ബ്രിട്ടൻ ആസ്ഥാനമായ നോർത്ത് സ്റ്റാർ ഷിപ്പിങ് ലിമിറ്റഡിനുള്ള (North Star Shipping/ Aberdeen) രണ്ടാമത്തെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലിന്റെ (SOV) നിർമാണം ആരംഭിച്ച് . വെസ്സൽ നിർമാണത്തിന് തുടക്കമിടുന്ന ചടങ്ങായ സ്റ്റീൽ കട്ടിങ് നോർത്ത് സ്റ്റാർ ഷിപ്പിങ് ചീഫ് ടെക്നോളജി ഓഫീസർ ജെയിംസ് ബ്രാഡ്ഫോഡ് നിർവഹിച്ചു. കൊച്ചിൻ ഷിപ്പ്‍യാർഡ് ഡയറക്ടർ (ഫിനാൻസ്) വി.ജെ. ജോസ്, എക്സിക്യൂട്ടീവ് ഡയറക്ടർ (ഷിപ്പ് ബിൽഡിങ്) എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

കഴിഞ്ഞവർഷം മേയിലാണ് നോർത്ത് സ്റ്റാർ ഷിപ്പിങ്ങിൽ നിന്ന് 60 മില്യൻ യൂറോ (ഏകദേശം 570 കോടി രൂപ) മതിക്കുന്ന ഓർഡർ കൊച്ചി കപ്പൽശാല നേടിയത്. ഇതിൽ ആദ്യ വെസ്സലിന്റെ സ്റ്റീൽ കട്ടിങ് ഫെബ്രുവരിയിൽ നടന്നു. കടലിലെ കാറ്റാടിപ്പാടങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണികൾ, മറ്റു പ്രവർത്തനങ്ങൾ‌ എന്നിവയിൽ നിർണായക പങ്കുവഹിക്കാനാകുന്ന വെസ്സലുകളാണിവ. ഇത്തരം വെസ്സലുകളുടെ നിർമാണത്തിലേക്കും കടന്നതോടെ പ്രവർത്തനമികവിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ് കൊച്ചി കപ്പൽശാല ചൂടുന്നത്.

86 മീറ്റർ നീളമുള്ള ഹൈബ്രിഡ്-ഇലക്ട്രിക് എസ്‌ഒവി (VARD 4 19 SOV) നോർവേയിലെ വാർഡ് എഎസ് ആണ് രൂപകൽപന ചെയ്തിരിക്കുന്നത്. കാറ്റാടി യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ചുമതലയുള്ള സ്പെഷലിസ്റ്റുകളും ജീവനക്കാരും ഉൾപ്പെടെ 80 പേരെ ഉൾക്കൊള്ളാൻ ഈ അത്യാധുനിക വോക്ക്-ടു-വർക്ക് (Walk-to-Work) വെസ്സലിന് കഴിയും. വെയർഹൗസ്, ലോജിസ്റ്റിക്സ് കേന്ദ്രമായും വെസ്സലിന് പ്രവർത്തിക്കാനാകും. കൊച്ചി കപ്പൽശാലയുടെ ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Cochin Shipyard Cuts Steel for North Star’s 2nd SOV