
ഡിജിറ്റൽ ലോകത്ത്, പണം കൈകാര്യം ചെയ്യുന്നതു പലപ്പോഴും ഗെയിം കളിക്കുന്നതുപോലെയാകാറുണ്ട്. പല ആപ്പുകളും പണമടയ്ക്കുമ്പോഴെല്ലാം സ്ക്രാച്ച് കാർഡുകളോ സ്പിന്നിങ് വീലുകളോ കോയിനുകളോ പോലുള്ള റിവാഡുകൾ തരുന്നതു ശ്രദ്ധിച്ചിട്ടില്ലേ… ഈ രസകരവും വർണാഭമായതുമായ അനുഭവം പക്ഷേ, ആകസ്മികമല്ല.
ഇത് ഗെയിമിഫിക്കേഷൻ എന്നു വിളിക്കപ്പെടുന്ന മികച്ച മനഃശാസ്ത്ര തന്ത്രമാണ്. പണത്തെക്കുറിച്ച് നാം ചിന്തിക്കുന്ന രീതിയെത്തന്നെ ഇതു മാറ്റിമറിച്ചേക്കാം.
ചെലവുകൾ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുന്നതിനുപകരം പലരും ആവേശത്തിൽ കുടുങ്ങിപ്പോകുന്നു. ഇതു കൂടുതൽ ചെലവഴിക്കാനും വളരെക്കുറച്ചുമാത്രം ലാഭിക്കാനും ഇടവരുത്തും.
പഠനവും ജോലിയും കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുള്ള മാർഗമായാണ് ഗെയിമിഫിക്കേഷൻ ആരംഭിച്ചത്.
എന്നാൽ സാമ്പത്തിക ലോകത്തേക്ക് വന്നപ്പോൾ ഇതിന് അപകടസാധ്യതയേറി. ഉപയോക്താക്കളെ സജീവമായി നിലനിർത്താൻ ആപ്പുകളിൽ ഇപ്പോൾ ഗെയിം പോലുള്ള സവിശേഷതകൾ കൂടുതലായി ഉപയോഗിക്കുന്നു.
സ്വന്തം ബജറ്റ് എത്രയെന്നു കൃത്യമായി കണക്കാക്കുകയും ഇതിൽ ഉറച്ചുനിൽക്കുകയുമാണ് വേണ്ടത്.
കാഷ്ബാക്ക് സ്പിൻ എന്ന ട്രാപ്
നിങ്ങൾ ഒരു ജനപ്രിയ ഡിജിറ്റൽ പേയ്മെന്റ് ആപ് ഉപയോഗിക്കുന്നുവെന്ന് സങ്കൽപിക്കുക. പണമടയ്ക്കുമ്പോഴെല്ലാം ആപ് ‘കാഷ്ബാക്ക് നേടാൻ സ്പിൻ ചെയ്യുക’ എന്ന സന്ദേശം നൽകും.
ചിലപ്പോൾ ചെറിയ തുക കുറവും ലഭിച്ചേക്കാം. ചിലപ്പോൾ ഭാഗ്യം അടുത്ത തവണയെന്ന മെസേജ് മാത്രമാകും ലഭിക്കുക.
ഒരു സാധാരണ ഉദാഹരണം എടുക്കാം.
കോളജ് വിദ്യാർഥിയായ രോഹൻ, മറ്റുള്ളവരെപ്പോലെ മൊബൈൽ പേയ്മെന്റ് ആപ് ഉപയോഗിച്ചാണ് തന്റെ മിക്ക ചെലവുകളും കൈകാര്യം ചെയ്യുന്നത്.
ഒരു ദിവസം രാവിലെ, ആപ് ഉപയോഗിച്ച് 60 രൂപയ്ക്ക് കാപ്പി വാങ്ങുന്നു. പേയ്മെന്റ് പൂർത്തിയാക്കിയ ഉടൻ, ആപ് അദ്ദേഹത്തിന് ഒരു വർണാഭമായ അനിമേഷൻ സമ്മാനമായി നൽകി– ചക്രം കറക്കി കാഷ്ബാക്ക് നേടൂ.
കൗതുകം തോന്നിയ അദ്ദേഹം ടാപ്പ് ചെയ്യുന്നു, അതിശയകരമെന്നു പറയട്ടെ, 10 രൂപ ലഭിച്ചു. ആ ചെറിയ പ്രതിഫലം അദ്ദേഹത്തിന് വലിയ സന്തോഷം നൽകുന്നു – എന്തെങ്കിലും അധികമായി സമ്പാദിച്ചതുപോലെ.
ഈ ആവേശത്തിൽ വീണ്ടും ഭാഗ്യം ലഭിച്ചാലോ എന്നു കരുതി സുഹൃത്തിന് 50 രൂപ അയയ്ക്കുന്നു.
പക്ഷേ, ഇത്തവണ അയാൾക്ക് ഒന്നും നേടാനായില്ല. പക്ഷേ, ആവശ്യമില്ലാതെ പണം ചെലവഴിക്കുകയും ചെയ്തു.
മാത്രമല്ല, അടുത്ത തവണ 20 രൂപ ലഭിച്ചേക്കാമെന്ന ചിന്ത കൂടി ഉണ്ടാകുകയും ചെയ്തു. ആ ആഴ്ചയിൽ മാത്രം അയാൾ ഇത്തരത്തിൽ അനാവശ്യമായി നടത്തിയത് 7 ഇടപാടുകൾ.
ആകെ നേടിയ കാഷ്ബാക്ക് 18 രൂപ. അധികമായി ചെലവഴിച്ച തുക 400 രൂപ!
ഓരോ ആഴ്ചയും ഇതു തുടർന്നാലോ…
ധനകാര്യത്തെ ഗെയിം പോലെ തോന്നിപ്പിക്കുന്നത് പ്രത്യക്ഷത്തിൽ നിരുപദ്രവകരമാണെന്ന് തോന്നിയേക്കാം. എന്നാൽ പണം ചെലവഴിക്കുന്നത് എളുപ്പവും ആവേശകരവുമാണെന്ന് തോന്നുമ്പോൾ ‘വാങ്ങൽ’ ആവശ്യമാണോ എന്ന ചിന്തയാണ് ഇല്ലാതാകുന്നത്.
കാലക്രമേണ ഇതു സാമ്പത്തിക ഭദ്രതയെത്തന്നെ ബാധിച്ചേക്കാം. റിവാഡുകളും ഗെയിമുകളും ഉപയോഗിച്ച് ഷോപ്പിങ്ങിൽ നേട്ടമുണ്ടാക്കുന്നതു നല്ലതുതന്നെ.
എന്നാൽ ഇവ നമ്മെ ആവശ്യമില്ലാതെ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് എപ്പോഴും ചിന്തിക്കണം.
‘ഞാൻ എന്തിനാണ് ചെലവഴിക്കുന്നത്?’ എന്ന് സ്വയം ചോദിക്കുകയും അതിന് കൃത്യമായ ഉത്തരം കണ്ടെത്തുകയും വേണം. നമ്മുടെ പണം നിയന്ത്രിക്കേണ്ടതു നമ്മൾ തന്നെയാണ്, ആപ്പുകളല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]