
കഴിഞ്ഞ രണ്ടുദിവസമായി കനത്ത ചാഞ്ചാട്ടം നേരിടുന്ന കേരളത്തിലെ സ്വർണ (gold) വിലയിൽ (Kerala gold price) ഇന്ന് ഭേദപ്പെട്ട കുറവ്. ഗ്രാമിന് (gold rate) 50 രൂപ കുറഞ്ഞ് 8,805 രൂപയും പവന് 400 രൂപ താഴ്ന്ന് 70,440 രൂപയുമായി. മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും കൂടിച്ചേരുമ്പോൾ ഇന്ന് ഒരു പവൻ ആഭരണത്തിന് 76,235 രൂപയെങ്കിലുമാകും. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,530 രൂപയും.
പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ ഉയർന്ന് 7,255 രൂപയായി. വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 108 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 ഗ്രാം സ്വർണത്തിന് നൽകിയ വില ഗ്രാമിന് 30 രൂപ ഉയർത്തി 7,220 രൂപയാണ്. വെള്ളിക്ക് മാറ്റമില്ലാതെ 108 രൂപ.
സ്വർണവില ഇനി എങ്ങോട്ട്?
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കേരളത്തിൽ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ വൻ മാറ്റങ്ങളുണ്ടായി. രാജ്യാന്തരവിലയിലുണ്ടായ വ്യത്യാസവും രൂപയുടെ ചാഞ്ചാട്ടവുമായിരുന്നു പ്രധാന കാരണം. ഇന്നലെ ഉച്ചയ്ക്ക് വില പരിഷ്കരിച്ചപ്പോൾ രാജ്യാന്തരവില ഔൺസിന് 3,250 ഡോളറിനടുത്തായിരുന്നു. ഇന്നുള്ളത് 3,225 ഡോളറിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ഇന്ന് കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു. താരിഫ് (ഇറക്കുമതിച്ചുങ്കം) വിഷയത്തിൽ യുഎസ് കൂടുതൽ രാജ്യങ്ങളുമായി സമവായത്തിലേക്ക് കടക്കുന്നത് സ്വർണവിലയെ താഴ്ത്തുകയാണ്.
യുഎസിൽ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഇന്നലെ പുറത്തുവന്നിരുന്നു. മാർച്ചിലെ 0.1 ശതമാനത്തിൽ നിന്ന് ഇത് 0.2 ശതമാനമായി ഉയർന്നു. എന്നിരുന്നാലും, റോയിട്ടേഴ്സ് ഉൾപ്പെടെ പ്രവചിച്ച 0.3 ശതമാനത്തേക്കാൾ കുറഞ്ഞെന്നത് ആശ്വാസമാണ്. പണപ്പെരുപ്പം ആശ്വാസതലത്തിൽ നിൽക്കുന്നതിനാൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന സമ്മർദ്ദം കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിനുമേൽ ട്രംപ് വീണ്ടും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധം ആഗോളതലത്തിൽ ഇപ്പോഴും സാമ്പത്തികരംഗത്ത് അസ്ഥിരത സൃഷ്ടിച്ചിട്ടുള്ളതിനാൽ പലിശകുറയ്ക്കാൻ വൈകിയേക്കുമെന്ന സൂചനകളുമുണ്ട്.
പലിശനിരക്ക് കുറഞ്ഞാൽ അത് ഡോളറിനും യുഎസ് ബോണ്ടിനും തിരിച്ചടിയാകും. ഫലത്തിൽ, സ്വർണവില കൂടും. മറിച്ചെങ്കിൽ സ്വർണവില താഴേക്കിറങ്ങും. യുകെയ്ക്കും ചൈനയ്ക്കും പിന്നാലെ ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായും അമേരിക്ക വ്യാപാര കരാർ ചർച്ചകളിലേക്ക് കടന്നതും താരിഫ് പ്രശ്നത്തിന് പരിഹാരത്തിന് വഴിയൊരുക്കും. ഇതും സ്വർണത്തിന് തിരിച്ചടിയാകും.
സാധാരണനിലയിൽ പണപ്പെരുപ്പം കുറഞ്ഞാൽ പലിശനിരക്ക് കുറയ്ക്കാൻ കേന്ദ്രബാങ്ക് തയാറാവും. പലിശനിരക്ക് കുറയുമ്പോൾ ആനുപാതികമായി യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) ഡോളറിന്റെ മൂല്യവും കുറയും. ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ ചുവടുമാറ്റാനിടയാക്കും. ഇവിടെ, നിലവിൽ പണപ്പെരുപ്പം ആശ്വാസതലത്തിലാണെങ്കിലും പലിശനിരക്ക് ജൂലൈയിൽ കുറയ്ക്കുന്നതിന് പകരം സെപ്റ്റംബറിലേക്ക് യുഎസ് ഫെഡ് നീട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. ഇതാണ്, സ്വർണവിലയെ താഴേക്ക് നയിച്ചതും യുഎസ് ട്രഷറി ബോണ്ട് ഇപ്പോൾ ഉയർന്നതും. എന്നാൽ, ട്രംപിന്റെ സമ്മർദത്തിന് യുഎസ് ഫെഡ് വഴങ്ങിയാൽ ജൂലൈയിൽ തന്നെ പലിശ കുറയാം. അതു സ്വർണത്തിന് അനുകൂലമാണ്.