പാക്–അഫ്ഗാൻ സംഘർഷം ഇന്ത്യയ്ക്ക് തുറന്നുനൽകിയത് കോടികളുടെ വ്യാപാര അവസരം. അതിര്‍ത്തിയിലെ സംഘർഷത്തെ തുടർന്ന് 2025 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലേക്കുള്ള രണ്ട് കര അതിർത്തികൾ പാക്കിസ്ഥാൻ അടച്ചിരുന്നു.
ഇതോടെ ഇന്ത്യയ്ക്ക് മരുന്ന് വിപണന രംഗത്ത് 1,800 കോടി രൂപയുടെ പുതിയ അവസരം ലഭിച്ചെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാര ബന്ധം തുടരുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ കണക്കുകളും പുറത്തുവന്നത്.
ഇറാൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരബന്ധം ഇന്ത്യ താത്കാലികമായി അവസാനിപ്പിച്ചെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കി.
നാല് ഭാഗവും കരബന്ധിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാൻ.
പാക്കിസ്ഥാനിലെ തുറമുഖങ്ങളിൽ എത്തിക്കുന്ന ഉൽപന്നങ്ങൾ തോർഖാം, ചമന്‍ അതിർത്തികളിലൂടെയാണ് അഫ്ഗാനിലേക്ക് കടന്നിരുന്നത്. കഴിഞ്ഞ വർഷമുണ്ടായ സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാൻ ഈ രണ്ട് അതിർത്തികളും അടച്ചു.
ഇതോടെയാണ് അഫ്ഗാൻ ഇന്ത്യയെ സമീപിക്കുന്നത്. താലിബാൻ ഭരണം നിലനിൽക്കുന്ന അഫ്ഗാനിൽ നിലവിൽ മരുന്നുകൾക്ക് വലിയ ക്ഷാമം നേരിടുകയാണ്.
ഇത് പരിഹരിക്കാൻ ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലും അഫ്ഗാൻ സർക്കാരും കഴിഞ്ഞ ഡിസംബറിൽ ധാരണയിലെത്തിയിരുന്നു. അഫ്ഗാനിൽ മെഡിക്കൽ ലബോറട്ടറികളും ആശുപത്രികളും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇന്ത്യയുടെ സഹായമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം (2024–25) ഇന്ത്യ 2.7 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ മരുന്നുകൾ കയറ്റുമതി ചെയ്തെന്നാണ് കണക്ക്.
ഇതിൽ 970 കോടി രൂപയോളം അഫ്ഗാനിസ്ഥാനിലേക്കായിരുന്നു. ഇന്ത്യയുടെ ആകെ മരുന്ന് കയറ്റുമതിയുടെ അരശതമാനത്തിൽ താഴെയാണ് ഇതെങ്കിലും മുൻവർഷത്തേക്കാൾ 20 ശതമാനത്തോളം വർധിച്ചെന്നും കണക്കുകൾ പറയുന്നു.
അടുത്ത വർഷങ്ങളിൽ ഇത് വർധിക്കുമെന്നാണ് പ്രതീക്ഷ. ചികിത്സ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാരുടെ എണ്ണം കൂടുമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.
2024ല്‍ 48,000 അഫ്ഗാൻ പൗരന്മാർ മെഡിക്കൽ ടൂറിസത്തിനായി ഇന്ത്യയിലെത്തിയെന്നാണ് കണക്ക്.
എന്നാൽ അഫ്ഗാനുമായുള്ള വ്യാപാര ബന്ധം സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം. 2021ൽ താലിബാൻ അധികാരം പിടിച്ചെങ്കിലും റഷ്യ ഒഴികെയുള്ള രാജ്യങ്ങളൊന്നും താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല.
ചില രാജ്യങ്ങൾ വാണിജ്യ ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കിലും നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. സ്ഥിരതയുള്ള ഭരണകൂടം ഇല്ലാത്തത് സാമ്പത്തിക വെല്ലുവിളിയും ഉയർത്തുന്നുണ്ട്.
യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ അംഗീകാരം ഇല്ലാത്തതിനാൽ പൂർണതോതിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് രാഷ്ട്രീയ പരമായ വെല്ലുവിളികളുമുണ്ട്. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിൽ നേരിട്ടുള്ള നിക്ഷേപം നടത്താനും ഇന്ത്യ തയ്യാറായേക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
പാക്കിസ്ഥാന് നെഞ്ചിടിപ്പ്
അതേസമയം, ഇന്ത്യ–അഫ്ഗാന് വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നതിൽ പാക്കിസ്ഥാന് അങ്കലാപ്പിലാണ്.
അഫ്ഗാൻ നേതൃത്വത്തിന്റെ അടിക്കടിയുള്ള ഇന്ത്യ സന്ദർശനമാണ് പാക്കിസ്ഥാന്റെ നെഞ്ചിടിപ്പേറ്റുന്നത്. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് പാക് മന്ത്രി അത്താവുള്ള തരാർ ആരോപിച്ചു.
ബലൂച്ച് വിമതരെ പിന്തുണയ്ക്കുന്നത് ഇന്ത്യയും അഫ്ഗാനുമാണെന്നും തരാർ ആരോപിക്കുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങൾ ഇന്ത്യയും അഫ്ഗാനും നിഷേധിച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

