
പരമ്പരാഗത രീതിയിലുള്ള തൊഴിൽ അല്ലാതെ പല പ്ലാറ്റ് ഫോം കമ്പനികളിൽ ഒരേ സമയം ജോലി ചെയ്ത് ജീവിതം പുലർത്തുന്ന ഗിഗ് വർക്കർമാർക്ക് കേന്ദ്ര സർക്കാരിന്റെ കൈതാങ്ങ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സേവനം ചെയ്യുന്ന ഒരു കോടി ഗിഗ് തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിക്കായി തൊഴിൽ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടാനൊരുങ്ങുകയാണ്. ഓരോ ഇടപാടിനും അവരുടെ വരുമാനത്തിൽ നിന്ന് സാമൂഹിക സുരക്ഷാ സംഭാവനകൾ നൽകുന്ന പദ്ധതിയാണിത്.
ആനുകൂല്യങ്ങൾ
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കോടി ഗിഗ് തൊഴിലാളികൾക്കായി ഒരു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സർക്കാർ അവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും ഇ-ശ്രം പോർട്ടലിൽ റജിസ്ട്രേഷൻ സുഗമമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം ഈ തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുമെന്നും അവർ പറഞ്ഞിരുന്നു.
വിവിധ സർക്കാർ ഏജൻസികൾ നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഈ തൊഴിലാളികൾക്ക് ലഭിക്കാൻ ഈ നീക്കം സഹായിക്കും. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ഓരോ ഗിഗ് വർക്കർക്കും തൊഴിൽ മന്ത്രാലയത്തിന്റെ ഇ-ശ്രം പോർട്ടലിൽ റജിസ്റ്റർ ചെയ്യുകയും 12 അക്ക യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) നൽകുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ, ഗിഗ് വർക്കർമാരെ തിരിച്ചറിയുകയും അവർ പ്രവർത്തിക്കുന്ന ഓരോ പ്ലാറ്റ്ഫോമിൽ നിന്നും സംഭാവന കുറയ്ക്കുകയും ചെയ്യും.
പദ്ധതി പ്രകാരം, തൊഴിലാളിക്ക് പ്രൊവിഡന്റ് ഫണ്ടും പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തൊഴിലാളികളുടെ വരുമാനത്തിൽ നിന്ന് ചരക്കുകളുടെയും സേവനങ്ങളുടെയും (ജിഎസ്ടി) നികുതി ഈടാക്കുന്നതുപോലെ, സാമൂഹിക സുരക്ഷാ സംഭാവനകളുടെ ഒരു ശതമാനം കുറയ്ക്കുന്നതിനുള്ള സംവിധാനം ആയിരിക്കും തൊഴിൽ മന്ത്രാലയം നടപ്പിലാക്കുക എന്ന് സൂചനകളുണ്ട്. ഈ പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികൾക്ക് പെൻഷൻ നിശ്ചയിക്കുമ്പോൾ വിരമിക്കൽ സമയത്ത് രണ്ട് ഓപ്ഷനുകൾ നൽകാമെന്നാണ് നിലവിലെ തീരുമാനം.
ഒന്നുകിൽ അവർക്ക് നിക്ഷേപങ്ങളുടെ പലിശ പെൻഷനായി പിൻവലിക്കാം അല്ലെങ്കിൽ സമാഹരിച്ച ഫണ്ടുകൾ ഒരു നിശ്ചിത കാലയളവിലേക്ക് തുല്യ ഗഡുക്കളായി പിൻവലിക്കാം. സാമൂഹിക സുരക്ഷാ പദ്ധതിയിലേക്ക് സംഭാവന ചെയ്യേണ്ട വരുമാന ഇടപാടിന്റെ അനുപാതം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഗിഗ് തൊഴിലാളികൾക്ക് ഇപ്പോൾ ചെയ്യുന്ന പോലെ ഒരേസമയം രണ്ടോ അതിലധികമോ പ്ലാറ്റ്ഫോമുകളിൽ തുടർന്നും ജോലി ചെയ്യാം.
അസംഘടിത മേഖലകളിലെ തൊഴിലാളികളെ റജിസ്റ്റർ ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 2021 ഓഗസ്റ്റിൽ ഇ-ശ്രം പോർട്ടൽ ആരംഭിച്ചു, അവർക്ക് ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) നൽകുകയും അസംഘടിത തൊഴിലാളികളുടെ സമഗ്രമായദേശീയ ഡാറ്റാബേസ് (NDUW) ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 2025 ജനുവരി 27 വരെ, 30.58 കോടിയിലധികം അസംഘടിത തൊഴിലാളികൾ ഇ-ശ്രം പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ, വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയോ വകുപ്പുകളുടെയോ 12 പദ്ധതികൾ ഇ-ശ്രമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
നഗരങ്ങളിലെ തൊഴിലാളികൾക്ക് നേട്ടം
നഗരങ്ങളിലേക്ക് കുടിയേറുന്ന ഗിഗ് തൊഴിലാളികൾക്ക് ഈ മാറ്റം നേട്ടമാകും. തൊഴിലാളി ഒരു സാധാരണ ജോലിയിലേക്ക് മാറാൻ തീരുമാനിക്കുകയാണെങ്കിൽ, സ്കീമിന് കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി അക്കൗണ്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ കീഴിലുള്ള അയാളുടെ അക്കൗണ്ടുമായി ലയിപ്പിക്കും.
നിരവധി അഗ്രഗേറ്റർമാർ തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും, അവർക്ക് ഒരു സാമൂഹിക സുരക്ഷാ പദ്ധതി ഉണ്ടായിരുന്നില്ല.2020-21 ൽ ഇന്ത്യയിൽ ഏകദേശം 7.7 ദശലക്ഷം ഗിഗ് തൊഴിലാളികളുണ്ടെന്ന് നീതി ആയോഗ് കണക്കാക്കിയിരുന്നു, ഇപ്പോഴത് വർധിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഇല്ലാതെ ദൈനംദിന വരുമാനത്തെ ആശ്രയിക്കേണ്ടിവരുന്ന ഗിഗ് തൊഴിലാളികളെ പുതിയ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വെല്ലുവിളികൾ അനവധി
നഗരപ്രദേശങ്ങളിലേക്ക് കുടിയേറുന്ന ഗിഗ് തൊഴിലാളികൾ പലപ്പോഴുംപല തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ട്. വരുമാന സ്ഥിരതയില്ലായ്മ , തൊഴിൽ സുരക്ഷയുടെ അഭാവം, അപര്യാപ്തമായ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, മോശം ജീവിത സാഹചര്യങ്ങൾ, പ്ലാറ്റ്ഫോമുകളുടെ ചൂഷണം, ജോലിക്കായുള്ള മത്സരം, പരിമിതമായ സോഷ്യൽ നെറ്റ്വർക്കുകൾ കാരണം ഒറ്റപ്പെടാനുള്ള സാധ്യത തുടങ്ങി മറ്റ് കുടിയേറ്റ തൊഴിലാളികളെപ്പോലെ നിരവധി പ്രശ്നങ്ങൾ അവർ അനുഭവിക്കുന്നു.
ഗിഗ് വർക്കിന്റെ സ്വഭാവം തന്നെ പലപ്പോഴും മാറി പോകുന്നത് ഇത്തരത്തിൽ സുരക്ഷിതത്വമില്ലായ്മയിൽ നിന്നാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പരമ്പരാഗത ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി, ഗിഗ് തൊഴിലാളികൾക്ക് പലപ്പോഴും ആരോഗ്യ ഇൻഷുറൻസ്, ശമ്പളത്തോടുകൂടിയ അവധി, പെൻഷനുകൾ അല്ലെങ്കിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമല്ല എന്ന പ്രശ്നങ്ങൾ കുറച്ചെങ്കിലും മാറാൻ പുതിയ നയങ്ങൾ ഉപകാരപ്രദമായിരിക്കും.എന്നാൽ പുതിയ സൗകര്യങ്ങൾ നഗരപ്രദേശങ്ങളിൽ വീണ്ടും ഗിഗ് വർക്കർമാരുടെ കടുത്ത മത്സരത്തിലേക്ക് നയിച്ചേക്കാം എന്ന ആശങ്കയുണ്ട്. ഇത് കാലക്രമേണ അവരുടെ വരുമാനത്തെ കൂടുതൽ ബാധിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]