
കൊച്ചി∙ തൃശൂർ മുതൽ തെക്കോട്ടുള്ള ഇന്ത്യൻ കോഫി ഹൗസുകളിൽ അടിയന്തരമായി അഞ്ഞൂറോളം ജീവനക്കാരെ വേണം. പക്ഷേ 3 വർഷമായി ശ്രമിച്ചിട്ടും നിയമനത്തിന് വ്യവസായ വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നില്ല.
‘വ്യവസായ സൗഹൃദം’ പറയുന്ന വകുപ്പിന് ഒരു കാപ്പിയിലെ സൗഹൃദം പോലും ഇക്കാര്യത്തിലില്ല.
വ്യവസായവകുപ്പിന്റെ കീഴിലുള്ള സഹകരണ സംഘം ആയതിനാൽ ഡയറക്ടറാണ് റജിസ്ട്രാർ. രൂക്ഷമായ ആൾക്ഷാമം മൂലം കഴിഞ്ഞ വർഷങ്ങളിൽ 14 കോഫി ഹൗസ് ബ്രാഞ്ചുകൾ പൂട്ടേണ്ടി വന്നതോടെ വരുമാനം ഇടിയുകയും വർഷം ശരാശരി 2.5 കോടി നഷ്ടം നേരിടുകയും ചെയ്യുന്നുണ്ട്.
നിയമസഭാ സമ്മേളനം നടക്കുമ്പോൾ എംഎൽഎമാർക്കും മറ്റും വേണ്ടി കുറഞ്ഞ നിരക്കിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസ് ഇനി തുടരാൻ നിർവാഹമില്ലെന്ന് സഭാ സെക്രട്ടറിക്കു കത്തു നൽകേണ്ടിവന്നു.
സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫിസുകളിലേക്കും മന്ത്രിസഭാ യോഗത്തിലേക്കും കുറഞ്ഞ നിരക്കിൽ കാപ്പിയും വിഭവങ്ങളും കൊടുക്കുന്ന ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സൊസൈറ്റിക്കാണ് ഈ ഗതികേട്. 2017ൽ കാരണമില്ലാതെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയെങ്കിലും ഹൈക്കോടതി അതു റദ്ദാക്കി ഭരണം തിരികെ സൊസൈറ്റിക്കു നൽകി.
സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികൾ അംഗങ്ങളായ ഇത് തൃശൂർ ആസ്ഥാനമായ സ്വതന്ത്ര സൊസൈറ്റിയാണ്.
തൃശൂരിനു വടക്കോട്ട് കോഫി ഹൗസുകൾ നടത്തുന്നത് കണ്ണൂർ ആസ്ഥാനമായ സിഐടിയു സൊസൈറ്റിയാണ്. അവിടെ ഒഴിവു നികത്താൻ തടസ്സമില്ല.
നേരത്തേ 59 ബ്രാഞ്ചുകളും 2300 ജീവനക്കാരുമുണ്ടായിരുന്നിടത്ത് നിലവിൽ 45 ബ്രാഞ്ചുകളും 1450 ജീവനക്കാരും മാത്രം. വർഷം 8000 കിലോഗ്രാം കാപ്പിക്കുരുവിന് മുൻപ് 17 ലക്ഷം വേണമായിരുന്നത് ഇപ്പോൾ 49 ലക്ഷമായി.
ദിവസം 35 ലക്ഷം കലക്ഷനുണ്ടായിരുന്ന സ്ഥാനത്ത് ബ്രാഞ്ചുകൾ പൂട്ടിയപ്പോൾ 29 ലക്ഷമായി.
വാർഷിക വിറ്റുവരവ് 120 കോടിയിൽ താഴെയായി. വിറ്റുവരവ് 140 കോടിയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ.
കോഫി ഹൗസുകൾ പലതും മനഃപൂർവം പൂട്ടിക്കുന്ന സ്ഥിതിയുമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]