അഫ്ഗാനിസ്ഥാനുമായി ഇന്ത്യയ്ക്കുള്ള വ്യാപാരം നിർത്തിയെന്ന പ്രചാരണം കേന്ദ്രം തള്ളി. ചില പാക്കിസ്ഥാനി സമൂഹമാധ്യമ അക്കൗണ്ടുകളാണ് ഇതുസംബന്ധിച്ച വ്യാജപ്രചാരണം നടത്തിയത്.
ഇറാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ അഫ്ഗാനിലേക്കുള്ള വ്യാപാരം നിർത്തിയെന്നായിരുന്നു പോസ്റ്റുകൾ.
ഇതുസംബന്ധിച്ച് വ്യാജമായി നിർമിച്ച കത്തും പ്രചരിപ്പിച്ചു. 2024–25ൽ ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതി 31.89 കോടി ഡോളറിന്റേതായിരുന്നു.
ഇറക്കുമതി 68.98 കോടി ഡോളറും.
ഇതിനിടെ പാക്കിസ്ഥാനും അഫ്ഗാനും തമ്മിലെ ഭിന്നത മൂർച്ഛിക്കുകയാണ്. ഇന്ത്യയ്ക്കു പിന്നാലെ പാക്കിസ്ഥാന് വെള്ളത്തിൽ ഷോക്ക് നൽകി അഫ്ഗാൻ താലിബാനും രംഗത്തെത്തിയെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലേക്ക് സിന്ധു നദിയിൽ നിന്ന് നൽകുന്ന ജലവിതരണം ഇന്ത്യ തടഞ്ഞിരുന്നു.
വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കാതെ ജലവിതരണം പുനരാരംഭിക്കില്ലെന്ന് അടുത്തിടെ യുഎന്നിലും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയ്ക്ക് ഇന്ത്യയുടെ നടപടി വൻ ആഘാതമായിട്ടുണ്ട്.
ഇതിനിടെയാണ്, പാക്കിസ്ഥാന് ഇരുട്ടടി നൽകി സമാനമായ തീരുമാനത്തിലേക്ക് താലിബാനും കടന്നത്. പാക്കിസ്ഥാനിലെ ചിത്രാൽ മേഖലയിൽ ആരംഭിച്ച് അഫ്ഗാനിസ്ഥാനിലെ കുനാർ, നൻഗറാർ മേഖലകളിൽ കൂടി ഒഴുകി വീണ്ടും പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന നദിയാണ് കുനാർ.
ഈ നദിയിൽ ഡാം നിർമിക്കാനൊരുങ്ങുകയാണ് അഫ്ഗാൻ താലിബാൻ.
ഡാം യാഥാർഥ്യമായാൽ അതു പാക്കിസ്ഥാന് കനത്ത അടിയാകും. കാർഷിക മേഖലയ്ക്ക് പുറമേ പാക്കിസ്ഥാനിൽ കുടിവെള്ളം, ജലവൈദ്യുത പദ്ധതി തുടങ്ങിയ ആവശ്യങ്ങൾക്ക് വലിയതോതിൽ പ്രയോജനപ്പെടുത്തുന്ന നദിയാണ് കുനാർ.
ഡാം നിർമിച്ച് നദിയുടെ ദിശമാറ്റി വിടാനാണ് അഫ്ഗാന്റെ തീരുമാനമെങ്കിൽ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ വലിയ പ്രതിസന്ധി നേരിടും.
കുനാറിൽ ഡാം നിർമിച്ച് അഫ്ഗാനിലെ ഗംബീരി മരുഭൂപ്രദേശം വഴി നൻഗറാറിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കാനാണ് താലിബാന്റെ പദ്ധതി. അതേസമയം, അഫ്ഗാന്റെ തീരുമാനം പാക്കിസ്ഥാനുമായി വീണ്ടും സംഘർഷം രൂക്ഷമാകാനുള്ള സാഹചര്യമൊരുക്കിയേക്കുമെന്ന വിലയിരുത്തലുകൾ ഉയർന്നിട്ടുണ്ട്.
അതിർത്തി സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാൻ ചെക്പോസ്റ്റുകൾ അടച്ചത് അഫ്ഗാനിസ്ഥാന്റെ വ്യാപാരമേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.
പാക്കിസ്ഥാനുമായി ഇനി വ്യാപാര ബന്ധത്തിനില്ലെന്ന് വ്യക്തമാക്കിയ താലിബാൻ ഇപ്പോൾ ഇന്ത്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയെയാണ് കയറ്റുമതി-ഇറക്കുമതി നടപടികൾക്ക് ആശ്രയിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

