കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ ഇറക്കം. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 10,190 രൂപയും പവന് 80 രൂപ താഴ്ന്ന് 81,520 രൂപയുമായി.
ഇന്നലെ കുറിച്ച ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമാണ് റെക്കോർഡ്. അതേസമയം, റെക്കോർഡുകൾ പഴങ്കഥയാക്കി മുന്നേറുകയാണ് വെള്ളി.
ഇന്നു ഗ്രാമിന് ഒരു രൂപ വർധിച്ച് വെള്ളിവില 140 രൂപയെന്ന നാഴികക്കല്ല് തൊട്ടു.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ശരാശരി 90 രൂപയായിരുന്ന വിലയാണ്, ഒറ്റവർഷംകൊണ്ട് 50 രൂപയോളം കുതിച്ചുകയറിയത്. വെള്ളിവില വർധിക്കുന്നത് പാദസരം, അരഞ്ഞാണം, വള തുടങ്ങി വെള്ളികൊണ്ടുള്ള ആഭരണങ്ങൾ, വെള്ളിപ്പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവർക്കും തിരിച്ചടിയാണ്.
വാഹനം, സോളർ തുടങ്ങിയ വ്യാവസായിക രംഗത്തുനിന്ന് ഡിമാൻഡ് കൂടിയതും സിൽവർ ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾക്ക് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുന്നതുമാണ് വെള്ളിക്കും വിലത്തിളക്കം സമ്മാനിക്കുന്നത്.
രാജ്യാന്തര സ്വർണവില താഴ്ന്നത് കേരളത്തിലും ഇന്നു വില കുറയാൻ ഇടയാക്കി. ഔൺസിന് 3,656 ഡോളറിൽ നിന്ന് രാജ്യാന്തരവില 3,643 ഡോളറിലേക്ക് കുറഞ്ഞു.
ചൊവ്വാഴ്ച കുറിച്ച 3,673.95 ഡോളറാണ് റെക്കോർഡ്.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈമാസം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ശക്തമാണെന്നിരിക്കേ, സ്വർണവില നേട്ടത്തിലേക്ക് തിരിച്ചുകയറുമെന്ന് നിരീക്ഷകർ പറയുന്നു.
∙ യുഎസിൽ തൊഴിലില്ലായ്മനിരക്ക് കൂടുന്നതാണ് പലിശയിറക്കത്തിന് വഴിതെളിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് തളർച്ചയുടെ ട്രാക്കിലാണെന്നത് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുന്നുണ്ട്.
∙ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾക്ക് പ്രിയമേറുന്നതും വില വർധിക്കാനുള്ള വഴിയൊരുക്കുന്നു.
18 കാരറ്റിന്റെ വില
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്നു ഗ്രാമിന് ചില ജ്വല്ലറികളിൽ 5 രൂപ കുറഞ്ഞ് 8,440 രൂപയായി.
മറ്റൊരുവിഭാഗം വ്യാപാരികൾ നൽകിയ വില ഗ്രാമിന് 5 രൂപതന്നെ കുറച്ച് 8,370 രൂപയാണ്. ഇവരുടെ ജ്വല്ലറികളിൽ വെള്ളിവില ഗ്രാമിന് 135 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]