ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ. സൊമാറ്റോയും സ്വിഗ്ഗിയും. ഓൺലൈൻ ഭക്ഷണ വിതരണരംഗത്തെ പ്രമുഖർ. പരസ്പരം മത്സരം ശക്തമെങ്കിലും അതിനപ്പുറം സൗഹൃദവുമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ സൊമാറ്റോയുടെ ട്വീറ്റ്. പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി സ്വിഗ്ഗി ഇന്നാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. സ്വിഗ്ഗിയുടെ ലിസ്റ്റിങ് വിഷയമാക്കി സൊമാറ്റോ എക്സിൽ കുറിച്ച വാക്കുകളും ചിത്രങ്ങളും നിമിഷങ്ങൾക്കകം തന്നെ വൈറലായി.
Congratulations @swiggy!
Couldn’t have asked for a better company to serve India with. https://t.co/ZgU5tIt1pW
— Deepinder Goyal (@deepigoyal) November 13, 2024
‘നീയും ഞാനും ഈ മനോഹര ലോകത്ത്…’ എന്ന വാക്കുകളാണ് സ്വിഗ്ഗിയെ ടാഗ് ചെയ്ത സൊമാറ്റോ എക്സിൽ കുറിച്ചത്. സ്വിഗ്ഗിയുടെ ടീഷർട്ട് ധരിച്ച ഡെലിവറി ബോയ്, സൊമാറ്റോയുടെ ടീഷർട്ട് ധരിച്ച ഡെലിവറി ബോയ്ക്കൊപ്പം സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നിലെ സ്ക്രീനിൽ ‘സ്വിഗ്ഗി ലിസ്റ്റ് ചെയ്തു’ എന്നു തെളിഞ്ഞത് നോക്കിനിൽക്കുന്ന, വരകളിൽ ചാലിച്ച ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.
2021 ജൂലൈ 23നും സമാനമായ ചിത്രം എക്സിൽ സൊമാറ്റോ പോസ്റ്റ് ചെയ്തിരുന്നു. ‘സൊമാറ്റോ ലിസ്റ്റ് ചെയ്തു’ എന്ന വാക്യം സ്ക്രീനിൽ തെളിഞ്ഞത് നോക്കിനിൽക്കുന്ന സൊമാറ്റോ ഡെലിവറി ബോയിയുടെ ചിത്രമായിരുന്നു അത്. ഒപ്പം, ‘ഫ്രം വൺ ഡേ ടു ഡേ വൺ’ എന്ന ക്യാപ്ഷനുമുണ്ടായിരുന്നു. ഇതേ ചിത്രത്തിലാണ് ഇപ്പോൾ സ്വിഗ്ഗിയുടെ ഡെലിവറി ബോയിയെയും ചേർത്തിരിക്കുന്നത്. സ്വിഗ്ഗിയെ അഭിനന്ദിച്ച് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലും എക്സിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. സൊമാറ്റോയുടെ ട്വീറ്റിന് ‘ഇറ്റ്സ് ഗിവിങ് ജയ് ആൻഡ് വീരു’ എന്ന് സ്വിഗ്ഗി നൽകിയ മറുപടിയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
അമിതാഭ് ബച്ചനും ധർമേന്ദ്രയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സൂപ്പർഹിറ്റ് ഹിന്ദി സിനിമ ഷോലെയിൽ, ഇരുവരുടെയും കഥാപാത്രങ്ങളുടെ സൗഹൃദത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സൊമാറ്റോയുടെ ട്വീറ്റും സ്വിഗ്ഗിയുടെ മറുപടിയും.
സൊമാറ്റോ എന്ന പേര് എങ്ങനെ വന്നുവെന്നതിന്റെ കഥയും കഴിഞ്ഞദിവസം ദീപീന്ദർ ഗോയൽ വ്യക്തമാക്കിയിരുന്നു. ആദ്യം ടൊമാറ്റോ.കോം എന്ന പേരാണ് കമ്പനിക്ക് ഉദ്ദേശിച്ചത്. എന്നാൽ, ആ ഡൊമെയ്നിന് അനുമതി കിട്ടിയില്ല. തുടർന്ന്, പേരിൽ അൽപം മാറ്റംവരുത്തി സൊമാറ്റോ എന്നാക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
തുടക്കം മികച്ചതാക്കി സ്വിഗ്ഗി
ഇന്ത്യൻ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഇന്നും ഒരു ശതമാനത്തിലധികം കൂപ്പുകുത്തിയെങ്കിലും സ്വിഗ്ഗി ഇന്നത്തെ ദിനം ആഘോഷമാക്കി മാറ്റി. കഴിഞ്ഞവാരം നടന്ന ഐപിഒയിൽ ഇഷ്യൂവില 390 രൂപയായിരുന്നു.
ഗ്രേ മാർക്കറ്റിൽ വില ഇതിൽ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരുന്നുമില്ല. എന്നാൽ, എൻഎസ്ഇയിൽ ഇന്ന് 420 രൂപയിൽ ലിസ്റ്റ് ചെയ്യാൻ സ്വിഗ്ഗി ഓഹരികൾക്ക് സാധിച്ചു. ഒരുവേള ഓഹരിവില ഇന്ന് 465.80 രൂപവരെയും ഉയർന്നു. വ്യാപാരാന്ത്യത്തിൽ ഓഹരിവിലയുള്ളത് 10.48% നേട്ടവുമായി 464 രൂപയിൽ. വിപണിമൂല്യം ഒരുലക്ഷം കോടി രൂപ ഭേദിച്ചതും സ്വിഗ്ഗിക്ക് ഇരട്ടിമധുരമായി. 1.03 ലക്ഷം കോടി രൂപയാണ് വ്യാപാരം പൂർത്തിയായപ്പോൾ മൂല്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]