
ഇനി റെക്കോർഡിലേക്ക്. ആറു വ്യാപാരദിനങ്ങളിലെ അനുസ്യൂത മന്നേറ്റം ഓഹരി വില സൂചികയെ ഒരിക്കൽ റെക്കോർഡിന്റെ വിജയപതാക ഉയർത്തിയ പോയിന്റിലേക്കു തിരികെ എത്തിക്കുകയായി. ജൂലൈ 20നു നിഫ്റ്റി സർവകാല ഔന്നത്യം കുറിച്ച പോയിന്റിലെത്താൻ ഇനി കയ്യെത്തും ദൂരം പിന്നിടുകയേ വേണ്ടൂ: വെറും 172 പോയിന്റ്. ഈ മുന്നേറ്റത്തിനു കാരണങ്ങൾ ഏറെ. വിപണിയിലെ നവാഗതരായ ചില്ലറ നിക്ഷേപകരുടെ പിന്തുണയാണ് ഒന്ന്. വി
ദേശ ധനസ്ഥാപനങ്ങൾ (എഫ്ഐഐ) അടുത്തിടെയായി അനുവർത്തിച്ചുപോരുന്ന വിൽപനതന്ത്രത്തെ നിഷ്പ്രഭമാക്കുന്ന തോതിൽ ആഭ്യന്തര ധനസ്ഥാപനങ്ങൾ ഓഹരികൾ സമാഹരിക്കുന്നതാണു മറ്റൊരു ശക്തമായ കാരണം. മോചനമായെന്നു തീർത്തുപറയാറായിട്ടില്ലാത്ത മാന്ദ്യഭീഷണിയിലാണു പല വികസ്വര രാജ്യങ്ങളുമെന്നിരിക്കെ ഇന്ത്യ താരതമ്യേന സുദൃഢമായ സാമ്പത്തിക സ്ഥിതിയിലാണെന്നതും വിപണിയിലെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നു. കമ്പനികളുടെ അർധവാർഷിക ഫലപ്രഖ്യാപനങ്ങളും വിപണിക്കു ദിശാബോധം നൽകുന്നതിനു വലിയൊരളവിൽ സഹായകമായി. ഈ സാഹചര്യങ്ങൾ പരിഗണിച്ചാൽ വിപണിക്ക് ഇനിയും എത്രയോ ഉയരത്തിലേക്കു നീങ്ങാനാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
വിദേശത്തുനിന്നു വീണ്ടും പണം പ്രവഹിക്കും
യുഎസിലെയും മറ്റും പലിശ നിരക്കുകളിലെ തുടർച്ചയായ വർധനയ്ക്കു വിരാമമായാൽ വിദേശ ധനസ്ഥാപനങ്ങൾ വൻതോതിൽത്തന്നെ ഇന്ത്യൻ വിപണിയെ ആശ്രയിക്കുന്ന അവസ്ഥ വീണ്ടുമുണ്ടാകും. അതു വിപണിക്കു കൂടുതൽ ഉത്തേജനമാകും. വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിന്റെ നേതൃത്വം വിപണി മൂല്യത്തിൽ പിന്നാക്കക്കാരായ ഇടത്തരം, ചെറുകിട ഓഹരികളുടേതാണെന്നു കാണാം. വിപണി മൂല്യത്തിൽ മുൻനിരയിലുള്ള വൻകിട കമ്പനികളുടെ ഓഹരികളിൽ ആനുപാതിക മുന്നേറ്റം അനുഭവപ്പെടുന്നില്ല; പ്രത്യേകിച്ചും സ്വകാര്യ ബാങ്കുകൾ, ഔഷധ നിർമാണ കമ്പനികൾ തുടങ്ങിയവയുടെ ഓഹരികളിൽ. അവയും മുന്നേറ്റത്തിന്റെ നേതൃനിരയിലേക്ക് എത്തുന്നതോടെ വില സൂചികകൾ വിസ്മയിപ്പിക്കുന്ന നിലവാരത്തിലേക്കു കുതിക്കുമെന്നുറപ്പ്.
മുന്നേറ്റ പാതയിൽ അപായസൂചനയും
അതേസമയം, വിപണിയുടെ മുന്നേറ്റത്തിനിടയിലും ചില അപായ സൂചനകൾ കാണാതിരുന്നുകൂടാ. മഴയുടെ അളവു തൃപ്തികരമായ നിലയിലേക്ക് എത്തിയിട്ടില്ല. ഇതുമൂലം കാർഷികോൽപാദനത്തിൽ ഇടിവുണ്ടായാൽ അതു സമ്പദ്വ്യവസ്ഥയ്ക്കു വെല്ലുവിളിയാകും. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ കൂടുതൽ ദുർബലമായാൽ അതും ദോഷകരമാകും. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ക്രമേണ ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലൊന്നിനു 100 ഡോളറിലെത്താൻപോലും സാധ്യതയുണ്ടത്രേ. കനത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുന്നതായിരിക്കും ആ വർധനയും. വിപണി വലിയ നേട്ടമുണ്ടാക്കുമ്പോൾ ‘ഷോർട് സെല്ലർ’മാരും മറ്റു നിക്ഷിപ്ത താൽപര്യക്കാരും വിവാദവെളിപാടുകളുമായി അവതരിക്കുന്നത് ആവർത്തിച്ചേക്കാം. ആവേശത്തിനിടയിലും കരുതലിന്റെ ആവശ്യകത ഓർമിപ്പിക്കുന്നതാണ് ഇവയൊക്കെ.
കടന്നതു കനത്ത കടമ്പകൾ
കടന്നുപോയ വ്യാപാരവാരത്തിൽ നിഫ്റ്റിയുടെ മുന്നേറ്റം 19,819.95 പോയിന്റിലാണ് അവസാനിച്ചത്. ആഴ്ചയിലുടനീളം അടിത്തറ സുഭദ്രമായി സംരക്ഷിക്കാൻ വിപണിക്കു സാധ്യമായെന്നതു ശ്രദ്ധേയം. ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ ഇടിവിനുള്ള സാധ്യതകൾ പരിമിതമാകാനേ തരമുള്ളൂ. ഇടിവു സംഭവിച്ചാൽത്തന്നെ പ്രതിരോധിക്കാൻ 19,450 – 19,500 നിലവാരത്തിലെ പിന്തുണ സഹായകമായി തുടരുമെന്നു കരുതാം. 19,500 പോയിന്റിലെ കനത്ത കടമ്പ കടന്നുകിട്ടുക മാത്രമല്ല 19,600 – 19,650 നിലവാരത്തിലെ തടസ്സവും തട്ടിത്തെറിപ്പിച്ചാണു നിഫ്റ്റി മുന്നേറിയിരിക്കുന്നത്. ഇനി റെക്കോർഡ് പോയിന്റായ 19991.85ന് അപ്പുറത്ത് 20,000 – 20,500 നിലവാരത്തിലാണു മാർഗതടസ്സത്തിനു സാധ്യത.
Content Highlight: Stock Market, Sensex, Nifty
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]