അമേരിക്കയിലെ ലേമാൻ ബ്രദേഴ്സ് (Lehman Brothers) ബാങ്കിന്റെ തകർച്ചയെ തുടർന്ന് സാമ്പത്തികമാന്ദ്യം ലോകമാകെ ആഞ്ഞുവീശിയ 2008ലാണ് (2008 global financial crisis) ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries/RIL) ചെയർമാനുമായ മുകേഷ് അംബാനി (Mukesh Ambani) 500 കോടി രൂപ ചെലവിട്ട് ഒരു വൻകിട കമ്പനിയുടെ 4.9% ഓഹരികൾ വാങ്ങിയത്. വർഷങ്ങൾക്കിപ്പുറം ആ ഓഹരികൾ മുഴുവനായും വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അംബാനി. വിൽക്കുമ്പോൾ കിട്ടുന്ന ലാഭമെത്രയെന്നോ… 10,000 കോടി രൂപ! 

500 കോടിക്ക് വാങ്ങിയത് ഓഹരി 10,500 കോടി രൂപയ്ക്ക് വിൽക്കാനാകുമെന്നാണ് ഇതു സംബന്ധിച്ച ഇക്കണോമിക് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതായത് 10,000 കോടി ലാഭം. ഇനി കമ്പനി ഏതാണെന്ന് അറിയേണ്ടേ… ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നായ ഏഷ്യൻ പെയിന്റ്സ് (Asian Paints). 2008ൽ റിലയൻസിന്റെ ഉപകമ്പനിയായ ഓജസ്വി ട്രേഡിങ് (Ojasvi Trading) വഴിയായിരുന്നു 4.9% ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തത്. 

കഴിഞ്ഞ ഒരുവർഷത്തിനിടെ 20 ശതമാനത്തോളവും 3 വർഷത്തിനിടെ 25 ശതമാനവും വിലയിടിവ് നേരിട്ട ഓഹരിയാണ് ഏഷ്യൻ പെയിന്റ്സ്. അല്ലായിരുന്നെങ്കിൽ അംബാനിയുടെ ലാഭം ഇതിലും കൂടുമായിരുന്നു.  ഇന്ന് 1.65 ശതമാനത്തോളം താഴ്ന്ന് (ഉച്ചയ്ക്കത്തെ സെഷൻ) 2,286.30 രൂപയിലാണ് ഏഷ്യൻ െപയിന്റ്സ് ഓഹരികളുള്ളത്. 2.2 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള (market-cap) കമ്പനിയുടെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം 2024 സെപ്റ്റംബർ 16ലെ 3,394.90 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച ഇക്കഴിഞ്ഞ മാർച്ച് 5ലെ 2,124.75 രൂപയും. ബ്ലോക്ക്ഡീലിലൂടെയാകും ഏഷ്യൻ പെയിന്റ്സ് ഓഹരികൾ റിലയൻസ് വിറ്റഴിച്ചേക്കുകയെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, റിലയൻസ് ഇനിയും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Mukesh Ambani’s Smart Investment: ₹500 Crore Turns into ₹10,500 Crore