![](https://newskerala.net/wp-content/uploads/2024/11/1731476731_inflation-1024x533.jpg)
ന്യൂഡൽഹി∙ ഒക്ടോബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 14 മാസത്തെ ഉയർന്ന നിരക്കായ 6.2 ശതമാനത്തിലെത്തി. സെപ്റ്റംബറിൽ ഇത് 5.49 ശതമാനമായിരുന്നു. 2023 ഒക്ടോബറിൽ 4.87 ശതമാനവും. പച്ചക്കറിയടക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുതിപ്പാണ് നിരക്കിൽ പ്രതിഫലിച്ചത്.
വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവ് പ്രതീക്ഷിക്കാനാവൂ എന്നാണ് ആർബിഐ വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബറിലെ കണക്ക് ആർബിഐയുടെ സഹനപരിധിയായ 6 ശതമാനവും കടന്നുപോയി. 2023 സെപ്റ്റംബർ മുതൽ 6 ശതമാനത്തിനു താഴെയായിരുന്നു.
ഡിസംബറിലെ പണനയസമിതി യോഗത്തിലും പലിശനിരക്ക് കുറച്ചേക്കില്ലെന്ന സൂചന ആർബിഐ ഗവർണർ ശക്തികാന്തി ദാസ് കഴിഞ്ഞ ആഴ്ച നൽകിയിരുന്നു.
ഒക്ടോബറിലെ യോഗത്തിൽ എംപിസി നയം ഉദാരമാക്കിയിരുന്നു. ഇത് വൈകാതെ പലിശകുറയ്ക്കുമെന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെട്ടത്. നയം ഉദാരമാക്കിയാൽ, അടുത്ത എംപിസി യോഗത്തിൽ പലിശകുറയ്ക്കുമെന്നല്ല അർഥമെന്നാണ് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞത്. അങ്ങനെയെങ്കിൽ ഫെബ്രുവരിയിൽ മാത്രം പലിശയിൽ ഇളവു പ്രതീക്ഷിച്ചാൽ മതി.
കേരളത്തിലും കൂടി; വിലക്കയറ്റം 6.47%
കേരളത്തിലെ വിലക്കയറ്റത്തോത്സെപ്റ്റംബറിൽ 5.52 ശതമാനമായിരുന്നത് 6.47 ശതമാനമായി കൂടി. നഗരമേഖലകളിലെ വിലക്കയറ്റം 5.37%, ഗ്രാമങ്ങളിലേത് 6.98%.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]