
ഒരു ദശാബ്ദത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിൽ പുതിയ വാണിജ്യ ബാങ്കുകൾ വരുന്നു. പുതിയ ബാങ്കുകൾക്കുള്ള ലൈസൻസ് നൽകാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്.
ഇന്ത്യയിൽ വമ്പൻ ബാങ്കുകളുടെ എണ്ണം കൂട്ടണമെന്ന കേന്ദ്ര നിലപാടിന്റെ പശ്ചാത്തലത്തിൽ കൂടിയാണിത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ബാങ്കിങ് ലൈസൻസിനായി അപേക്ഷിക്കാമെന്ന് റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ വൻകിട എൻബിഎഫ്സികൾക്ക് ബാങ്കിങ് ലൈസൻസ് അനുവദിക്കാനും റിസർവ് ബാങ്ക് തയാറായേക്കും.
രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്ന വിധത്തിൽ ബാങ്കിങ് സേവനങ്ങൾ വിപുലമാക്കുന്നതിനാണ് നീക്കം.
കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഇത് സംബന്ധിച്ച ചർച്ചകളിലാണ്. ആഗോള തലത്തില് കരുത്തറിയിക്കാനാകുന്ന വലിയ ശക്തമായ ബാങ്കുകളാകും ഇനി വരികയെന്നാണ് അറിയുന്നത്.
പുതിയ ബാങ്കിങ് ലൈസൻസുകൾ നൽകുന്നതിലൂടെ കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനും ലക്ഷ്യമുണ്ട്.
അംബാനിയും അദാനിയും വരുമോ?
10 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പുതിയ ബാങ്കിങ് ലൈസൻസ് നൽകാനുള്ള നീക്കം നടക്കുന്നത്.
രാജ്യത്ത് അവസാനമായി ബാങ്കിങ് ലൈസൻസ് നൽകിയത് 2014 ലാണ്. രണ്ട് വർഷത്തിനു ശേഷം വൻകിട
കോർപ്പറേറ്റ് കമ്പനികൾക്ക് ബാങ്കിങ് ലൈസൻസിന് അപേക്ഷ നൽകുന്നത് വിലക്കിയിരുന്നു. ഇതാണിപ്പോൾ കേന്ദ്രസർക്കാരും ആർബിഐയും പുനർപരിഗണിക്കുന്നത്.അങ്ങനെയെങ്കിൽ രാജ്യത്തെ വൻകിട
കോർപ്പറേറ്റുകൾക്കു ബാങ്കിങ് രംഗത്തേക്ക് കടന്നു വരാനാകും. റിലയൻസും അദാനി ഗ്രൂപ്പും ഒക്കെ ബാങ്കിങ്ങിലേക്ക് കടന്നു വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് ചുരുക്കം.
കേരളത്തിൽ നിന്ന് കൂടുതൽ ബാങ്കുകളോ?
ചെറിയ ബാങ്കുകളെ ലയിപ്പിക്കാനും വിദേശ ഉടമസ്ഥത നിയമങ്ങൾ കൂടുതൽ ലളിതമാക്കി വിദേശ ബാങ്കുകളെ ഇവിടെ ബാങ്കിങിൽ നിക്ഷേപം നടത്തിക്കാനും ആലോചനയുണ്ട്.
സാമ്പത്തിക മേഖലയ്ക്ക് കരുത്തുറ്റ സേവനങ്ങൾ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും(എൻ ബി എസ് സി) ലൈസൻസ് എടുക്കാൻ ആർബിഐ അവസരമൊരുക്കിയേക്കും. കേരളത്തിലെ മുൻനിര എൻബിഎഫ്സികൾക്ക് ഈ നീക്കം അനുകൂലമാകും.
ഒപ്പം സ്മോൾ ഫിനാൻസ് ബാങ്കുകൾ എന്ന ചെറു ബാങ്കുകളെ സമ്പൂർണ്ണ ബാങ്കുകൾ ആക്കാനും നിയമത്തിൽ മാറ്റം വരുത്തിയേക്കാം.
ആർബിഐയുടെ ഈ ചുവടുവയ്പ്പ് കേരളത്തിൽ നിന്നുള്ള എൻബിഎസികളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം, മുത്തൂറ്റ് ഫിൻകോർപ് തുടങ്ങിയ എൻബിഎസികൾക്ക് ബാങ്കായി മാറാൻ അവസരം നൽകുന്നു. ബാങ്കിങ് ലൈസൻസ് നടപടിക്രമങ്ങളിൽ റിസർവ് ബാങ്ക് കനത്ത നിലപാടുകൾ എടുക്കുന്നത് കോർപ്പറേറ്റുകളെ ഇതിൽനിന്ന് പിന്തിരിപ്പിക്കാറുണ്ട്.
അതുകൊണ്ട് ഇക്കാര്യത്തിൽ കുറച്ചുകൂടി ഉദാരമായ സമീപനം ഇത്തവണ ആർ ബി ഐ സ്വീകരിക്കാനും സാധ്യതയുണ്ട്.
വികസനത്തിന് കരുത്ത് പകരും
ചെറുബാങ്കുകളെ ലയിപ്പിക്കുന്നതും വിദേശ ഉടമസ്ഥത നിയമങ്ങൾ ലളിതമാക്കുന്നതും 2047ൽ രാജ്യത്തെ സമ്പൂർണ വികസിതമാക്കാനുള്ള നീക്കങ്ങൾ സുഗമമാക്കുമെന്നാണ് കരുതുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനുൾപ്പടെയുള്ള ഫണ്ട് വേഗത്തിൽ ലഭ്യമാക്കാനിത് വഴിയൊരുക്കും.
നിലവിൽ രാജ്യത്തെ വൻകിട
ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്സി ബാങ്കും മാത്രമാണ് ആസ്തിയുടെ കാര്യത്തിൽ ലോകത്തെ 100 ബാങ്കുകളുടെ പട്ടികയിൽ ഉള്ളത്. ചൈനയിലും അമേരിക്കയിലും ഉള്ള ബാങ്കുകൾ പട്ടികയിൽ മുൻനിരയിലാണ്.
ഇന്ത്യൻ ബാങ്കിങ് മേഖല ലോകത്തിൽ തന്നെ കടുത്ത നിയന്ത്രണങ്ങളേയോടെയാണ് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ചും, വിദേശ ഉടമസ്ഥതയുടെ കാര്യത്തിൽ.
നിലവിൽ രാജ്യത്തെ ബാങ്കുകളിൽ 20% വിദേശ നിക്ഷേപം മാത്രമേ അനുവദിക്കുന്നുള്ളൂ. ഇതിലും ഇളവ് വരുത്താനുള്ള നീക്കങ്ങൾ ഉണ്ട്.
വിദേശ നിക്ഷേപകർക്കും ഇന്ത്യൻ ബാങ്കിങ് മേഖലയോട് താല്പര്യമാണ്.
മെയ് മാസത്തിൽ ജപ്പാനിലെ സുമിടോമോ മിറ്റ്സുമി ഫിനാൻഷ്യൽ ഗ്രൂപ്പ് യെസ് ബാങ്കിന്റെ 20% ഓഹരി വാങ്ങാൻ തീരുമാനിച്ചിരുന്നു.158 കോടി ഡോളർ നിക്ഷേപമാണിത് (13500 കോടി രൂപ). നിലവിൽ രാജ്യത്തെ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]