പാക്കിസ്ഥാനിലെ ഏറ്റവും കലുഷിതമായ മേഖലയിൽ 1.25 ബില്യൻ ഡോളറിന്റെ (ഏകദേശം 11,500 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ച് യുഎസ്. ബലൂച് വിമതരുടെ ശക്തികേന്ദ്രം എന്നതിനു പുറമേ, ഈ മേഖല അമേരിക്കയുമായി ഇടഞ്ഞുനിൽക്കുന്ന ഇറാനും അഫ്ഗാനിസ്ഥാനും തൊട്ടടുത്താണെന്ന പ്രത്യേകതയുമുണ്ട്.
എന്നിട്ടും വമ്പൻ റിസ്ക് എടുത്ത് നിക്ഷേപം പ്രഖ്യാപിച്ചത് യുഎസ് എക്സിം ബാങ്കാണ്.
പാക്കിസ്ഥാനിൽ ഇപ്പോഴത്തെ ഏറ്റവും കരുത്തനായ വ്യക്തിയും സംയുക്ത സൈനിക മേധാവിയുമായ അസിം മുനീർ, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവർ രണ്ടുമാസം മുൻപ് വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയിരുന്നു. ബലൂചിസ്ഥാനിലെ അപൂർവ ലോഹങ്ങളുടെ (റെയർ എർത്ത് എലമെന്റ്സ്) കച്ചവടം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഈ ചർച്ചകളുടെ ഭാഗമായാണ് യുഎസ് ബലൂചിസ്ഥാനിലേക്ക് നിക്ഷേപമൊഴുക്കുന്നത്.
ബലൂചിസ്ഥാനിലെ റെക്കോ ഡിക്ക് ഖനിയിൽ സ്വർണം, ചെമ്പ് എന്നിവയുടെ ഖനനം ഉന്നമിട്ടാണ് യുഎസ് എത്തുന്നത്. ഈ ഖനിയാകട്ടെ ഏറെക്കാലമായി നിർജീവമാണെന്ന വെല്ലുവിളിയുമുണ്ട്.
എന്നാൽ, ഖനന പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ചാൽ രാജ്യത്തിന് അത് സാമ്പത്തികമായി വൻ കുതിച്ചുചാട്ടമായിരിക്കുമെന്ന പ്രതീക്ഷയാണ് പാക്കിസ്ഥാനുള്ളത്. അസിം മുനീറാണ് ഇത്തരം പദ്ധതികളെ വീണ്ടും സജീവമാക്കാൻ മുൻകൈ എടുക്കുന്നതും.
യുഎസ് എക്സിം ബാങ്കിന്റെ നിക്ഷേപം ഫലത്തിൽ റെക്കോ ഡിക്കിലെ ഖനനത്തിനായി 2 ബില്യൻ ഡോളറിന്റെ (ഏകദേശം 18,100 കോടി രൂപ) ഖനനോപകരണങ്ങളും സേവനങ്ങളും എത്താൻ വഴിയൊരുക്കുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
യുഎസിൽ അത് 6,000ഓളവും ബലൂചിസ്ഥാനിൽ 7,500ഓളവും തൊഴിലുകൾ സൃഷ്ടിക്കാനും സഹായിക്കും.
അതേസമയം, റെക്കോ ഡിക് യുഎസിന് തുറന്നുകൊടുക്കാനുള്ള നീക്കത്തിനെതിരെ ബൂലൂചിസ്ഥാൻ നാഷനൽ മൂവ്മെന്റ് രംഗത്തുവന്നിട്ടുണ്ട്. ഈ തീരുമാനം പാക്കിസ്ഥാന് ദോഷം ചെയ്യുമെന്നും റെക്കോ ഡിക്ക് ബലൂച് ജനതയ്ക്ക് അവകാശപ്പെട്ടതാണെന്നും മൂവ്മെന്റ് ചെയർമാൻ നസീം ബലൂച് പറഞ്ഞിരുന്നു.
ബലൂലിസ്ഥാനും മേഖലയിലെ പ്രകൃതിസമ്പത്തിനുംമേൽ പാക്കിസ്ഥാന് ഒരവകാശവുമില്ല. ബലൂചിസ്ഥാന്റെ സമ്പത്ത് ഉപയോഗിച്ച് പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് അസിം മുനീറും പാക്ക് സർക്കാരും നടത്തുന്നതെന്നും മൂവ്മെന്റ് ആരോപിക്കുന്നു.
ബലൂചിസ്ഥാനിലെ ഛഗായ് ജില്ലയിലാണ് റെക്കോ ഡിക്ക്.
അഫ്ഗാനും ഇറാനും മധ്യത്തിലായാണ് ഈ ജില്ല. റെക്കോ ഡിക്കിൽ ഏകദേശം 26 മില്യൻ ഔൺസ് സ്വർണവും 15 മില്യൻ ടൺ ചെമ്പുമുണ്ടെന്നാണ് കരുതുന്നത്.
നിലവിൽ ഇവിടെ കനേഡിയൻ കമ്പനി ബാറിക് ഖനന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ചാവേർ ആക്രമണം ഉൾപ്പെടെ വെല്ലുവിളികളുണ്ടായിരുന്നതിനാൽ വർഷങ്ങളെടുത്താണ് അവർക്ക് ഖനന പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കാൻ പോലും കഴിഞ്ഞത്.
അടുത്ത 3-4 പതിറ്റാണ്ടിനകം റെക്കോ ഡിക്കിൽ 70 ബില്യൻ ഡോളറിന്റെ (6.3 ലക്ഷം കോടി രൂപ) നേട്ടമുണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഇത് ഉന്നമിട്ടാണ് വെല്ലുവിളികൾക്കിടയിലും ഖനനവുമായി മുന്നോട്ട് പോകുന്നതും.
നിലവിൽ റെക്കോ ഡിക്കിൽ 50 ശതമാനം ഓഹരി പങ്കാളിത്തമാണ് ബാറിക്കിനുള്ളത്.
25% വീതം പങ്കാളിത്തം പാക്കിസ്ഥാന്റെ ഫെഡറൽ സർക്കാരും ബലൂച് സർക്കാരും വഹിക്കുന്നു. സൗദി അറേബ്യയിലെ മനാറ മിനറൽസും പദ്ധതിയിൽ കണ്ണുവയ്ക്കുന്നുണ്ട്.
10-20% ഓഹരികൾ സ്വന്തമാക്കാനാണ് ശ്രമം.
പദ്ധതി സജീവമായാൽ മികച്ച നേട്ടംതന്നെ പ്രതീക്ഷാമെന്ന വിലയിരുത്തൽ രാജ്യാന്തര ബാങ്കുകൾക്കുമുണ്ട്. ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷനും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കും (എഡിബി) പദ്ധതിക്കായി 2.6 ബില്യൻ ഡോളർ വായ്പ (23,500 കോടി രൂപ) വായ്പ നൽകാനും സജ്ജമായിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

