
കഴിഞ്ഞ വർഷം ഏപ്രിൽ 12 ന് ഒരു പവൻ 53,200 രൂപയ്ക്ക് വാങ്ങിയവർക്ക് ഇപ്പോൾ ഇതിനു ലഭിക്കുന്ന മൂല്യം 70,000 രൂപയ്ക്കു മുകളിൽ. ഏതാണ്ട് 17,000 രൂപയോളം വർധന– 24 ശതമാനത്തിലധികം റിട്ടേൺ!. ആഭരണമായി വാങ്ങുന്നവരെ സംബന്ധിച്ചാണെങ്കിൽ പണിക്കൂലി, നികുതി എന്നിവയെല്ലാം കിഴിച്ചാലും 15–20 ശതമാനത്തോളം റിട്ടേൺ. ഈ വർഷം ആദ്യത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നര മാസത്തിനുള്ളിൽ സ്വർണം നൽകിയ നേട്ടം 22%.
2024ൽ സ്വർണവിലയിലുണ്ടായ വർധന 37%. രാജ്യത്തെ ഓഹരി വിപണികൾ ഈ വർഷം ഇതുവരെ 3 ശതമാനത്തോളം നഷ്ടത്തിലേക്കു പോയപ്പോഴാണ് സ്വർണത്തിൽ നിന്നുള്ള റിട്ടേൺ 20 ശതമാനം കടക്കുന്നതെന്നതും ശ്രദ്ധേയം. ഏറ്റവും മികച്ച റിട്ടേൺ നൽകുന്ന അസറ്റ് ക്ലാസ് എന്നല്ല, അതിശയകരമായ റിട്ടേൺ നൽകുന്ന സമ്പാദ്യം എന്ന നിലയിലാണ് സ്വർണത്തിന്റെ ഇപ്പോഴത്തെ വിശേഷണം. വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണികളാകെ ആടിയുലയുമ്പോൾ സ്വർണം എന്ന സുരക്ഷിത സങ്കേതത്തിലേക്ക് വൻകിട നിക്ഷേപകർ ചേക്കേറുകയാണ്.
കണ്ണഞ്ചിപ്പിക്കും വളർച്ച
20 വർഷത്തെ കണക്കു പരിശോധിച്ചാൽ തന്നെ എത്ര വേഗത്തിലാണെന്നു മനസ്സിലാക്കാനാകും. 2005 ഒക്ടോബർ 10നാണ് സ്വർണവില പവന് 5000 രൂപയിലെത്തുന്നത്. 3 വർഷംകൊണ്ട് വില ഇരട്ടിയായി. 2008 ഒക്ടോബർ 9ന് പവന് 10000 രൂപ കടന്നു. 2011 ഓഗസ്റ്റ് 19ന് പവന് 20,000 രൂപയായി. പിന്നീട് വർഷങ്ങളോളം വലിയ ചലനങ്ങൾ സ്വർണവിപണിയിൽ സംഭവിച്ചില്ല.
2019 ഫെബ്രുവരി 20 നാണ് 25,000 രൂപയിലെത്തുന്നത്. എന്നാൽ കോവിഡ് മഹാമാരി ആഗോള വിപണികളെയെല്ലാം ബാധിച്ചപ്പോൾ സ്വർണവില കുതിച്ചുയർന്നു. 2020 ജനുവരി 6ന് പവൻ വില 30,000 രൂപ കടന്നു മുന്നേറി. 2020 ജൂലൈ 31ന് വില 40,000 രൂപയ്ക്കു മുകളിലെത്തി.
കോവിഡ് ആശങ്ക ഒഴിഞ്ഞതോടെ 32,000 രൂപയുടെ പരിസരത്തേക്കു വരെ വില താഴ്ന്നെങ്കിലും റഷ്യ–യുക്രെയ്ൻ യുദ്ധവും ഹമാസ് –ഇസ്രയേൽ സംഘർഷങ്ങളും സ്വർണവിലയെ സ്വാധീനിച്ചു. 2024 മാർച്ച് 29 ന് പവൻ വില 50,000 രൂപയിലെത്തി. 2024 നവംബറിൽ ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതോടെ വലിയ ചലനങ്ങൾ സ്വർണവിലയിലുണ്ടായി.
ആദ്യം ഇടിവാണുണ്ടായതെങ്കിലും 2025 ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തി, തീരുവ യുദ്ധപ്രഖ്യാപനം നടത്തിയതോടെ വില കുതിച്ചുയർന്നു. ജനുവരി 22ന് പവന് 60,000 രൂപയായി. വ്യാപാരയുദ്ധത്തിൽ ചൈനയും അമേരിക്കയും നേർക്കുനേർ വന്നതോടെ കഴിഞ്ഞ 12ന് വില 70160 രൂപയായി.
വില കുറയുമോ?
അസാധാരണ കുതിപ്പു നടത്തുന്നതിനാൽ വിലയിൽ വലിയ ഇടിവുകൾക്കു സാധ്യതയുണ്ടോ എന്ന ആശങ്ക പുതിയ നിക്ഷേപകരെ സംബന്ധിച്ചുണ്ട്. എന്നാൽ വില മുന്നേറാനുള്ള സാധ്യതകളാണു വിപണിയിൽ കൂടുതൽ. വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണ കരുതൽ ശേഖരം വൻതോതിൽ ഉയർത്തുന്നതും ഗോൾഡ് എക്സ്ചേഞ്ച് ഫണ്ടുകളിലേക്കു നിർബാധം തുടരുന്ന പണമൊഴുക്കും ഡിമാൻഡ് കൂട്ടുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന തരത്തിൽ സ്വർണം വാങ്ങുന്ന വൻകിട നിക്ഷേപകർ കാര്യമായി ലാഭമെടുപ്പു നടത്തുന്നില്ലെന്നതും ശ്രദ്ധേയം.
വിപണിയിലെ സാഹചര്യങ്ങൾ സ്വർണത്തിന് അനുകൂലം
∙ തീരുവ യുദ്ധം തുടരാനുള്ള സാധ്യത
∙ അമേരിക്കൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന സൂചന, ഉയർന്ന പണപ്പെരുപ്പവും കുറഞ്ഞ വളർച്ച നിരക്കും
∙ ചൈനയുടെ ഗോൾഡ് ഇടിഎഫ് ഫണ്ടിങ്ങിലെ റെക്കോർഡ് വർധന
∙ ഈ വർഷം രണ്ടു തവണ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന സൂചന
∙കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിൽ സ്വർണം നഷ്ടത്തിലായത് 2 വർഷങ്ങളിൽ മാത്രം
∙ റഷ്യ–യുക്രെയ്ൻ യുദ്ധത്തിനും ഗാസയിലെ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാകാത്തത്
∙ അമേരിക്കയുടെ കടം പെരുകുന്നത്, തീരുവയുദ്ധത്തിൽ ബോണ്ട് വരുമാനം കുറയുന്നത്, ഡോളർ ഇൻഡക്സിനു നേരിടുന്ന ഇടിവ്
∙ ഓഹരി വിപണികളിലെ അനിശ്ചിതാവസ്ഥ