
നാളെ അലാസ്കയിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ച പൊളിച്ചാൽ റഷ്യയ്ക്കുമേൽ ഉപരോധം കടപ്പിക്കുമെന്ന് വ്ലാഡിമിർ പുട്ടിന് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് പുട്ടിൻ ഭരണകൂടം വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഇന്ത്യയുൾപ്പെടെ റഷ്യയുടെ സുഹൃദ് രാഷ്ട്രങ്ങൾക്കുമേൽ തീരുവ കൂട്ടുമെന്നാണ് പുതിയ ഭീഷണി. ചർച്ച തുടങ്ങി രണ്ട് മിനിറ്റിനകം പോസിറ്റീവാണോ എന്ന് തനിക്ക് അറിയാനാകുമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
അതെങ്ങനെ താങ്കൾക്ക് അറിയാം എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘‘ഡീൽ ഉണ്ടാക്കുന്നത് ഞാനാണ്’’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട ചർച്ചകളാണ് നടക്കുകയെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അലാസ്കയിൽ പുട്ടിനുമായുള്ള ചർച്ച വിജയിച്ചാൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ കൂടി ഉൾപ്പെടുത്തി തുടർ ചർച്ചകളും നടത്തും. അതേസമയം, യുക്രെയ്നിലെ അതിർത്തി പ്രദേശങ്ങളായ ഡൊണെട്സ്ക്, സെപ്പൊറീഷ്യ, ഖേർസൻ, ഖാർകീവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് യുക്രെയ്ൻ സേന പിന്മാറണമെന്നും യുക്രെയ്ൻ നാറ്റോ സ്വപ്നങ്ങൾ ഉപേക്ഷിക്കണമെന്നുമാണ് പുട്ടിന്റെ ആവശ്യം.
യുക്രെയ്നിലെ ചില പ്രദേശങ്ങൾ റഷ്യയ്ക്ക് കൈമാറിയും റഷ്യ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ തിരികെ നൽകിയും യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രമാണ് ട്രംപ് പയറ്റുന്നത്.
എന്നാൽ, ഇതിനെ സെലൻസ്കിയും യൂറോപ്യൻ നേതാക്കളും അംഗീകരിച്ചിട്ടില്ല. യുക്രെയ്ന്റെ ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ലെന്നാണ് സെലൻസ്കിയുടെ നിലപാട്.
അതിനിടെ, റഷ്യയുടെ തന്ത്രപ്രധാനമായ ബ്രയാൻക് മേഖലയിലെ എണ്ണ പൈപ്പ്ലൈൻ യുക്രെയ്ൻ സേന തകർത്തത് സംഘർഷം കൂടുതൽ വഷളാക്കിയിട്ടുണ്ട്. റഷ്യയുടെ മൂന്ന് വലിയ എണ്ണ റിഫൈനറികൾക്ക് കേടുപാടുകൾ വരുത്തിയതിനു പിന്നാലെയാണ് ഇപ്പോൾ പൈപ്പ്ലൈനും തകർത്തത്.
അലാസ്കയിലെ ചർച്ചയിൽ പുട്ടിൻ കടുത്ത നിലപാടിലേക്ക് നീങ്ങാൻ ഇതിടവരുത്തിയേക്കും.
ഇന്ത്യ വഴങ്ങുന്നില്ലെന്ന് അമേരിക്ക
റഷ്യയ്ക്കുമേൽ അമേരിക്ക കടുത്ത നിലപാടെടുത്താൽ അത് കൂടുതൽ താരമായി ബാധിക്കുക ഇന്ത്യയെയായിരിക്കും. നിലവിൽതന്നെ, റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ട്രംപ് 50% തീരുവ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഉപരോധം കടുപ്പിച്ചാൽ ഇതു 100 ശതമാനത്തിലേക്കും ഉയരാം.
കടുത്ത തീരുവ ചുമത്തിയിട്ടും ഇന്ത്യ വഴങ്ങുന്നില്ലെന്നും അവരുമായുള്ള ചർച്ച വെല്ലുവിളി നിറഞ്ഞതാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു. സ്വിറ്റ്സർലൻഡ്, ചൈന എന്നിങ്ങനെ ഇതുവരെ യുഎസ് കരാറിൽ എത്താത്ത രാജ്യങ്ങളുമായുള്ള തുടർ ചർച്ചകളിൽ ഇപ്പോഴും വലിയ പ്രതീക്ഷയുണ്ട്.
എന്നാൽ, ഇന്ത്യയുമായി അതു സാധ്യമാകുമോ എന്നത് പറയാനാവില്ലെന്നും ഇന്ത്യ കടുത്ത നിലപാടിലാണെന്നും ബെസ്സന്റ് ഒരു ടിവി ചാനലിനോട് പ്രതികരിച്ചു.
ആവേശം മങ്ങി യുഎസ് ഫ്യൂച്ചേഴ്സ്; ഏഷ്യ സമ്മിശ്രം
കഴിഞ്ഞദിവസം റെക്കോർഡ് തേരോട്ടം നടത്തിയ യുഎസ് ഓഹരി വിപണികൾ നിലവിൽ ആവേശം മങ്ങിയ നിലയിലായി. ഡൗ ജോൺസ് 1.04%, എസ് ആൻഡ് പി 500 സൂചിക 0.32%, നാസ്ഡാക് 0.14% എന്നിങ്ങനെ കയറിയെങ്കിലും ഫ്യൂച്ചേഴ്സ് വിപണി നിരാശപ്പെടുത്തി.
എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് കാര്യമായ നേട്ടമുണ്ടാക്കിയില്ല. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ്, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് എന്നിവ 0.03% മാത്രം നേട്ടത്തിലൊതുങ്ങി.
∙ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുത്തനെ വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് യുഎസ് ഓഹരി വിപണികളെ നേട്ടത്തിൽ നിലനിർത്തുന്നത്.
∙ സെപ്റ്റംബറിലും ഒക്ടോബറിലും യുഎസ് ഫെഡ് പലിശനിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ∙ യുഎസിൽ എഎംഡി 5.4%, ആപ്പിൾ 1.6%.
പാരാമൗണ്ട് സ്കൈഡാൻഡ് 36.7% എന്നിങ്ങനെ മുന്നേറി.
കഴിഞ്ഞദിവസം റെക്കോർഡ് കുതിപ്പിലായിരുന്ന ജാപ്പനീസ് നിക്കേയ് നിലവിലുള്ളത് 1.41% നഷ്ടത്തിൽ. ചൈനയിൽ ഷാങ്ഹായ് സൂചിക 0.39%, ഹോങ്കോങ് 0.26% എന്നിങ്ങനെ നേട്ടം കുറിച്ചു.
ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.49%, ദക്ഷിണ കൊറിയയുടെ കോസ്പി 0.39% എന്നിങ്ങനെയും കയറി. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.19%, ഡാക്സ് 0.67% എന്നിങ്ങനെയും നേട്ടത്തിലാണ്.
യുഎസ് തീരുവ ഇന്ത്യയെ തളർത്തില്ലെന്ന് എസ് ആൻഡ് പി; ഗിഫ്റ്റ് നിഫ്റ്റി വീണു
ഇന്ത്യ ഒരു വ്യാപാര അധിഷ്ഠിത സമ്പദ്വ്യവസ്ഥയല്ലെന്നും അതുകൊണ്ട് ട്രംപിന്റെ കനത്ത തീരുവ ഇന്ത്യയെ സാരമായി ബാധിക്കില്ലെന്നും എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സ്.
ഇന്ത്യ മികച്ച സമ്പദ് വളർച്ചതന്നെ നേടുമെന്ന് വ്യക്തമാക്കിയ എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സ്, കഴിഞ്ഞവർഷം നൽകിയ ‘പോസിറ്റീവ്’ റേറ്റിങ് നിലനിർത്തുകയും ചെയ്തു.
∙ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 24 പോയിന്റ് (-0.10%) താഴ്ന്നു. സെൻസെക്സും നിഫ്റ്റിയും ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങിയേക്കാം.
∙ ഇന്നലെ സെൻസെക്സ് 304 പോയിന്റ് (+0.38%) ഉയർന്ന് 80,539ലും നിഫ്റ്റി 132 പോയിന്റ് (+0.54%) നേട്ടവുമായി 24,619ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ∙ ഏഷ്യൻ വിപണികൾ പൊതുവേ നേട്ടത്തിലാണെന്നതിന്റെ ആശ്വാസം ഇന്ത്യൻ വിപണിക്കുണ്ട്.
∙ ട്രംപ്-പുട്ടിൻ ചർച്ച വിജയിക്കുമെന്ന പ്രതീക്ഷയിലുമാണ് ഇന്ത്യൻ വിപണി. ∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വാങ്ങലുകാരായി തുടരുകയാണ്.
ഇന്നലെയും അവർ 3,644 കോടി രൂപ പിൻവലിച്ചു. 2025ൽ ഇതുവരെ അവർ ഇന്ത്യയിൽനിന്ന് പിൻവലിച്ചത് 1.84 ലക്ഷം കോടി രൂപ.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 20 പൈസ മെച്ചപ്പെട്ട് 87.43ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇവർ ഇന്നത്തെ ശ്രദ്ധാകേന്ദ്രം
ഇന്നലെ ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ട ബിപിസിഎൽ 140.7% മുന്നേറ്റമാണ് ലാഭത്തിൽ കുറിച്ചത്.
വരുമാനം പക്ഷേ, 0.5% കുറഞ്ഞു. എംടിഎൻഎല്ലിന്റെ നഷ്ടം 773.5 കോടി രൂപയിൽ നിന്ന് 943.2 കോടി രൂപയായി കൂടി.
വരുമാനം 64.2% ഇടിഞ്ഞു.
∙ ഐആർസിടിസിയുടെ ലാഭം 7.5% ഉയർന്നു, വരുമാന വർധന 3.8%. ∙ മുത്തൂറ്റ് ഫിനാൻസ് 73.2% ലാഭക്കുതിപ്പ് രേഖപ്പെടുത്തി.
ലാഭം 1.164 കോടിയിൽ നിന്നുയർന്ന് 2,016.2 കോടി രൂപയായി. അറ്റ പലിശവരുമാനം 42.8% മുന്നേറിയതും കമ്പനിക്ക് വൻ നേട്ടമാണ്.
ഇന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), അശോക് ലെയ്ലാൻഡ്, ആസ്ട്രസെനെക ഫാർമ, ഗ്ലെൻമാർക് ഫാർമ, വോഡഫോൺ ഐഡിയ, പതഞ്ജലി ഫുഡ്സ്, ഐനോക്സ് ഗ്രീൻ എനർജി, ഐനോക്സ് വിൻഡ്, സ്വാൻ എനർജി തുടങ്ങിയവ പ്രവർത്തനഫലം പ്രസിദ്ധീകരിക്കും.
എണ്ണയും സ്വർണവും മേലോട്ട്
രാജ്യാന്തര ക്രൂഡ് ഓയിൽ വില ഇന്നലെ താഴേക്കിറങ്ങിയെങ്കിലും വൈകാതെ കരകയറ്റം തുടങ്ങി.
ഡിമാൻഡ് താഴുമെന്ന ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (ഐഇഎ) വിലയിരുത്തലായിരുന്നു വിലയെ താഴ്ത്തിയ പ്രധാനഘടകം. എന്നാൽ, നിലവിൽ വിലയുള്ളത് 0.34% വരെ നേട്ടത്തിൽ.
ഡബ്ല്യുടിഐ, ബ്രെന്റ് ഇനം വിലകൾ 62-65 ഡോളർ നിരക്കിൽ വ്യാപാരം ചെയ്യുന്നു.
∙ അമേരിക്കയിൽ പലിശനിരക്ക് കുറയാനുള്ള സാധ്യതയും യുഎസ് ഡോളർ ഇൻഡക്സ്, യുഎസ് ട്രഷറി യീൽഡ് (കടപ്പത്ര ആദായനിരക്ക്) എന്നിവയുടെ വീഴ്ചയും സ്വർണത്തിന് കരുത്തായി. രാജ്യാന്തരവില ഔൺസിന് 16 ഡോളർ ഉയർന്ന് 3,366 ഡോളറിലെത്തി.
കേരളത്തിൽ ഇന്നു വില കൂടുമെന്ന സൂചന ഇതു നൽകുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]