിനെ (സിബിഐസി) കമ്പനികൾ അറിയിച്ചു. അതായത്, 5 രൂപയുടെ പായ്ക്കറ്റിൽ 5 ബിസ്കറ്റുകൾ ഇപ്പോൾ കിട്ടുമെന്ന് കരുതുക.
ഇനിയത് കമ്പനികൾ ആറോ ഏഴോ ആക്കും. പക്ഷേ, വില 5 രൂപയായി തുടരും; കുറയ്ക്കില്ല.
അതായത്, ഇതേ വിലയിൽ നമുക്ക് ഇനി ‘എക്സ്ട്രാ ക്വാണ്ടിന്റി’ കിട്ടും.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലായിരുന്നു ‘ദീപാവലി സമ്മാനം’ എന്നോണം ജിഎസ്ടി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന്, ഈമാസാദ്യം ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ ‘ബംപർ’ ഇളവുകളും വരുത്തി.
12%, 28% സ്ലാബുകൾ എടുത്തുകളഞ്ഞു. 12% സ്ലാബിലെ ഉൽപന്നങ്ങളെ 5 ശതമാനത്തിലേക്ക് മാറ്റി.
നിരവധി ഉൽപന്ന/സേവനങ്ങളുടെ ജിഎസ്ടിതന്നെ ഒഴിവാക്കി.
18% സ്ലാബിലെ ഉൽപന്നങ്ങളിൽ ചിലതും 5 ശതമാനത്തിലേക്ക് മാറ്റി. 28% സ്ലാബിലെ ചില ഉൽപന്നങ്ങളുടെ ജിഎസ്ടി കുറഞ്ഞ സ്ലാബിലേക്ക് മാറ്റുകയും സിഗററ്റ്, ആഡംബര വാഹനം എന്നിവ പോലുള്ളവയെ 40 ശതമാനം എന്ന പ്രത്യേക സ്ലാബിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50% തീരുവ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ്, ആഭ്യന്തര വിപണിയെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ജിഎസ്ടി പരിഷ്കരണത്തിലേക്ക് കടന്നത്.
ജനങ്ങൾ നിത്യേന വാങ്ങുന്ന ഉൽപന്നങ്ങളുടെ നികുതിഭാരം കുറയ്ക്കുമെന്നും സാധാരണക്കാർക്കും എംഎസ്എംഇകൾക്കും ഇതു വലിയ നേട്ടമാകുമെന്നുമായിരുന്നു പ്രധാനമന്ത്രി മോദി പറഞ്ഞത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]