കൊച്ചി ∙ നഗരവൽക്കരണമുൾപ്പെടെ വികസനവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും കേന്ദ്ര സർക്കാരുമായി സഹകരിക്കാൻ സംസ്ഥാനം തയാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നഗര വളർച്ച നിരക്ക് ദേശീയ ശരാശരിയെക്കാൾ മുകളിലുള്ള സംസ്ഥാനം നഗരവൽക്കരണത്തെ ഏറെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ ‘കേരള അർബൻ കോൺക്ലേവ് 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2035 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനവും നഗര ജനസംഖ്യയായി മാറും.
ഇതിന്റെ ഭാഗമായി ഉയർന്നുവരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാനും അവസരങ്ങളെ പ്രയോജനപ്പെടുത്തണം. അതുകൂടി ലക്ഷ്യമിട്ടാണു ‘നവകേരള’മെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചത്.
കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര മന്ത്രി മനോഹർലാൽ ഖട്ടർ, ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയിലെ അടിസ്ഥാന സൗകര്യ വികസന എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മാർട്ടിൻ മേയർ, ഹിമാചൽ പ്രദേശ് മരാമത്ത്– നഗരവികസന വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.
രാജീവ്, കേരള നഗരനയ കമ്മിഷൻ ചെയർമാൻ പ്രഫ. എം.
സതീഷ് കുമാർ, സഹ അധ്യക്ഷനും കൊച്ചി മേയറുമായ എം. അനിൽകുമാർ, എംഎൽഎമാരായ ടി.ജെ.
വിനോദ്, കെ.ജെ. മാക്സി, കെ.
ബാബു, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ജിസിഡിഎ ചെയർമാൻ കെ.
ചന്ദ്രൻപിള്ള, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവർ പ്രസംഗിച്ചു.
കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള നഗര വികസനമാണു കേരളത്തിന് ആവശ്യമെന്നു കോൺക്ലേവിലെ വിവിധ സെഷനുകളിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
മന്ത്രിമാരും മേയർമാരും കൗൺസിലർമാരും വിദേശ പ്രതിനിധികളും ഉൾപ്പെട്ട
ഹൈലെവൽ പൊളിറ്റിക്കൽ ഫോറവും നയരൂപീകരണ ചർച്ചയും നടന്നു. കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ നടക്കുന്ന കോൺക്ലേവ് ഇന്നു സമാപിക്കും.
റാപ്പിഡ് റെയിൽ: ഡിപിആർ സമർപ്പിച്ചാൽ അനുമതി നൽകുമെന്നു കേന്ദ്രമന്ത്രി
കൊച്ചി ∙ അതിവേഗ റെയിൽ ഗതാഗത സംവിധാനമായ റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കേരളം ഡിപിആർ സമർപ്പിച്ചാൽ അംഗീകാരം നൽകുമെന്നു കേന്ദ്ര മന്ത്രി മനോഹർലാൽ ഖട്ടർ.
റാപ്പിഡ് ട്രെയിൻ പദ്ധതിയുടെ കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വന്നാൽ സഹകരിക്കുമെന്നു മന്ത്രി പറഞ്ഞു. കേരള അർബൻ കോൺക്ലേവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ രാജ്യത്തു 3 കോടി വീടുകളാണു നിർമിക്കുന്നത്.
മറ്റു പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. കേരളം ഇതുവരെ ഒപ്പുവച്ചിട്ടില്ല.
എത്രയും പെട്ടെന്നു ധാരണാപത്രത്തിൽ ഒപ്പുവച്ചു പദ്ധതി കേരളം പ്രയോജനപ്പെടുത്തണം.
കൊച്ചി മെട്രോയും സ്മാർട് സിറ്റിയുമുൾപ്പെടെയുള്ള പദ്ധതികളെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹകരിച്ചു നടപ്പാക്കിയതാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ നഗരമായി മാറാൻ സാധ്യതയുള്ള സംസ്ഥാനമാണു കേരളം.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള റോഡിന്റെ ഇരുവശവും നഗരമായി വികസിപ്പിക്കാൻ കഴിയും. സമീപ ഭാവിയിൽതന്നെ കേരളത്തിന്റെ 95% ഭാഗങ്ങളും നഗരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]