
കൊച്ചി ∙ അമിതമായി ജോലി ചെയ്യരുതെന്ന് ഇൻഫോസിസിൽ ജീവനക്കാർക്ക് മുന്നറിയിപ്പ്. ആരോഗ്യവും ജോലി–ജീവിത സംതുലനവും വേണം.
ഓരോ മാസവും ആകെ ജോലി ചെയ്ത മണിക്കൂറുകൾ സാധാരണ ജോലി സമയത്തെക്കാൾ വളരെ കൂടുതലാണെങ്കിലാണ് ഇത്തരം ഇമെയിൽ ലഭിക്കുന്നത്.
ഇൻഫോസിസിൽ സാധാരണ ജോലി സമയം ലഞ്ച് ബ്രേക്ക് ഉൾപ്പെടെ 9 മണിക്കൂർ 15 മിനിറ്റാണ്. ആഴ്ചയിൽ 5 ദിവസം മാത്രം പ്രവൃത്തി.
മാസത്തിൽ 10 ദിവസം മാത്രം ഓഫിസിൽ ജോലിക്കു വന്നാൽ മതി. ബാക്കി വീട്ടിലിരുന്നോ മറ്റോ (റിമോട്ട് വർക്ക്) ജോലി ചെയ്യാം.
ദിവസം ഒൻപതേകാൽ മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താലുടൻ ഇമെയിൽ ലഭിക്കുമെന്ന രീതിയിൽ വാർത്ത വന്നതു ശരിയല്ലെന്ന് ഇൻഫോസിസ് അറിയിച്ചു. മാസ ശരാശരിയാണു നോക്കുന്നത്.
അമിത ജോലി ഭാരം ഉണ്ടെങ്കിൽ മാനേജരുമായി ചർച്ച ചെയ്തു കുറയ്ക്കാവുന്നതാണ്. രാത്രി 9 മണിക്കപ്പുറം ഓഫിസിൽ ചെലവഴിക്കണമെങ്കിലും പ്രത്യേക അനുവാദം വാങ്ങണം.
ടെക്കികൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസിന്റെ സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തി പറഞ്ഞതു വിവാദമായിരുന്നു.
അതിനു ശേഷം എൽആൻഡ്ടി കമ്പനി ചെയർമാൻ എസ്.എൻ, സുബ്രഹ്മണ്യം ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നു പറഞ്ഞതും ചർച്ചയായി. സ്ഥാപകനാണെങ്കിലും നാരായണമൂർത്തിക്ക് ഇപ്പോൾ ഇൻഫോസിസിൽ ഔദ്യോഗിക ചുമതലകൾ ഇല്ലെന്നും അദ്ദേഹം പറയുന്നതിന് കമ്പനി നയവുമായി ബന്ധമില്ലെന്നും വക്താവ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]