ഇക്കഴിഞ്ഞ ജനുവരി 3ന് ആണ് യുഎസ് സൈന്യം വെനസ്വേലൻ തലസ്ഥാനമായ കാരക്കസിൽ പ്രവേശിച്ച് പ്രസിഡന്റ് നിക്കോളാസ് പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയത്. അതീവ രഹസ്യമായ നീക്കം.
മഡുറോയെ പിടിച്ചുവെന്ന് ട്രംപ് വെളിപ്പെടുത്തുംവരെ ലോകം അറിഞ്ഞിരുന്നില്ല. പക്ഷേ, ഒരാൾ ഇതുമുൻകൂട്ടി അറിഞ്ഞിരുന്നോ?
പ്രമുഖ വാതുവയ്പ്പ് പോർട്ടലിൽ ഒരാൾ മഡുറോ പിടിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം ബെറ്റ് വച്ചു – ‘മഡുറോ ഉടൻ തെറിക്കും’.
തൊട്ടുപിന്നാലെ യുഎസ് സൈന്യത്തിന്റെ ‘ഓപ്പറേഷൻ’. വാതുവയ്പ്പ് നടത്തിയ ആ ആൾ നേടിയതാകട്ടെ 4 ലക്ഷം ഡോളർ.
ഏകദേശം 3.6 കോടി രൂപ.
വാതുവയ്പ്പുകാരന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ‘അഞ്ജാതൻ’ എന്നു മാത്രമാണ് വിശേഷണം.
പ്രമുഖ വാതുവയ്പ്പു പോർട്ടലായ പോളിമാർക്കറ്റിൽ ആയിരുന്നു ബെറ്റിങ്. അഞ്ജാതൻ ആഴ്ചകൾക്ക് മുൻപുമാത്രമാണ് പോളിമാർക്കറ്റിൽ അക്കൗണ്ട് ആരംഭിച്ചത്.
‘ഓപ്പറേഷൻ വെനസ്വേല’യ്ക്ക് മണിക്കൂറുകൾക്ക് മുൻപുമാത്രം മഡുറോ തെറിക്കുമെന്ന് പ്രവചനവും; പിന്നാലെ അതു യാഥാർഥ്യമാകലും.
കള്ളക്കളിയാണെന്ന (ഇൻസൈഡർ ട്രേഡിങ്) ആരോപണവുമായി ഇതോടെ പലരും രംഗത്തെത്തി. അഞ്ജാതൻ യുഎസ് ഭരണകൂടത്തിലെ തന്നെ ഉദ്യോഗസ്ഥനായിരിക്കാമെന്നാണ് ചിലർ പറയുന്നത്.
വെനസ്വേലയിൽ നടത്താനിരുന്ന നടപടി മുൻകൂട്ടി അറിയാവുന്ന ഒരു ഉദ്യോഗസ്ഥൻ. ഇയാൾ തന്ത്രപൂർവം ബെറ്റുവച്ച് പണംവാരിയതാണെന്ന് ചിലർ ആക്ഷേപിക്കുന്നു.
എന്നാൽ, പോളിമാർക്കറ്റിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി.
ചില വിവരങ്ങൾ യുഎസ് മാധ്യമങ്ങൾ അറിയുംമുൻപേ ഇത്തരം പോർട്ടലുകളോ സാമൂഹിക മാധ്യമങ്ങളോ അറിയാറുണ്ടെന്നും അതുപ്രയോജനപ്പെടുത്തിയാണ് ബെറ്റിങ്ങെന്നും അവർ വാദിക്കുന്നു. സാധാരണ സ്പോർട്സ്, വിനോദം, തിരഞ്ഞെടുപ്പ് രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലാണ് വാതുവയ്പ്പുകൾ പോളിമാർക്കറ്റിലും നടക്കാറുള്ളത്.
സൈനിക നീക്കങ്ങളെക്കുറിച്ച് അത്യപൂർവം.
അടുത്തത് ട്രംപിന്റെ താരിഫ്?
യുഎസ് സുപ്രീം കോടതി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും റദ്ദാക്കുമെന്ന പ്രവചനവും പോളിമാർക്കറ്റിൽ ഉയർന്നിട്ടുണ്ട്. തീരുവകൾ റദ്ദാക്കപ്പെടുമെന്ന ‘കോൺട്രാക്റ്റുകൾ’ക്കാണ് ബ്ലോക്ക്ചെയിൻ അധിഷ്ഠിതമായ ഈ ‘പ്രവചന’ പ്ലാറ്റ്ഫോമിൽ പ്രാമുഖ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
73% പേരും ട്രംപിന്റെ തീരുവ സുപ്രീം കോടതി അസാധുവാക്കുമെന്ന് പ്രവചിക്കുന്നു.
വിവരം മുൻകൂട്ടി അറിയാവുന്ന ചിലരും ഇത്തരം വാതുവയ്പ്പു പ്ലാറ്റ്ഫോമുകളിൽ കയറിക്കൂടാറുണ്ടെന്ന ആക്ഷേപം ഉള്ളതിനാൽ ‘ഇൻസൈഡർ ട്രേഡിങ്’ ട്രംപിന്റെ താരിഫ് വിഷയത്തിലും ചിലർ പ്രതീക്ഷിക്കുന്നുണ്ട്.
ചില സുപ്രധാന തീരുമാനങ്ങൾ നേരത്തേ അറിയുന്നവർ നടത്തുന്ന ലാഭം ഉന്നമിട്ടുള്ള നീക്കത്തെയാണ് ഇൻസൈഡർ ട്രേഡിങ് എന്നുവിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഒരു കമ്പനി വലിയൊരു നിക്ഷേപപദ്ധതി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുവെന്ന് കരുതുക.
ഇത് നേരത്തേ അറിയാവുന്നവർ ആ കമ്പനിയുടെ ഓഹരികൾ മുൻകൂട്ടി വാങ്ങിവയ്ക്കും.
പ്രഖ്യാപനം വന്നുകഴിയുമ്പോൾ ചിലപ്പോൾ ഓഹരിവില കുതിച്ചുയരും. അങ്ങനെ ഇവർക്ക് ലാഭവും കിട്ടും.
ഇത്തരം പ്രവൃത്തികളെയാണ് ഇൻസൈഡർ ട്രേഡിങ് എന്ന് വിശേഷിപ്പിക്കുന്നത്.
സുപ്രീം കോടതിയുടെ തീരുമാനവും മുൻകൂട്ടി അറിഞ്ഞവരാണോ ട്രംപിന്റെ താരിഫും തെറിക്കുമെന്ന് ബെറ്റുവച്ചിരിക്കുന്നത്? താരിഫുകൾ മിക്കതും റദ്ദാക്കിയാൽ ഇന്ത്യയ്ക്കും അതു വലിയ ആശ്വാസമാകും. അതേസമയം, താരിഫുകൾ അസാധുവാക്കിയാൽ യുഎസിന് അതു ‘സാമ്പത്തിക ദുരന്ത’മായിരിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

