
ആർബിഐ പലിശനിരക്കുകൾ കുറച്ചതോടെ സ്ഥിരനിക്ഷേപങ്ങളെ ആശ്രയിക്കുന്നവരുടെ വരുമാനം ഇനിയും ഗണ്യമായി കുറയും. ഈ സാഹചര്യത്തിൽ, മ്യൂച്വൽ ഫണ്ടുകളിൽ അനുയോജ്യമായ പദ്ധതികൾ കണ്ടെത്താനും നിക്ഷേപിക്കാനും നേട്ടങ്ങൾ കൊയ്യാനും നിക്ഷേപകർ തയാറാകണം.
പറയുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനിയായ എസ്ബിഐ മ്യൂച്വൽഫണ്ടിന്റെ എംഡിയും സിഇഒയുമായ നന്ദ് കിഷോർ. കൂടുതൽ ആളുകളെ സമ്പത്തു സൃഷ്ടിക്കുന്നതിലേക്ക് (വെൽത്ത് ക്രിയേഷൻ) കൊണ്ടുവരിക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്നും ഒരു മലയാളി എന്ന നിലയിൽ, കേരളത്തിൽനിന്നു കൂടുതൽ പേർ മ്യൂച്വൽ ഫണ്ടിലേക്ക് എത്തുന്നതു കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ എത്തിക്കുന്നതിന് എസ്ബിഐ നടത്തുന്ന ശ്രമങ്ങളെ ക്കുറിച്ചും മ്യൂച്വൽ ഫണ്ടുകളിലെ അവസരങ്ങളെയും സാധ്യതകളെയുംകുറിച്ചും അദ്ദേഹം മനോരമ സമ്പാദ്യത്തോടു സംസാരിക്കുന്നു.
മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിക്കുക
ആറു മാസമായി നടപ്പിലാക്കിയ നിരക്കു കുറയ്ക്കൽ കാരണം പലിശ ഗണ്യമായി കുറഞ്ഞു. അതിനാൽ, മ്യൂച്വൽ ഫണ്ടുകളിലേക്കു കൂടുതൽ നിക്ഷേപങ്ങൾ എത്തുമെന്നു പ്രതീക്ഷിക്കാം.
പലിശ കുറയുന്നതു നിക്ഷേപകരെ ആശങ്കപ്പെടുത്തും.
ഈ സാഹചര്യത്തിൽ, അവർ ഇതര നിക്ഷേപ ഓപ്ഷനുകൾ നോക്കണം. ഇന്ത്യയിലെ ഒരു വലിയ വിഭാഗം നിക്ഷേപകരും പണത്തിന്റെ സുരക്ഷയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്.
അതേ സമയം, ബാങ്കു നിക്ഷേപങ്ങളെക്കാൾ അൽപം കൂടുതൽ വരുമാനം അവർ ആഗ്രഹിക്കുന്നുമുണ്ട്. വ്യത്യസ്തതരം നിക്ഷേപകർക്കായി പ്രത്യേകം തയാറാക്കിയ സ്കീമുകള് മ്യൂച്വൽ ഫണ്ടിലുണ്ട്.അതിൽനിന്ന് അനുയോജ്യമായതു കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണ് നിക്ഷേപകൻ ചെയ്യേണ്ടത്.
ഓഹരി വിപണി ഇപ്പോൾ വളരെ അസ്ഥിരമാണ്, കോവിഡിനുശേഷം എത്തിയ നിക്ഷേപകർ ആദ്യമായാണ് ഇത്തരം സാഹചര്യം നേരിടുന്നത്. അവരോട് എന്താണു പറയാനുള്ളത്?
മൂലധന വിപണികളിൽ എപ്പോഴും അസ്ഥിരതയുണ്ട്.
ഉയർച്ച–താഴ്ചകൾ അതിന്റെ ഭാഗമാണ്. സമീപകാല തിരുത്തല് കാരണം, കഴിഞ്ഞ ഒരു വർഷമായി നിക്ഷേപിച്ചവർക്കു കാര്യമായ നേട്ടം ലഭിച്ചിട്ടില്ല.
മറുവശത്ത്, കഴിഞ്ഞ മൂന്നോ നാലോ വർഷമായി നിക്ഷേപത്തിൽ തുടരുന്നവർക്കു മാന്യമായ വരുമാനം ലഭിച്ചിട്ടുമുണ്ട്. തിരുത്തലുകൾക്കിടയിലും അവരുടെ പോർട്ട്ഫോളിയോകളിൽ വലിയ ഇടിവു സംഭവിച്ചിട്ടില്ല.
ഭൂരിഭാഗത്തിനും ഇപ്പോഴും ന്യായമായ നേട്ടമുണ്ട്. ഈ ഇടിവിനുശേഷവും അവരുടെ വരുമാനം സ്ഥിരനിക്ഷേപങ്ങളെക്കാൾ വളരെ കൂടുതലാണ്.
ദീർഘകാലത്തേക്കു നിക്ഷേപം തുടർന്നവർക്ക് ഇടിവിനു ശേഷവും വളരെ നല്ല അനുഭവംതന്നെയാണ് വിപണി നൽകുന്നത്. മ്യൂച്വൽ ഫണ്ട്സ് സഹി ഹേ എന്ന ടാഗ് ലൈൻ ‘ശരിയാണ്’ എന്ന് അവർ സ്വന്തം അനുഭവത്തിൽനിന്നു മനസ്സിലാക്കുന്നു.
നല്ല ഫണ്ടുകളിൽ ഭൂരിഭാഗവും നല്ല വരുമാനം നൽകിയിട്ടുണ്ട്.
ചിലതിന് മറ്റുള്ളവയെക്കാൾ ഉയർന്ന വരുമാനം ലഭിച്ചേക്കാം. ചിലതിൽ വരുമാനം കുറച്ചു കുറവായിരിക്കാം.
എന്നാലും 3മുതൽ 5വർഷം വരെയുള്ള കാലയളവിൽ, ബഹുഭൂരിപക്ഷം നിക്ഷേപകർക്കും തീർച്ചയായും ന്യായമായ വരുമാനം ലഭിച്ചിട്ടുണ്ട്. മ്യൂച്വൽഫണ്ടുകളിൽനിന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലോ മൂന്നോ, ആറോ മാസങ്ങൾക്കുള്ളിലോ വലിയ വരുമാനം പ്രതീക്ഷിക്കാനാവില്ല.
ദീർഘകാലത്തേക്കു നിക്ഷേപം നിലനിർത്തുക എന്നതാണു പ്രധാനം.
തയാറെടുക്കുക
വിപണിയെക്കുറിച്ചും സമ്പദ്വ്യവസ്ഥയെക്കുറിച്ചും കൃത്യമായ പ്രവചനങ്ങൾ നടത്താൻ ആർക്കും കഴിയില്ല. വേഗത്തിൽ അവസാനിക്കുമെന്നു പറഞ്ഞ റഷ്യ-ഉക്രെയ്ൻ യുദ്ധം രണ്ടു വർഷത്തിനു ശേഷവും തുടരുകയാണ്.
അതുപോലെ, ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷവും അപ്രതീക്ഷിതമായി സംഭവിച്ചു. ഡോണൾഡ് ട്രംപ് യുഎസിന്റെ പ്രസിഡന്റായതിനുശേഷം സംഭവിച്ചത് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? അത്തരം അപ്രതീക്ഷിത സംഭവങ്ങളുടെ ഫലമായി, സമ്പദ്വ്യവസ്ഥയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും, വിപണിയും നിക്ഷേപകരും എപ്പോഴും തയാറായിരിക്കണം.
ഇത്തരം സാഹചര്യങ്ങളിൽനിന്നു നമ്മൾ പഠിക്കേണ്ടതുണ്ട്.
അവ എങ്ങനെ മറികടക്കാം, അവയെ ചെറുക്കാൻകഴിയുന്ന ഒരു പോർട്ട്ഫോളിയോ എങ്ങനെ നിർമിക്കാം ഇവയൊക്കെ മനസ്സിലാക്കണം.
ജിയോയുടെ വരവ്
ജിയോ ബ്ലാക്ക്റോക്കിന്റെ വരവ് മ്യൂച്വൽ ഫണ്ടിൽ ഒരു ഗെയിം ചേഞ്ചർ ആകുമോ?
ടെലികോം മേഖലയിലേക്കുള്ള ജിയോയുടെ കടന്നുവരവ് ഒരു ഗെയിം ചേഞ്ചറായിരുന്നു. എന്നാൽ അന്ന
ത്തെ ടെലികോം വിപണി ഇന്നത്തെ മ്യൂച്വൽ ഫണ്ട് വിപണിപോലെ ആയിരുന്നില്ല.
വലിയ വ്യത്യാസമുണ്ട്.ടെലികോം മേഖലയിൽ വളരെ കുറച്ചു കമ്പനികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചോ ആറോ മാത്രം.
ബാലൻസ് ഷീറ്റിന്റെയും സാമ്പത്തിക കാര്യങ്ങളുടെയും കാര്യത്തിൽ അവ അത്ര മികച്ചതായിരുന്നില്ല. ടെലികോം സേവനങ്ങളുടെ വില വളരെ ഉയർന്നതുമായിരുന്നു.
അതുകൊണ്ടുതന്നെ ജിയോ പോലുള്ള ഒരു ഭീമന്റെ വരവ് വലിയ മാറ്റങ്ങൾക്കു കാരണമായി. അവര് വിപണിയില് ആധിപത്യം നേടി.
എന്നാൽ, മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ നാൽപത്തഞ്ചിലധികം എഎംസികളുണ്ട്.
അതിൽ ശക്തരായ വിദേശ കമ്പനികളുണ്ട്. മിക്ക എഎംസികൾക്കും വളരെ ശക്തമായ ബാലൻസ് ഷീറ്റുകളുണ്ട്.
എന്നിരുന്നാലും, ബ്ലാക്ക്റോക്ക് ആഗോളതലത്തിൽ പരീക്ഷിച്ചതും വിജയകരവുമായ തന്ത്രങ്ങൾ കൊണ്ടുവന്നാൽ അതു വ്യവസായത്തിനു ഗുണമാണ്. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് വിപണിയിൽ ഇപ്പോഴും വലിയ അവസരങ്ങളുണ്ട്.
അതിനാൽ, ജിയോയുടെ പ്രവേശനം ചെറിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
വലിയ സാധ്യതകൾ
ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് വിപണിയുടെ സാധ്യതകൾ വളരെ വലുതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രം ഏകദേശം 52 കോടി ഉപഭോക്താക്കളുണ്ടെങ്കിലും യുണീക്കായ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ ആകെ എണ്ണം ഏകദേശം 6 കോടി മാത്രമാണ്.
മ്യൂച്വൽ ഫണ്ടിന്റെ വിപണിസാധ്യത അതിൽനിന്നുതന്നെ വ്യക്തമാണ്. ഇവിടെ കമ്പനികൾ പരസ്പരം മത്സരിക്കുന്നതിൽ അർഥമില്ല.
ഏതൊരു കമ്പനിക്കും ഒന്നാമതോ രണ്ടാമതോ ആകാം. കൂടുതൽ നിക്ഷേപകരെ നിക്ഷേപത്തിലേക്കു കൊണ്ടുവരാനും മുഴുവൻ വ്യവസായത്തിനും വളർച്ച ഉറപ്പാക്കാനുമായി എല്ലാ കമ്പനികൾക്കും വിപണിയിൽ അവരുടേതായ സ്ഥാനമുണ്ട്.
പലിശ ഇനി കുറയാൻ സാധ്യതയില്ല
ഇതിനകം ആർബിഐ പലിശനിരക്കുകൾ ഗണ്യമായി കുറച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ സിആർആർ (കാഷ് റിസർവ് റേഷ്യോ) 100 ബേസിസ് പോയിന്റും (1%) റിപ്പോനിരക്കിൽ 50 ബേസിസ് പോയിന്റും (0.5%) കുറച്ചു. എന്നാൽ പണനയത്തെക്കുറിച്ചുള്ള നിലപാട് ആർബിഐ മാറ്റിയിട്ടുണ്ടെന്നതു ശ്രദ്ധിക്കേണ്ടതാണ്.
സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനായി മുൻ യോഗത്തിൽ, ‘അക്കൊമഡേറ്റീവ്’ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, അവസാന നയത്തിൽ, അതു ‘നിഷ്പക്ഷ’ നിലപാടിലേക്കു മാറി.
ഇതിനർഥം പലിശ കുറയ്ക്കൽ തുടരാനുള്ള സാധ്യത കുറവാണ് എന്നാണ്. ഇനി കുറയ്ക്കുന്നെങ്കില്തന്നെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഡാറ്റകളെ ആശ്രയിച്ചിരിക്കും.
അതിനാൽ, പലിശനിരക്കുകൾ തൽക്കാലത്തേക്കു സ്ഥിരമായി എന്ന് അനുമാനിക്കാം. നിരക്കു കുറയ്ക്കുന്നത് കോർപറേറ്റ്, റീട്ടെയിൽ തലങ്ങളിൽ ഉപഭോക്താക്കൾക്കു വായ്പയെടുക്കുന്നതിനുള്ള ചെലവു കുറയ്ക്കും.
നിങ്ങൾ എവിടെ നിക്ഷേപിക്കണം?
റിസ്കെടുക്കാൻ കഴിയുന്നവർക്ക് ഇക്വിറ്റിഫണ്ടുകളിൽ നിക്ഷേപിക്കാം.
റിസ്ക് ലെവലിനെ ആശ്രയിച്ച് റിട്ടേൺ വാഗ്ദാനംചെയ്യുന്ന വ്യത്യസ്തതരം ഇക്വിറ്റിഫണ്ടുകളുണ്ട്. താരതമ്യേന കുറഞ്ഞ റിസ്കിൽ ന്യായമായ റിട്ടേൺ പ്രതീക്ഷിക്കുന്നവർക്ക് ഹൈബ്രിഡ് ഫണ്ടുകൾ അനുയോജ്യമാണ്.
ചെറുപ്പക്കാർക്ക് ഉയർന്ന റിസ്കെടുത്ത് ഇക്വിറ്റി സ്കീമുകളിൽതന്നെ നിക്ഷേപിക്കാം.
നിങ്ങൾ ചെറുപ്പമാണെങ്കിൽ, പ്രായം 30ൽ താഴെയാണെങ്കിൽ, SIP ആരംഭിക്കാൻ ഇതാണ് ശരിയായ സമയം.
നിങ്ങൾ മധ്യവയസ്കനാണെങ്കിൽ, നിങ്ങളുടെ കൈവശം ന്യായമായ തുക ഉള്ളപ്പോഴെല്ലാം ഒറ്റത്തവണയായി നിക്ഷേപിക്കാം. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാനായി നിങ്ങളുടെ SIPകൾ തുടരുകയും ചെയ്യാം.
ഏവർക്കും സമ്പത്തു വളർത്താം ‘ജൻ നിവേഷി’ലൂടെ
എസ്ഐപി ചെയ്യാം; 250 രൂപയ്ക്ക് ദിവസേനയോ ആഴ്ചയിലോ നിക്ഷേപിക്കാം.
നിങ്ങൾ ഏതു വിഭാഗത്തിൽപെട്ടവരായാലും, നിങ്ങളുടെ വരുമാനം അച്ചടക്കത്തോടെ നിക്ഷേപിച്ചാൽ, നിങ്ങളുടെ ഭാവിലക്ഷ്യങ്ങൾക്കായി സമ്പത്തു കെട്ടിപ്പടുക്കാൻ കഴിയും. എസ്ബിഐ മ്യൂച്വൽ ഫണ്ട് ജൻ നിവേഷ് എസ്ഐപി ആരംഭിച്ചിരിക്കുന്നത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കു മൂലധന വിപണി നിക്ഷേപത്തിൽനിന്നു പ്രയോജനം നേടുന്നതിനുവേണ്ടിയാണ്.
ചെറിയ തുക ഉപയോഗിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) സാധ്യമാക്കുന്നതാണ് ജൻ നിവേഷ് പദ്ധതി. നിക്ഷേപകന്റെ സൗകര്യാർഥം പ്രതിമാസം മാത്രമല്ല, ദിവസേനയോ ആഴ്ചയിലോ നിക്ഷേപം നടത്താം.
അതും 250 രൂപ ഉപയോഗിച്ച്. കുറഞ്ഞ വരുമാനക്കാർക്ക് ദീർഘകാല നിക്ഷേപത്തിലൂടെ സമ്പത്തു കെട്ടിപ്പടുക്കാനുള്ള അവസരമാണ് ജൻ നിവേഷ് എസ്ഐപി.
എസ്ബിഐ മ്യൂച്വല് ഫണ്ട് വെബ്സൈറ്റിലും ആപ്പിലും എസ്ബിഐ യോനോയിലും പ്രധാന ഫിൻടെക് പ്ലാറ്റ്ഫോമുകളിലും ജൻ നിവേഷ് ലഭ്യമാണ്.
ജൂലൈ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.
Disclaimer : മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഫണ്ടിനെ കുറിച്ച് വിശദമായി മനസിലാക്കിയ ശേഷം സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]